കാസർകോട്- വോര്‍ക്കാടി സ്വദേശി സുഹൃത്തുക്കള്‍ക്കൊപ്പം സുള്ള്യ പുഴയില്‍ കുളിക്കുന്നതിനിടെ മുങ്ങിമരിച്ചു. വോര്‍ക്കാടി ധര്‍മ്മനഗര്‍ ശാന്തിനഗറിലെ ഉമ്മറിന്റെയും സുഹ്റയുടെയും മകന്‍ സമീര്‍(24) ആണ് മരിച്ചത്. സമീര്‍ സുള്ള്യയില്‍ കാഴ്ചശക്തി കുറവുള്ളവര്‍ക്ക് വേണ്ടിയുള്ള കണ്ണട വില്‍ക്കുന്ന സ്ഥാപനത്തിലെ ജീവനക്കാരനാണ്. ഞായർ രാവിലെ സെമീറും നാല് സുഹൃത്തുക്കളും സുള്ള്യ പുഴയില്‍ കുളിക്കാനിറങ്ങിയതായിരുന്നു. കുളിക്കുന്നതിനിടെ സമീര്‍ പുഴയില്‍ മുങ്ങിത്താണു. ഒപ്പമുണ്ടായിരുന്നവര്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. നാട്ടുകാരും കര്‍ണ്ണാടക ഫയര്‍ഫോഴ്സും നടത്തിയ തിരച്ചിലിനൊടുവില്‍ മൃതദേഹം കണ്ടെത്തി. സമീര്‍ പുഴയില്‍ മുങ്ങിത്താണ സ്ഥലത്തിനടുത്ത് ഇന്നലെ രാത്രി 10 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.