Sorry, you need to enable JavaScript to visit this website.

എ.ആർ നഗർ ഗവൺമെന്റ് യു.പി സ്‌കൂൾ പൂർവ്വ വിദ്യാർഥി സംഗമം സമാപിച്ചു

വേങ്ങര- ഒരു നൂറ്റാണ്ടുകാലമായി കക്കാടംപുറത്തും പരിസരപ്രദേശങ്ങളിലും അറിവിൻ വെളിച്ചം പകർന്നു നൽകിവരുന്ന എ.ആർ നഗർ ഗവൺമെന്റ് യു.പി സ്‌കൂളിന്റെ വർഷം നീണ്ടുനിൽക്കുന്ന ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച അധ്യാപക പൂർവ്വ വിദ്യാർഥി സംഗമം വിവിധ പരിപാടികളോടെ സമാപിച്ചു. സംഗമം മുൻ എം.എൽ.എ കെ.എൻ.എ ഖാദർ ഉദ്ഘാടനം ചെയ്തു. എ.ആർ നഗർ പഞ്ചായത്ത് പ്രസിഡണ്ട് കാവുങ്ങൽ ലിയാഖത്തലി അധ്യക്ഷത വഹിച്ചു. 1924ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ നിന്ന് നാടിന്റെ വിവിധ ഭാഗങ്ങളിലെ ആയിരക്കണക്കിന് വിദ്യാർഥികളാണ് ഇതിനകം പഠനം കഴിഞ്ഞ് പുറത്തിറങ്ങിയത്.

പരിസരപ്രദേശങ്ങളിൽ വിദ്യാഭ്യാസത്തിന് സൗകര്യമില്ലാത്ത കാലത്ത് ഹിന്ദു എലമെന്ററി സ്‌കൂൾ എന്ന പേരിൽ സ്ഥാപിതമായ സ്‌കൂളിന്റെ ചരിത്ര പ്രാധാന്യം ഏറെയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉന്നത മേഖലകളിൽ വിരാജിക്കുന്നവരും രാഷ്ട്രീയ സാമൂഹിക മേഖലകളിൽ പ്രശസ്തരായവരുമായ പൂർവ വിദ്യാർഥികൾ സംഗമത്തിൽ പങ്കെടുത്തു. ചടങ്ങിൽ മുൻകാലങ്ങളിൽ സ്‌കൂളിൽ സേവനം ചെയ്ത അധ്യാപകരെ ആദരിച്ചു. ഇന്ന് ജീവിച്ചിരിക്കുന്നവരിൽ പ്രായം ചെന്ന പൂർവ്വ വിദ്യാർഥി സ്‌കൂളിൽ നിന്ന് പഠിച്ചിറങ്ങി വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച് സ്‌കൂളിന്റെ അഭിമാനികളായവർ തുടങ്ങിയവർക്ക് ഉപഹാരം നൽകി. അനുഭവങ്ങൾ പങ്കുവെക്കൽ കുട്ടികളുടെ കലാപരിപാടികൾ തുടങ്ങിയവ അരങ്ങേറി. 

സ്‌നേഹ വാക്കുകൾക്കിടയിൽ സദസ്സിൽ പലരും ചെറിയ കുട്ടികളായി മാറി. ശതോത്സവിന്റെ സമാപന ചടങ്ങിൽ ഒരിക്കൽ കൂടി കണ്ടുമുട്ടാം എന്ന പ്രതീക്ഷയോടെ നിറമിഴികളോടെയാണ് ഓരോരുത്തരും പിരിഞ്ഞു പോയത്. രാഷ്ട്രീയ സാമൂഹിക സാഹിത്യ രംഗത്തെ പ്രമുഖർ സംബന്ധിച്ചു. ഹെഡ്മിസ്ട്രസ് എ ശ്രീദേവി ടീച്ചർ സ്വാഗതവും പി.ടി.എ പ്രസിഡണ്ട് പി.കെ അബ്ദുൽ റഷീദ് നന്ദിയും പറഞ്ഞു.
 

Latest News