ഗാസ - റഫ മൃഗശാലയില് ഇപ്പോള് മൃഗങ്ങള് മാത്രമല്ല, നിരാലംബരായ ഡസന് കണക്കിന് ഗാസക്കാര് കൂടുകള്ക്കിടയില് ക്യാമ്പ് ചെയ്യുന്നു. അവിടെ പട്ടിണികിടക്കുന്ന കുരങ്ങുകളും തത്തകളും സിംഹങ്ങളും ഭക്ഷണത്തിനായി നിലവിളിക്കുന്നു.
ഗാസയിലെ 2.3 ദശലക്ഷം ജനങ്ങളും അവരുടെ വീടുകളില്നിന്ന് ആട്ടിയോടിക്കപ്പെട്ടു. പലരും ഇപ്പോള് തെക്കന് നഗരമായ റാഫയെ ഞെരുങ്ങിക്കഴിയുകയാണ്. തെരുവ് കോണുകളും ശൂന്യമായ സ്ഥലങ്ങളും അവര് അഭയകേന്ദ്രമാക്കിയിരിക്കുന്നു.
ഗോമ കുടുംബം നടത്തുന്ന സ്വകാര്യ മൃഗശാലയില്, മൃഗങ്ങളുടെ തൊഴുത്തുകള്ക്ക് സമീപം പ്ലാസ്റ്റിക് കൂടാരങ്ങളാണ്. സമീപത്തുള്ള ഒരു തൊഴിലാളി ക്ഷീ ണിച്ച് അവശനായ കുരങ്ങന് തക്കാളി കഷ്ണങ്ങള് നല്കാന് ശ്രമിക്കുന്നത് ദയനീയമായ കാഴ്ചയായി.
മൃഗശാലയില് അഭയം പ്രാപിച്ചവരില് പലരും, സംഘര്ഷം വീടുകള് തകര്ക്കുന്നതിന് മുമ്പ് ഗാസയുടെ വിവിധ ഭാഗങ്ങളില് താമസിച്ചിരുന്ന വിപുലമായ ഗോമ കുടുംബത്തിലെ അംഗങ്ങളാണ്.
നാല് കുരങ്ങുകള് ഇതിനകം ചത്തുകഴിഞ്ഞു, അഞ്ചാമത്തേത് ഇപ്പോള് അവശതയിലാണ്-മൃഗശാല ഉടമ അഹമ്മദ് ഗോമ പറഞ്ഞു. മനുഷ്യര്ക്ക് പോലും ഭക്ഷണം തികയാത്ത അവസ്ഥയാണ്.
തന്റെ രണ്ട് സിംഹക്കുട്ടികളും ചത്തുപോകുമെന്ന് അയാള് ഭയപ്പെടുന്നു. 'അവയെ ജീവനോടെ നിലനിര്ത്താന് വേണ്ടി വെള്ളത്തില് കുതിര്ത്ത ഉണങ്ങിയ റൊട്ടി നല്കുന്നു. സ്ഥിതി ശരിക്കും പരിതാപകരമാണ്.'
യുദ്ധം ആരംഭിച്ചതിനുശേഷം സിംഹ കുഞ്ഞുങ്ങളുടെ അമ്മക്ക് പകുതി ഭാരം കുറഞ്ഞു, ദിവസേനയുള്ള കോഴിയിറച്ചിക്ക് പകരം ഇപ്പോള് ആഴ്ചയില് ഏതാനും കഷണം ബ്രെഡ് ആണ് നല്കുന്നതെന്നും അദ്ദേഹം പറഞ്ഞു.






