തൃശൂര്‍ - പ്രധാനമന്ത്രി നരേന്ദ്ര മോഡി നാളെ തൃശ്ശൂരില്‍ എത്താനിരിക്കെ സുരേഷ് ഗോപിക്ക് വേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ച് ചുവരെഴുത്ത്. സുരേഷ് ഗോപിയെ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് പീടികപ്പറമ്പ് എന്ന സ്ഥലത്ത് ചുവരെഴുത്തുള്ളത്. തൃശൂരിന്റെ സ്വന്തം സുരേഷ് ഗോപിയെ വിജയിപ്പിക്കണമെന്നും,നമ്മുടെ ചിഹ്നം താമരയെന്നും ചുവരെഴുത്തിലുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ വിരുന്നില്‍ ക്രൈസ്തവ മതമേലധ്യക്ഷന്‍മാര്‍ പങ്കെടുത്തതിനെ ചൊല്ലിയുള്ള വിവാദം കത്തി പടരുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോഡി നാളെ തൃശൂരിലെത്തും. ഉച്ചയോടെ കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി നേരെ തൃശൂരിലേക്ക് പോകും. തേക്കിന്‍കാട് മൈതാനം ചുറ്റിയുള്ള റോഡ് ഷോയ്ക്ക് ശേഷം നടക്കുന്ന മഹിളാ സമ്മേളനത്തില്‍ അദ്ദേഹം സംസാരിക്കും. കേരളത്തിലെ ബി ജെ പിയുടെ തെരഞ്ഞെടുപ്പ് പ്രാചരണത്തിനുള്ള തുടക്കം കുറിക്കല്‍ കൂടിയാണ് പ്രധാനമന്ത്രിയും സന്ദര്‍ശനം. തൃശൂരിരില്‍ നിന്ന് ലോകസഭയിലേക്ക് ബി ജെ പി സ്ഥാനാര്‍ത്ഥിയായി സുരേഷ് ഗോപി മത്സരിക്കുമെന്ന് നേരത്തെ തന്നെ പ്രചാരണമുണ്ട്. ഇതിനിടയിലാണ് ഇപ്പോള്‍ ചുവരെഴുത്തുകള്‍ പ്രത്യക്ഷപ്പെട്ടത്.