Sorry, you need to enable JavaScript to visit this website.

ഒരേ വിശ്വാസ പാതയിലുള്ളവർ അനാവശ്യ വിമർശങ്ങൾ ഒഴിവാക്കണം; സുന്നി ഐക്യത്തിന് ശ്രമം തുടരുമെന്ന് കാന്തപുരം

-  ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ വികസന പ്രവർത്തനങ്ങളുടെ വിപുലീകരണത്തിനായിരിക്കും അടുത്ത മൂന്നുവർഷത്തെ പ്രധാന ഊന്നൽ

- സലഫി, ജമാഅത്തെ ഇസ്‌ലാമി പ്രസ്ഥാനങ്ങളെ മുൻകാലങ്ങളിലേതു പോലെ ഇനിയും ശക്തമായി പ്രതിരോധിക്കും
 
കാസർകോട് - ഒരേ വിശ്വാസ പാതയിലുള്ളവർ പരസ്പരം അനാവശ്യ വിമർശങ്ങളും വാഗ്വാദങ്ങളും നടത്തുന്നത് ഉചിതമാണോ എന്ന് എല്ലാവരും ആലോചിക്കണമെന്ന് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു. ഞങ്ങളെന്നും സുന്നി ഐക്യത്തിന് ആഗ്രഹിക്കുന്നവരാണ്. സമസ്തയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങളിൽനിന്ന് അതിനായി തുടർന്നും പ്രവർത്തിക്കുമെന്നും കാന്തപുരം പറഞ്ഞു. സമസ്ത നൂറാം വാർഷികാഘോഷങ്ങളുടെ പ്രഖ്യാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
 ഇസ്‌ലാമിക വിശ്വാസ പ്രമാണങ്ങളെ വികലമാക്കി അവതരിപ്പിക്കുന്ന സലഫി, ജമാഅത്തെ ഇസ്‌ലാമി പ്രസ്ഥാനങ്ങളെ മുൻകാലങ്ങളിലേതു പോലെ ഇനിയും ശക്തമായിത്തന്നെ പ്രതിരോധിക്കും. മുൻകാലത്ത് പലിശ ഹലാലാക്കാനുള്ള ശ്രമങ്ങൾ വരെ പുത്തൻ പ്രസ്ഥാനങ്ങളുടെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ടെന്നും കാന്തപുരം പറഞ്ഞു.
 മതേതര ജനാധിപത്യ രാഷ്ട്രത്തിന്റെ നിലനില്പിനും പുരോഗതിക്കും സഹായകമാകുന്ന വിധത്തിൽ ഇന്ത്യയിലെ മുസ്‌ലിം സാമുദായിക അസ്തിത്വം സംരക്ഷിക്കുന്നതിനാവശ്യമായ പദ്ധതികൾക്ക് രൂപം നല്കാൻ സംഘടന നേതൃത്വം നല്കും. ഇതിനായി വിവിധ സംസ്ഥാനങ്ങളിലെ പ്രാദേശിക സുന്നി സംഘടനകളുമായി ചേർന്നുള്ള യോജിച്ച പ്രവർത്തനങ്ങൾക്ക് സമസ്തയും ആൾ ഇന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമയും തുടക്കം കുറിച്ചിട്ടുണ്ട്. കശ്മീരിൽ സുന്നി സംഘടനകൾ നടത്തുന്ന വിദ്യാഭ്യാസ സാംസ്‌കാരിക പ്രവർത്തനങ്ങൾ അതിന്റെ മികച്ച ഉദാഹരണമാണ്. 
 ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നടന്നുവരുന്ന വിദ്യാഭ്യാസ വികസന പ്രവർത്തനങ്ങളുടെ വിപുലീകരണത്തിന് ഊന്നൽ നല്കിയുള്ള പ്രവർത്തനങ്ങൾക്കായിരിക്കും പ്രസ്ഥാനത്തിന്റെ അടുത്ത മൂന്നുവർഷത്തെ പ്രധാന ശ്രദ്ധ. വിവിധ സർക്കാർ, സർക്കാരിതര ഏജൻസികളുമായി ഇക്കാര്യത്തിൽ യോജിച്ചു പ്രവർത്തിക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

Latest News