കൊലപാതകം ആരോപിച്ച് യുവതിയെ ആള്‍ക്കൂട്ടം നഗ്നയാക്കി മര്‍ദിച്ചു

പട്‌ന- കൗമാരക്കാരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പങ്കുണ്ടെന്നാരോപിച്ച് ബിഹാറിലെ ഭോജ്പൂര്‍ ജില്ലയില്‍ യുവതിയെ ആള്‍ക്കൂട്ടം മര്‍ദിക്കുകയും നഗ്നയാക്കി തെരുവിലൂടെ നടത്തിക്കുകയും ചെയ്ത സംഭവത്തില്‍ 15 പേരെ പോലീസ് അറസ്റ്റ് ചെയ്തു. കാണാതായ വിമലേഷ് ഷാ എന്ന കൗമാരക്കാരന്റെ മൃതദേഹം കഴിഞ്ഞ ദിവസം റയില്‍വേ ട്രാക്കിനു സമീപം കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഷായുടെ സ്വദേശമായ ദാമോദര്‍പൂരില്‍ നിന്ന് നാട്ടുകാര്‍ സംഭവ സ്ഥലത്തെത്തി ഒരു വീട്ടില്‍ നിന്നും യുവതിയെ പിടികൂടി മര്‍ദിക്കുകയായിരുന്നു. റെയില്‍വെ ട്രാക്കിനു സമീപത്തു താമസിക്കുന്ന ലൈംഗിക തൊഴിലാളികളാണ് കൊലപാതകത്തിനു പിന്നിലെന്ന് ആരോപിച്ചായിരുന്നു നാട്ടുകാരുടെ ആക്രമണം. 

ഇവിടെ നിന്നും ഒരു യുവതിയെ പിടികൂടിയ ആക്രമി സംഘം വലിച്ചിഴച്ച് തെരുവിലെത്തിക്കുകയും വസ്ത്രങ്ങള്‍ വലിച്ചുകീറി നഗ്നയാക്കിയ ശേഷം തെരുവിലൂടെ നടത്തിച്ച് മര്‍ദിക്കുകയായിരുന്നുവെന്നും പോലീസ് പറയുന്നു. നടത്തിക്കുന്നതിനിടെ ആക്രമികള്‍ യുവതിയെ അടിച്ചും ചവിട്ടിയും മര്‍ദിക്കുന്നുണ്ടായിരുന്നു. ആള്‍ക്കൂട്ടം അതുവഴി കടന്നു പോയ ട്രെയ്‌നുകള്‍ക്കു നേരെ കല്ലെറിയുകയും ചെയ്തു. ഒടുവില്‍ ആകാശത്തേക്കു വെടിവച്ചാണ് പോലീസ് ജനക്കൂട്ടത്തെ പിന്തിരിപ്പിച്ചത്. ഇതിനിടെ ഗ്രാമീണരില്‍ ചിലരും ആകാശത്തേക്ക് വെടിവച്ചതായി പോലീസ് പറയുന്നു. പ്രദേശത്ത് കൂടുതല്‍ പോലീസിനെ വിന്യസിച്ച് സുരക്ഷ ശക്തമാക്കിയതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു.
 

Latest News