ദുരിതാശ്വാസ ക്യാമ്പില്‍ മന്ത്രിയുടെ ബിസ്‌കെറ്റ് ഏറ് -വിഡിയോ

ബംഗളൂരു- കര്‍ണാടകയില്‍ വെള്ളപ്പൊക്ക ദുരിത ബാധിത മേഖലയായ ഹാസന്‍ ജില്ലയിലെ ഒരു ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിക്കാനെത്തിയ മന്ത്രി വെള്ളപ്പൊക്കത്തിന് ഇരയായവര്‍ക്ക് ബിസ്‌ക്കറ്റ് പായ്ക്കുകള്‍ എറിഞ്ഞു കൊടുത്തത് വിവാദമായി. പൊതുമരാമത്ത് മന്ത്രിയും മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയുടെ സഹോദരനുമായ എച്ച്.ഡി രേവണ്ണയാണ് പുലിവാലുപിടിച്ചത്. തന്റെ തൊട്ടുമുമ്പില്‍ കൂടിനില്‍ക്കുന്ന ദുരിതബാധിതര്‍ക്കാണ് രേവണ്ണ ബിസ്‌ക്കറ്റ് പായ്ക്കുകള്‍ എറിഞ്ഞു കൊടുത്തത്. ഈ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലായതിനു പുറമെ മാധ്യമങ്ങളും ഏറ്റുപിടിച്ചു.

നേരിട്ട് കയ്യില്‍ കൊടുക്കാമായിരുന്നിട്ടും മന്ത്രി അപക്വമായി പെരുമാറിയെന്നാരോപിച്ച് പ്രതിപക്ഷമായ ബി.ജെ.പിയും രംഗത്തെത്തി. മന്ത്രിയുടെ പെരുമാറ്റം സംസ്‌കാരമില്ലാത്ത പ്രവര്‍ത്തി ആയിപ്പോയെന്ന് ബി.ജെ.പി നേതാവ് സുരേഷ് കുമാര്‍ പറഞ്ഞു.

ബിസ്‌ക്കറ്റ് ഏറ് വിവാദമായതോടെ സഹോദരന്‍ കൂടിയായ മുഖ്യമന്ത്രി കുമാരസ്വാമി മന്ത്രി രേവണ്ണയെ പ്രതിരോധിച്ച് രംഗത്തെത്തി. താന്‍ ഈ ദൃശ്യം വിശദമായി പരിശോധിച്ചെന്നും നിന്നു തിരിയാന്‍ സ്ഥലം ഇല്ലാത്തതിനാലും ജനത്തിരക്കും കാരണമാണ് ബിസ്‌ക്കറ്റ് എറിഞ്ഞ് കൊടുക്കേണ്ടി വന്നതെന്നും കുമാരസ്വാമി പറഞ്ഞു. തെറ്റിദ്ധരിക്കരുതെന്നും അദ്ദേഹം അപേക്ഷിച്ചു.
 

Latest News