VIDEO - സംഗീതസാന്ദ്രം, കരിമരുന്നുകള്‍ സാക്ഷി, പുതുവത്സരത്തെ വരവേറ്റ് സൗദി

റിയാദ്- സംഗീത സാന്ദ്രമായ അന്തരീക്ഷത്തില്‍ വര്‍ണ വിസ്മയം തീര്‍ത്ത് കരിമരുന്നുകള്‍ വിരിഞ്ഞ രാവില്‍ സൗദി അറേബ്യന്‍ ജനത പുതുവത്സരത്തെ സ്വീകരിച്ചു. റിയാദ് ബൊളിവാഡിലും കിംഗ്ഡം ടവറിലും കിംഗ് അബ്ദുല്‍ അസീസ് ഹിസ്റ്റോറിക്കല്‍ സെന്ററിലും വണ്ടര്‍വേള്‍ഡിലും ഡിസ്‌നി ദി കാസിലിലും വര്‍ണങ്ങള്‍ വാരിയെറിഞ്ഞ കരിമരുന്നിന്റെ അകമ്പടിയിലായിരുന്നു തലസ്ഥാന നഗരിയായ റിയാദ് പുതുവത്സരത്തെ വരവേറ്റത്.

റിയാദ് ബൊളിവാഡ് സിറ്റിയിലും വേള്‍ഡിലും പുതുവത്സരത്തോടനുബന്ധിച്ച് വിവിധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. രാത്രി എട്ട് മണിയോടടുത്ത് തന്നെ ഈ ആഘോഷ നഗരങ്ങളില്‍ വന്‍ജനത്തിരക്കനുഭവപ്പെട്ടു. 12 മണിയോടടുത്ത് കൂറ്റന്‍ സ്‌ക്രീനുകള്‍ക്ക് മുന്നില്‍ തടിച്ചുകൂടിയ ജനം ആവേശഭരിതരായി കരഘോഷത്തെയാണ് പുതുവത്സരത്തെ സ്വീകരിച്ചത്. ഇവിടെ സ്ഥാപിച്ച കൂറ്റന്‍ സ്‌ക്രീനുകള്‍ക്ക് പശ്ചാത്തലത്തില്‍ കരിമരുന്ന് ആകാശത്തേക്കുയര്‍ന്ന് പൊട്ടിത്തെറിച്ചപ്പോള്‍ സ്‌ക്രീനുകളില്‍ ഹാപ്പിന്യൂ ഇയര്‍ 2024 തെളിഞ്ഞു. പുതുവര്‍ഷത്തേക്ക് ആശംസയും സ്വാഗതവുമോതിയാണ് ജനം പിരിഞ്ഞത്.


ബൊളിവാഡ് സിറ്റിയിലെ മുഹമ്മദ് അബ്ദു അരീന തിയേറ്ററില്‍ ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റിയുടെ നേതൃത്വത്തില്‍ അറബ് താരങ്ങളുടെ ഗാനനിശ രാത്രി 9 മുതല്‍ 12 വരെ നീണ്ടു. ലബനീസ് ഗായികമാരായ നാന്‍സി അജ്‌റം, അലീസ, മൊറോക്കോ ഗായിക അസ്മ ലംനവര്‍, ബഹ്‌റൈനി ഗായിക അസാല, ഇമാറാത്തി ഗായിക അഹ്‌ലാം, ഈജിപ്ഷ്യന്‍ ഗായിക അന്‍ഗാം, വാഇല്‍ കഫൂരിസ വലീദ് തൗഫീഖ്‌സ ബഹാഅ് സുല്‍ത്താന്‍ അടക്കം 13 അറബ് താരങ്ങള്‍ അണിനിരന്നു. 
കിംഗ് അബ്ദുല്ല ഫൈനാന്‍ഷ്യല്‍ ഡിസ്ട്രിക്ടില്‍ ഗായകന്‍ ഫുആദ് അബ്ദുല്‍ വാഹിദിന്റെ നേതൃത്വത്തില്‍ ഗാനസന്ധ്യ നടന്നു. സൗദി താരം ലുലു അല്‍ഹമൂദും പങ്കെടുത്തു.
സൗദിയിലെ പ്രമുഖ റെസ്റ്റോറന്റുകളിലെല്ലാം പുതുവത്സര ഓഫറുകള്‍ പ്രഖ്യാപിച്ചിരുന്നു. ടൂറിസ്റ്റ് കേന്ദ്രമായ അല്‍ഉലായില്‍ ബനിയന്‍ ട്രീ അല്‍ഉല ഹോട്ടലിലെ തായ്‌ലാന്റ് റെസ്‌റ്റോറന്റ് സഅ്ഫറാനില്‍ സ്വാദിഷ്ട ഭക്ഷ്യ വിഭവങ്ങള്‍ക്കൊപ്പം വിവിധ കലാപരിപാടികളും സംഘടിപ്പിച്ചിരുന്നു. അതിമനോഹരമായ അല്‍ഉല ആകാശത്തിനു കീഴെ തത്സമയ സംഗീതവും കലാപരമായ വിനോദ അന്തരീക്ഷവും ആഡംബരപൂര്‍ണമായ തായ് പാചകരീതിയുടെ സംയോജനവും അതിഥികള്‍ക്ക് ആസ്വദിക്കാമായിരുന്നു.
അല്‍ഉല വാദി അശ്ശാറിലെ ഹാബിറ്റാസ് ഹോട്ടലില്‍ ഓപണ്‍ എയറില്‍ സൗദി ഡിജെ കയാന്‍, ഈജിപ്ഷ്യന്‍ ഡിജെ സാഫി എന്നിവരുടെ പ്രത്യേക കലാപരിപാടികള്‍ പുതുവര്‍ഷ പുലരിയെ ആഘോഷമാക്കി. 2024ലെ സൂര്യോദയത്തിന് സാക്ഷിയാകാന്‍ ഹോട്ട് എയര്‍ ബലൂണ്‍ ഫ്‌ളൈറ്റുകളില്‍ യാത്രക്കും സൗകര്യമുണ്ടായിരുന്നു.

Latest News