പത്തനംതിട്ട / കോട്ടയം - വൃദ്ധയുടെ കഴുത്തിൽ കത്തിവച്ച് സ്വർണമാല കവർന്ന കേസിലെ പ്രതി പിടിയിൽ. പാലാ ഭരണങ്ങാനം സ്വദേശി അമൽ അഗസ്റ്റിനാണ് (23) പിടിയിലായത്. ഓൺലൈൻ റമ്മി കളിക്കാനുള്ള പണത്തിനായാണ് പ്രതി പിടിച്ചുപറി നടത്തിയതെന്നാണ് മൊഴി നൽകിയതെന്ന് പോലീസ് പറഞ്ഞു.
ഓൺലൈൻ റമ്മിയുടെ അടിമയായ പ്രതി പലരിൽനിന്നും കടം വാങ്ങി മൂന്നുലക്ഷത്തിലേറെ രൂപ കളിച്ചുകളഞ്ഞുവത്രെ. ആളുകൾ പണം തിരികെ ചോദിച്ചതോടെ അത് നല്കുന്നതിനും റമ്മി കളി തുടരുന്നതിനും മോഷണത്തിന് ഇറങ്ങുകയായിരുന്നുവെന്നും പ്രതി വെളിപ്പെടുത്തിയതായി പോലീസ് പറഞ്ഞു.
സ്ത്രീകൾ മാത്രമുള്ള വീടുകളും കടകളും നോക്കിയായിരുന്നു മോഷണ ശ്രമം. ഇത്തരത്തിൽ രണ്ടിടത്ത് മോഷണം നടത്താൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതായും പറയുന്നു. ഈമാസം 23-നാണ് പത്തനംതിട്ട സ്വദേശിനിയായ സരസമ്മ(80)യുടെ വീട്ടിൽ കവർച്ച നടത്തിയത്. വീട്ടിൽ അതിക്രമിച്ച് കയറിയ അമൽ സരസമ്മയുടെ കഴുത്തിൽ കത്തിവച്ച് കഴുത്തിലുണ്ടായിരുന്ന മൂന്ന് പവന്റെ മാല കവരുകയായിരുന്നു. പ്രതി സഞ്ചരിച്ച ബൈക്ക് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ പത്തനംതിട്ട ജില്ലയിലെ ഇലവുംതിട്ടയിൽ വച്ചാണ് പ്രതിയെ പോലീസ് വലയിലാക്കിയത്.