Sorry, you need to enable JavaScript to visit this website.

സൈനികരുടെ ഭ്രാന്ത് വർധിക്കുന്നു; ഗാസയില്‍ കാവല്‍ നിര്‍ത്തിയ സൈനികന്‍ ഫലസ്തീനിയെ വെടിവെച്ചു കൊന്നു

തെല്‍അവീവ്-ഗാസയില്‍ അറസ്റ്റ് ചെയ്ത ഫലസ്തീനിയെ സൈനികന്‍ വെടിവെച്ചു കൊന്ന സംഭവത്തില്‍ ഇസ്രായില്‍ പ്രതിരോധ സേനയുടെ (ഐ.ഡി.എഫ്) മിലിറ്ററി പോലീസ് അന്വേഷണം പ്രഖ്യാപിച്ചു. തടവിലാക്കിയ ഫലസ്തീനിക്ക് കാവല്‍നില്‍ക്കുകയായിരുന്ന സൈനികനാണ് നിറയൊഴിച്ചതെന്ന് സൈനിക വക്താവ് പറഞ്ഞു.
ഞായറാഴ്ച രാത്രിയാണ് ഭീകരനെന്ന് ആരോപിച്ച് ഫലസ്തീനിയെ അറസ്റ്റ് ചെയ്തത്. മിലിറ്ററി ഇന്റലിജന്‍സ് ഡയരക്ടറേറ്റ് യൂനിറ്റ് 504 ലെ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്ത ശേഷം ഇയാളെ മറ്റൊരു സൈനികന്റെ നിരീക്ഷണത്തിലാക്കുകയായിരുന്നു. ഇതിനു പിന്നാലെ സൈനികന്‍ ഫലസ്തീനിയെ വെടിവെച്ചു കൊല്ലുകയായിരുന്നുവെന്ന് ഐ.ഡി.എഫ് പറഞ്ഞു.
അറസ്റ്റിലായ ഫലസ്തീനി തന്നെ ആക്രമിക്കുമെന്ന് തോന്നിയതിനാലാണ് വെടിവെച്ചതാണ് പട്ടാളക്കാരന്‍ പറയുന്നതെന്ന് കാന്‍ പബ്ലിക് ബ്രോഡ് കാസ്റ്റര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. വെടിവെപ്പിലേക്ക് നയിച്ച സാഹചര്യങ്ങളാണ് മിലിറ്ററി പോലീസ് അന്വേഷിക്കുന്നത്.
ഗാസയില്‍ തുടരുന്ന സൈനിക നടപടിയുടെ ഭാഗമായാണ് ഫലസ്തീനിയെ അറസ്റ്റ് ചെയ്തിരുന്നത്.
ഏതാണ്ട് മൂന്നു മാസമായി തുടരുന്ന ഇസ്രായില്‍ ആക്രമണത്തില്‍ ഇതുവരെ 22,000 ഫലസ്തീനികളുടെ ജീവനെടുത്തു.
ഡിസംബര്‍ ഒന്നിന് താല്‍ക്കാലിക വെടിനിര്‍ത്തല്‍ അവസാനിച്ചതിനു ശേഷം കരയുദ്ധത്തില്‍ ഡിസംബര്‍ 26 വരെ രണ്ടായിരം ഹമാസ് പോരാളികളെ വധിച്ചുവെന്ന് സൈന്യം അവകാശപ്പെടുന്നു. ഗാസ യുദ്ധം ആരംഭിച്ച ശേഷം 8000 ഹമാസ് പോരാളികളെ കൊലപ്പെടുത്തിയെന്നും സൈന്യം പറയുന്നു. ഹമാസ് മിന്നലാക്രമണം നടത്തിയ ഒക്ടബോര്‍ ഏഴിന് ഇസ്രായിലില്‍ ആയിരം ഹമാസ് പോരാളികളെ കൊലപ്പെടുത്തിയെന്നും സൈന്യം അവകാശപ്പെടുന്നു.

ദിവസങ്ങൾക്കുമുമ്പാണ് ഗാസയിൽ യുദ്ധത്തിൽ പങ്കെടുത്ത് മടങ്ങിയ സൈനികൻ ഉറക്കത്തിൽ ഞെട്ടിയുണർന്ന് നിറയൊഴിച്ചതിനെ തുടർന്ന് നിരവധി സൈനികർക്ക് പരിക്കേറ്റത്. യുദ്ധത്തിന്റെ ഇടവേളയിൽ വിശ്രമത്തിനായി മടങ്ങിയ സൈനികനാണ് സ്വപ്നം കണ്ട് പേടിച്ച് വെടിവെച്ചതെന്നാണ് റിപ്പോർട്ടുകളിൽ പറഞ്ഞത്. സൈനികന്റെ മനോനില പരിശോധിക്കുമെന്നും എല്ലാ സൈനികർക്കും ഉചിതമായ പരിശോധന ഉറപ്പുവരുത്തുമെന്നുമാണ് ഇസ്രായിൽ സൈനിക വക്താവ് പ്രതികരിച്ചത്.

 

Latest News