Sorry, you need to enable JavaScript to visit this website.

യുക്രെയ്‌നിലേക്ക് തൊടുത്ത റഷ്യന്‍ മിസൈല്‍ തങ്ങളുടെ വ്യോമാതിര്‍ത്തി ലംഘിച്ചതായി പോളണ്ട്

വാര്‍സ- റഷ്യ- യുക്രെയ്ന്‍ യുദ്ധത്തില്‍ കടുത്ത വ്യോമാക്രമണം നടന്ന ഡിസംബര്‍ 29ന് വെള്ളിയാഴ്ച വ്യോമാതിര്‍ത്തി ലംഘിച്ച് റഷ്യന്‍ മിസൈലുകള്‍ പോയതായി പോളണ്ട്. തങ്ങളുടെ വ്യോമാതിര്‍ത്തിയിലൂടെയാണ് റഷ്യന്‍ മിസൈല്‍ കടന്നു പോയതെന്ന പരാതിയുമായി പോളിഷ് സൈനിക നേതൃത്വം രംഗത്തെത്തി. 

റഷ്യന്‍ മിസൈലുകള്‍ പോളണ്ടിന്റെ വ്യോമാതിര്‍ത്തിയില്‍ കയറിയതായി തെളിവുകള്‍ സൂചിപ്പിക്കുന്നതായി പോളണ്ട് പ്രതിരോധ മേധാവി ജനറല്‍ വീസ്ലാവ് കുകുല പറഞ്ഞു. 

2022 ഫെബ്രുവരിയിലാണ് റഷ്യ- യുക്രെയ്ന്‍ യുദ്ധത്തിന് തുടക്കമായത്. ഇതേതുടര്‍ന്ന് യുക്രെയ്‌ന് സമീപത്തെ യൂറോപ്യന്‍ രാജ്യങ്ങളും റഷ്യയും തമ്മില്‍ അകല്‍ച്ചയുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് നാറ്റോ സഖ്യകക്ഷിയായ പോളണ്ടിന്റെ വ്യോമാതിര്‍ത്തി ലംഘിക്കുന്ന റഷ്യന്‍ നടപടിയും ഉണ്ടായത്. 

റഷ്യന്‍ മിസൈലുകളുടെ സാന്നിധ്യം സാങ്കേതിക തകരാര്‍ മൂലം സംഭവിച്ചതാണോ എന്ന് ഉറപ്പുവരുത്താനുള്ള ശ്രമത്തിലാണ് പോളണ്ട്. അബദ്ധത്തില്‍ സംഭവിച്ചതാകാനിടയില്ല എന്ന നിഗമനത്തിലാണ് പോളിഷ് ഉദ്യോഗസ്ഥര്‍. അതേ സമയം തങ്ങളുടെ മിസൈലുകള്‍ അതിര്‍ത്തി ലംഘനം നടത്തിയതിന് പോളണ്ട് ഒരു തെളിവും നല്‍കിയിട്ടില്ലെന്ന് പോളണ്ട് സര്‍ക്കാര്‍ വിളിച്ചുവരുത്തിയ രാജ്യത്തെ റഷ്യന്‍ എംബസി ഉദ്യോഗസ്ഥര്‍ പറഞ്ഞതായി റഷ്യന്‍ വാര്‍ത്താ ഏജന്‍സി റിയ റിപ്പോര്‍ട്ട് ചെയ്തു.

സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണെന്നും പോളിഷ് ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തുന്നുണ്ടെന്നും സാമൂഹ്യ മാധ്യമ പോസ്റ്റില്‍ നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്റ്റോള്‍ട്ടന്‍ബെര്‍ഗ് പറഞ്ഞു.

പോളിഷ് വ്യോമാതിര്‍ത്തിയില്‍ മിസൈല്‍ മൂന്ന് മിനിറ്റ് മാത്രമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും സൈന്യത്തിന് പ്രതിരോധ സജ്ജീകരണം ഉയര്‍ത്താന്‍ അത് മതിയായിരുന്നു. വ്യോമാതിര്‍ത്തി ലംഘിച്ചതിന്റെ പ്രതികരണമായാണ് ജെറ്റുകള്‍ മിസൈലിന്റെ ദിശയിലേക്ക് കുതിച്ചതെന്ന് സായുധ സേനാ വക്താവ് ജാസെക് ഗോറിഷെവ്സ്‌കി പറഞ്ഞു.

2022 നവംബറില്‍ അതിര്‍ത്തിക്കടുത്തുള്ള പോളിഷ് ഗ്രാമമായ പ്രസെവോഡോയില്‍ ഒരു യുക്രെയ്‌നിയന്‍ വ്യോമ പ്രതിരോധ മിസൈല്‍ വീണു രണ്ടുപേര്‍ മരിച്ചിരുന്നു.

യുക്രെയ്‌നെതിരെ റഷ്യ വെള്ളിയാഴ്ച നടത്തിയ ആക്രമണത്തില്‍ 18 പേര്‍ കൊല്ലപ്പെടുകയും നൂറിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. റഷ്യ ഏകദേശം 110 മിസൈലുകള്‍ തൊടുത്തുവിട്ടതായും അവയില്‍ ഭൂരിഭാഗവും തങ്ങള്‍ തകര്‍ത്തതായും സെലന്‍സ്‌കി അവകാശപ്പെട്ടു.

Latest News