ധാക്ക- നൊബേല്‍ പുരസ്‌കാര ജേതാവും ബംഗ്ലാദേശിലെ മുതിര്‍ന്ന സാമ്പത്തിക വിദഗ്ധനുമായ ഡോ. മുഹമ്മദ് യൂനുസിനെ തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്ന് ആറു മാസം തടവിന് കോടതി ശിക്ഷിച്ചു. ഗ്രാമീണ്‍ ബാങ്ക് സ്ഥാപകനായ 83കാരനായ യൂനുസിന് ദാരിദ്ര്യത്തിനെതിരേയുള്ള പ്രചരണത്തെത്തുടര്‍ന്ന് 2006ലാണ് സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം ലഭിച്ചത്.
വിധി രാഷ്ട്രീയ പ്രേരിതമാണെന്ന് അദ്ദേഹത്തിന്റെ അനുയായികള്‍ ആരോപിച്ചു. യൂനുസ് സ്ഥാപിച്ച ഗ്രാമീണ്‍ ടെലികോം എന്ന കമ്പനിയില്‍ തൊഴിലാളികള്‍ക്ക് ക്ഷേമ ഫണ്ട് രൂപീകരിച്ചില്ലെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് യൂനുസിനും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരായ മൂന്നു പേര്‍ക്കുമെതിരേ കേസെടുത്തത്. യൂനുസാണ് കമ്പനിയുടെ ചെയര്‍മാന്‍. വിചാരണയ്‌ക്കൊടുവില്‍ ലേബര്‍ കോടതി യൂനുസ് ഉള്‍പ്പെടെ നാലു പേര്‍ക്ക് ആറു മാസത്തെ തടവു ശിക്ഷ വിധിക്കുകയായിരുന്നു.
യൂനുസ് തൊഴില്‍ നിയമം ലംഘിച്ചുവെന്ന് കോടതി വ്യക്തമാക്കി. വിധി പ്രഖ്യാപിക്കുമ്പോള്‍ യൂനുസ് കോടതിയിലുണ്ടായിരുന്നു. നാലു പേര്‍ ഉള്‍പ്പെടെ 25,000 ടാക്ക വീതം പിഴയായി കെട്ടണമെന്നും പണം അടക്കാത്ത പക്ഷം 10 ദിവസം കൂടുതല്‍ ജയില്‍ ശിക്ഷ അനുഭവിക്കണമെന്നും കോടതി വിധിച്ചിട്ടുണ്ട്. വിധി പ്രഖ്യാപിച്ചതിനു പിന്നാലെ യൂനുസും സഹപ്രവര്‍ത്തകരും ജാമ്യത്തിന് അപേക്ഷിച്ചു. 5000 ടാക്കയുടെ ബോണ്ട് കൈമാറി ഒരു മാസത്തേക്ക് കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്.
കേസ് വ്യാജവും കഴമ്പില്ലാത്തതും സമൂഹത്തിനു മുന്നില്‍ യൂനുസിനെ വ്യക്തിഹത്യ ചെയ്യാനും ഉദ്ദേശിച്ചുള്ളതാണെന്ന് യൂനുസിന്റെ വക്കീല്‍ ആരോപിക്കുന്നു. എന്നാല്‍ യൂനുസിനു എതിരേ തൊഴില്‍ നിയമം ലംഘിച്ചതും പണം തിരിമറി നടത്തിയതുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. 2008ല്‍ ശൈഖ് ഹസീന അധികാരത്തിലേറിയതിനു ശേഷം നിരവധി കേസുകളില്‍ യൂനുസിനെതിരേ അന്വേഷണം പ്രഖ്യാപിച്ചിരുന്നു.
ബംഗ്ലാദേശിലെ രാഷ്ട്രീയ പ്രവര്‍ത്തകരെ യൂനുസ് നിരന്തരം വിമര്‍ശിക്കുന്നത് പതിവായിരുന്നു. ഇതാണ് അധികാരികളെ ചൊടിപ്പിച്ചത്. അതോടൊപ്പം നേരത്തെ അദ്ദേഹം രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
രക്തമൂറ്റിക്കുടിക്കുന്നവന്‍ എന്നാണ് യൂനുസിനെ ശൈഖ് ഹസീന ആക്ഷേപിക്കുന്നത്. ഗുണ്ടകളെ ഉപയോഗിച്ചാണ് ഗ്രാമീണ്‍ ബാങ്ക് നല്‍കിയ വായ്പകള്‍ യൂനുസ് തിരിച്ചു വാങ്ങുന്നതെന്നും ഹസീന ആരോപിച്ചിരുന്നു. യൂനുസിനെതിരേ നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടതിനെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ യൂനുസിനെതിരേയുള്ള കേസുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആഗോളതലത്തിലുള്ള 170 നേതാക്കള്‍ ഒപ്പിട്ട തുറന്ന കത്ത് പ്രധാനമന്ത്രി ഹസീനയ്ക്ക് നല്‍കിയിരുന്നു. യു. എസ് മുന്‍ പ്രസിഡന്റ് ബരാക് ഒബാമ, യു. എന്‍ മുന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ തുടങ്ങിയവരും കത്തില്‍ ഒപ്പിട്ടിരുന്നു.






