Sorry, you need to enable JavaScript to visit this website.

തെലങ്കാനക്ക് ശേഷം ആന്ധ്ര പിടിക്കാൻ കോൺഗ്രസ്; റെഡ്ഢിയുടെ സഹോദരി പാർട്ടിയിലേക്ക്

ന്യൂദൽഹി- തെലങ്കാനക്ക് ശേഷം ആന്ധ്രപ്രദേശും പിടിക്കാൻ പദ്ധതി തയ്യാറാക്കി കോൺഗ്രസ്. വൈഎസ്ആർ തെലങ്കാന പാർട്ടിയുടെ സ്ഥാപക പ്രസിഡന്റും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും വൈ.എസ്.ആർ കോൺഗ്രസ് പാർട്ടി അധ്യക്ഷനുമായ ജഗൻ മോഹൻ റെഡ്ഡിയുടെ സഹോദരിയുമായ വൈ.എസ് ശർമിള അടുത്ത രണ്ട് ദിവസത്തിനുള്ളിൽ കോൺഗ്രസിൽ ചേരും.  വൈ.എസ്.ആർ തെലങ്കാന പാർട്ടി വ്യാഴാഴ്ച കോൺഗ്രസിൽ ലയിക്കുമെന്നും പാർട്ടി വൃത്തങ്ങൾ അറിയിച്ചു. തെലങ്കാനയിലെ ഭാരത് രാഷ്ട്ര സമിതിയുടെ ആധിപത്യം അവസാനിപ്പിച്ച് നിയമസഭാ തെരഞ്ഞെടുപ്പിൽ വൻ വിജയം സ്വന്തമാക്കിയതിന് പിന്നാലെയാണ് ആന്ധ്രപ്രദേശ് കൂടി കീഴടക്കാനുള്ള കോൺഗ്രസ് നീക്കം. 

ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം ഈ വർഷം നടക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പിന് മുന്നോടിയായി ആന്ധ്രാപ്രദേശിൽ കോൺഗ്രസ് നേതൃത്വം ശർമിളയ്ക്ക് പ്രധാനറോൾ നൽകും. കോൺഗ്രസിന്റെ ജനറൽ സെക്രട്ടറി പദവിയായിരിക്കും ശർമിളക്ക് നൽകുക. തെലുങ്കുദേശം പാർട്ടി (ടിഡിപി)യിൽനിന്നുള്ള നിരവധി പേർ കോൺഗ്രസിൽ ചേർന്നേക്കുമെന്നും റിപ്പോർട്ടുണ്ട്. 

2012ൽ ആന്ധ്രാപ്രദേശിൽ നിന്ന് തെലങ്കാന വിഭജിച്ചിട്ടില്ലാത്ത സമയത്താണ് ശർമിള ആദ്യമായി വാർത്തകളിൽ ഇടം നേടിയത്.  തെലങ്കാന സംസ്ഥാന രൂപീകരണത്തിന്റെ പശ്ചാത്തലത്തിൽ ഇവരുടെ സഹോദരൻ ജഗൻ മോഹൻ റെഡ്ഡി കോൺഗ്രസുമായി വേർപിരിഞ്ഞ് വൈ.എസ്.സി.ആർപി രൂപീകരിച്ചു. അദ്ദേഹത്തോടൊപ്പം 18 എം.എൽ.എമാരും ഒരു കോൺഗ്രസ് എംപിയും രാജിവച്ചു. ഇത് നിരവധി ഉപതെരഞ്ഞെടുപ്പുകൾക്ക് വഴിയൊരുക്കി. അഴിമതിക്കേസിൽ അറസ്റ്റിലായ ജഗമോഹൻ റെഡ്ഡി ജയിലിലായതോടെ അദ്ദേഹത്തിന്റെ അമ്മ വൈഎസ് വിജയമ്മയും സഹോദരി വൈഎസ് ശർമിളയും പ്രചാരണത്തിന് നേതൃത്വം നൽകി. തിരഞ്ഞെടുപ്പിൽ വൈ.എസ്.സി.ആർ.പി വൻ വിജയം സ്വന്തമാക്കി.  2014 ലെ സംസ്ഥാന തെരഞ്ഞെടുപ്പിൽ ടി.ഡി.പിയോട് പരാജയപ്പെട്ട വൈ.എസ്.ആർ.സി.പി 2019 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തൂത്തുവാരി.
2021 ൽ, തന്റെ സഹോദരനുമായി തനിക്ക് രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്ന് ശർമിള പറഞ്ഞു. തെലങ്കാന തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ഈ വർഷം ആദ്യം ശർമിള പ്രഖ്യാപിച്ചിരുന്നു. തെരഞ്ഞെടുപ്പിൽ വിജയിക്കാൻ കോൺഗ്രസിന് നല്ല സാഹചര്യമുണ്ടെന്നും അതിനെ തുരങ്കം വയ്ക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നുമായിരുന്നു ശർമിളയുടെ വാദം. നിലവിൽ ആന്ധ്രയിൽ കോൺഗ്രസിന്റെ വോട്ടിംഗ് ശതമാനം വെറും ഒരു ശതമാനമാണ്. ശർമിളയെ പാർട്ടിയിലെത്തിച്ച് വൻ വിജയം സ്വന്തമാക്കാനാകുമെന്നാണ് കോൺഗ്രസ് പ്രതീക്ഷിക്കുന്നത്.
 

Latest News