Sorry, you need to enable JavaScript to visit this website.

കൊച്ചിയില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ്  പ്രവര്‍ത്തകര്‍ക്ക് ജാമ്യം; സമരം അവസാനിപ്പിച്ചു 

കൊച്ചി- മുഖ്യമന്ത്രിക്കു നേരേ കരിങ്കൊടി കാണിച്ചതിന് അറസ്റ്റിലായ ആറ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ജാമ്യം. എറണാകുളം ജില്ലാ കോടതി മജിസ്‌ട്രേറ്റാണ് ജാമ്യം അനുവദിച്ചത്. ജാമ്യം ലഭിച്ച ആറ് പ്രവര്‍ത്തകരും നാളെ കോടതിയില്‍ ഹാജരാകണം. പ്രവര്‍ത്തകര്‍ക്ക് ജാമ്യം ലഭിച്ചതോടെ പാലാരിവട്ടം പോലീസ് സ്റ്റേഷന് മുന്നിലെ മണിക്കൂറുകള്‍ നീണ്ടുനിന്ന സമരം അവസാനിപ്പിച്ച് നേതാക്കള്‍. ഏഴ് മണിക്കൂര്‍ നീണ്ട പോലീസ് സ്റ്റേഷന്‍ ഉപരോധത്തിന് ശേഷമാണ് പ്രവര്‍ത്തകര്‍ക്ക് ജാമ്യം ലഭിച്ചത്. പുലര്‍ച്ചെ രണ്ടു മണിയോടടുത്താണ് പ്രവര്‍ത്തകര്‍ക്ക് ജാമ്യം ലഭിച്ചത്.
ജാമ്യം ലഭിച്ച പ്രവര്‍ത്തകരെ മധുരം നല്‍കിയാണ് നേതാക്കള്‍ സ്വീകരിച്ചത്. പിണറായിയുടെ പോലീസിന്റെ മുഖത്തേറ്റ അടിയെന്ന് ഹൈബി ഈഡന്‍ എം.പി പ്രതികരിച്ചു. പ്രതിഷേധം കനത്തതോടെ അറസ്റ്റിലായവരെ വൈദ്യപരിശോധനയ്ക്കു ശേഷം പോലീസ് മജിസ്‌ട്രേട്ടിനു മുന്നില്‍ ഹാജരാക്കുകയായിരുന്നു.
നേരത്തേ മുഖ്യമന്ത്രിക്കു നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ജാമ്യം നല്‍കാത്തതിനെ തുടര്‍ന്ന് തിങ്കളാഴ്ച രാത്രി പാലാരിവട്ടം പോലീസ് സ്റ്റേഷനു മുന്നിലുണ്ടായത് നാടകീയ സംഭവങ്ങള്‍. എം.പി., എം.എല്‍.എ.മാര്‍, ഡി.സി.സി. പ്രസിഡന്റ് എന്നിവരുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. പാലാരിവട്ടത്ത് രാത്രിയില്‍ പ്രവര്‍ത്തകര്‍ റോഡില്‍ കിടന്ന് ഉപരോധിച്ചു. ജാമ്യം നല്‍കിയ പ്രവര്‍ത്തകരെ സി.പി.എം. പ്രാദേശിക നേതൃത്വത്തിന്റെ സമ്മര്‍ദത്തിനു വഴങ്ങി വീണ്ടും അറസ്റ്റ് ചെയ്‌തെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. ജനപ്രതിനിധികള്‍ക്കു നേരെ ചില പോലീസ് ഉദ്യോഗസ്ഥരുടെ എടാ, പോടാ വിളികളുണ്ടായെന്നും ആരോപണമുണ്ട്.
രാത്രി വൈകിയതോടെ കൂടുതല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷനിലേക്ക് എത്തിയതോടെ ഉപരോധം കനത്തു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്റ്റേഷനുള്ളിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചതോടെ ഉന്തും തള്ളുമുണ്ടായി. പോലീസ് സ്റ്റേഷനു മുന്നില്‍ രാത്രി മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിച്ചു. സ്വകാര്യ ബസുകളടക്കമുള്ള വാഹനങ്ങള്‍ റോഡില്‍ കുരുങ്ങി. ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ഹൈബി ഈഡന്‍ എം.പി., എം.എല്‍.എ.മാരായ ടി.ജെ. വിനോദ്, ഉമ തോമസ്, അന്‍വര്‍ സാദത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഉപരോധം.
നവകേരള സദസ്സിനായി പാലാരിവട്ടം ജങ്ഷനിലൂടെ മുഖ്യമന്ത്രി കടന്നുപോയപ്പോള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചിരുന്നു. ഇതില്‍ ആറ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍, ഏഴുപേരെയാണ് അറസ്റ്റ് ചെയ്തതെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. യൂത്ത് കോണ്‍ഗ്രസ് തൃക്കാക്കര നിയോജക മണ്ഡലം പ്രസിഡന്റ് ജര്‍ജസ് ജേക്കബ്, വൈസ് പ്രസിഡന്റ് റെനീഷ് നാസര്‍ എന്നിവരുടെ നേതൃത്വത്തിലാണ് കരിങ്കൊടി വീശിയത്. നേതാക്കളായ സനല്‍ തോമസ്, മുഹമ്മദ് ഷെഫിന്‍, വിഷ്ണു, റഷീദ്, സിയാദ് പി. മജീദ്, സലാം ഞാക്കട തുടങ്ങിയവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ ജാമ്യത്തിലിറക്കാന്‍ കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ സക്കീര്‍ തമ്മനം ജാമ്യത്തിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി. മുഖ്യമന്ത്രി ഗസ്റ്റ് ഹൗസിലെത്തിയാല്‍ അറസ്റ്റുചെയ്ത കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വിട്ടയയ്ക്കാം എന്ന് പോലീസ് സ്റ്റേഷനില്‍നിന്ന് ഉറപ്പ് ലഭിച്ചതായി നേതാക്കള്‍ പറയുന്നു. എന്നാല്‍, പിന്നീട് സി.പി.എം. പ്രാദേശിക നേതാക്കള്‍ സ്റ്റേഷനിലെത്തി മടങ്ങിയതോടെ പ്രവര്‍ത്തകര്‍ക്കെതിരേ ജാമ്യം കിട്ടാത്ത രീതിയില്‍ പുതിയ വകുപ്പുകള്‍ ചുമത്തിയെന്ന് ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു.
ഇതോടെയാണ് പോലീസ് സ്റ്റേഷന്‍ ഉപരോധം തുടങ്ങിയത്. കൂടുതല്‍ ജനപ്രതിനിധികളും പ്രവര്‍ത്തകരും രാത്രി എട്ടുമണിക്കു ശേഷം സ്റ്റേഷനിലേക്ക് ഒഴുകിയെത്തി കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇതിനിടെ പിരിഞ്ഞുപോയില്ലെങ്കില്‍ കൈയും കാലും തല്ലി ഒടിക്കുമെന്ന് സ്റ്റേഷനുള്ളില്‍ നിന്ന് എസ്.ഐ. ഭീഷണി മുഴക്കിയെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. ഇതോടെയാണ് പ്രവര്‍ത്തകര്‍ സ്റ്റേഷനുള്ളിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചത്.

Latest News