Sorry, you need to enable JavaScript to visit this website.

ഉറങ്ങി ആരോഗ്യമുള്ളവരാകാം

തെളിഞ്ഞ ചിരിയും, നല്ല ഉറക്കവും ഡോക്ടറുടെ കയ്യിലെ മികച്ച മരുന്നുകള്‍ എന്നാണ് പറയുന്നത്. നല്ല ചിരി ഒരാളില്‍ ഉണ്ടാവാന്‍ ശാരീരിക, മാനസിക സൗഖ്യം പ്രധാനമാണ്. അതുപോലെ തന്നെയാണ് ഉറക്കത്തിന്റെ കാര്യവും. നല്ല ഉറക്കത്തിനു മനസിന്റെയും ശരീരത്തിന്റെയും ആരോഗ്യം അത്യന്താപേക്ഷിതമാണ്.

എന്താണ് ഉറക്കം

തലച്ചോറിലെ കോശങ്ങളുടെയും ഹോര്‍മോണുകളുടെയും ന്യൂറോ ട്രാന്‍സ്മിറ്ററുകളുടെയും ന്യൂറോ പെപ്റ്റയിഡുകളുടെയും ശരീരത്തിന്റെ ജൈവിക താളത്തിന്റെയുമെല്ലാം സംയുക്തപ്രവര്‍ത്തനങ്ങളുടെ ഫലമാണ് ഉറക്കം. പ്രായപൂര്‍ത്തിയായ ഒരു മനുഷ്യന്‍ ദിവസവും ഏഴര മുതല്‍ എട്ടു മണിക്കൂര്‍ വരെ ഉറങ്ങണമെന്നാണ് ശാസ്ത്രീയമായി കണക്കാക്കിയിട്ടുള്ളത്.

എന്തിന് ഉറങ്ങണം?

തലച്ചോറിലെ കോശങ്ങള്‍ക്ക് വിശ്രമം നല്‍കുന്ന പ്രക്രിയ കൂടിയാണ് ഉറക്കമെന്നത്. ശരീര കോശങ്ങള്‍ ഉറക്കത്തിലും പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുമെങ്കിലും കോശങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ചിട്ടയാക്കാന്‍ ഉറക്കം സഹായിക്കുന്നു.

പ്രധാനമായും രണ്ട് ധര്‍മങ്ങള്‍ ആണ് ഉറക്കം നിര്‍വഹിക്കുന്നത്. ഒന്ന് മനുഷ്യ ഓര്‍മകളെ ചിട്ടപ്പെടുത്തുകയെന്നതാണ്. രണ്ട് തലച്ചോറിലെ മെറ്റബോളിക് പ്രവര്‍ത്തനങ്ങളുടെ ഫലമായുണ്ടാകുന്ന മാലിന്യങ്ങള്‍ പുറംതള്ളുക എന്നതാണ്. ഉറക്കത്തില്‍ മാത്രം നടക്കുന്ന ഒരു പ്രക്രിയയാണത്. അല്‍ഷിമേഴ്സ്, പാര്‍ക്കിന്‌സണ്‍സ് പോലുള്ള ന്യൂറോ ഡീജനറേറ്റീവ് രോഗങ്ങള്‍ക്ക് പ്രധാന കാരണമാവുന്നത് ഇത്തരത്തില്‍ മാലിന്യം തലച്ചോറിലെ കോശങ്ങളില്‍ അടിഞ്ഞു കൂടുന്നതാണ് എന്നാണ് നിഗമനം. ഈ വിഷയത്തില്‍ ലോകമെമ്പാടും നിരവധി പഠനങ്ങള്‍ നടന്നു വരികയാണ്.

ഉറക്കമില്ലായ്മ (ഇന്‍സോംനിയ)എന്ന രോഗം

ഒരാളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെ ഉറക്കമില്ലായ്മ ബാധിക്കുമ്പോള്‍ ശാരീരികാവസ്ഥ എന്നതില്‍ നിന്നും ഉറക്കമില്ലായ്മ രോഗമായി മാറുന്നു. ദീര്‍ഘ യാത്രകളുടെ ഭാഗമായുള്ള ജെറ്റ് ലാഗ്, രാത്രികാല ജോലി മൂലമുണ്ടാകുന്ന ഉറക്ക വ്യതിയാനം, മറ്റു രോഗങ്ങള്‍, മരുന്നുകള്‍ മൂലമുള്ള ഉറക്കമില്ലായ്മ എന്നിവ അക്യൂട്ട് ഇന്‍സോംനിയ അയാണ് കരുതുന്നത്. താത്കാലികമായി ഉണ്ടാകുന്ന ഈ അവസ്ഥ  ഗുരുതരമല്ല. എന്നാല്‍ ഉറക്കമില്ലായ്മ ആഴ്ചകളോളം നീണ്ടാല്‍ (ക്രോണിക് ഇന്‍സോംനിയ) അതിനു പിന്നിലുള്ള കാരണം കണ്ടെത്തേണ്ടത് അത്യാവശ്യമാണ്. വിവിധ കാരണങ്ങള്‍ കൊണ്ട് ഇത്തരത്തിലുള്ള ഉറക്കമില്ലായ്മ ഉണ്ടാകുന്നു. പലപ്പോഴും ഉത്കണ്ഠയാണ് ഇത്തരത്തിലുള്ള ക്രോണിക് ഇന്‍സോംനിയക്ക് പ്രധാന കാരണമാവുന്നത്.

ഹൃസ്വകാല ഉറക്കമില്ലായ്മ പലപ്പോഴും ഒന്നോ രണ്ടോ ആഴ്ച്ച നീണ്ടു നില്‍ക്കുന്ന ചികിത്സ കൊണ്ട് പരിഹരിക്കപ്പെടും. എന്നാല്‍ ദീര്‍ഘകാലം നീണ്ടു നില്‍ക്കുന്ന ഉറക്കമില്ലായ്മ പരിഹരിക്കാന്‍ സൈക്കാട്രിസ്റ്റ്, സൈക്കോളജിസ്റ്റ് എന്നിവരുടെ സഹായം ആവശ്യമായി വേണ്ടിവരാറുണ്ട്. യഥാസമയം കൃത്യമായ ചികിത്സ ലഭിച്ചാല്‍ ദീര്‍ഘ കാല ഉറക്കമില്ലായ്മ പരിഹരിക്കപ്പെടുന്ന രോഗമാണ്.

അമിത ഉറക്കവും അപകടം

പകല്‍ സമയത്തെ അമിതമായ ഉറക്കം പലപ്പോഴും ശാരീരിക അവസ്ഥയുടെ ഫലമാണ്. ഹൈപ്പോ തൈറോയിഡിസം, ഡയബെറ്റിസ് എന്നിവ അമിതമായ ഉറക്കത്തിനു പ്രധാന കാരണങ്ങളാണ്. വിവിധതരം മരുന്നുകളും അമിതമായ ഉറക്കത്തിനു കാരണമാവുന്നുണ്ട്. സോഡിയം, കാല്‍സ്യം, തയാമിന്‍ പോലുള്ള വിറ്റാമിനുകളുടെ  അപര്യാപ്തത എന്നിവയും അമിതമായ പകലുറക്കത്തിന് കാരണമാവും. കൃത്യമായ പരിശോധനയും രോഗനിര്‍ണയവും വഴി അമിതമായ പകലുറക്കത്തിന്റെ കാരണം കണ്ടെത്തി പരിഹരിക്കണം.

ഉറക്ക വൈകല്യങ്ങളെ കുറിച്ച് അറിയാം

1. ഒബ്‌സ്ട്രക്ടീവ് സ്ലീപ് അപ്നിയ: ഉറങ്ങുമ്പോള്‍ ശ്വാസനാളത്തില്‍ തടസ്സം അനുഭവപ്പെടുകയും ശ്വസനം നില്‍ക്കുകയും വീണ്ടും ആരംഭിക്കുകയും ചെയ്യുന്നതാണ് ഒബ്‌സ്ട്രക്ടീവ് സ്ലീപ് അപ്നിയ. ശബ്ദത്തിലുള്ള കൂര്‍ക്കംവലി

ഉറക്കത്തില്‍ ഇടയ്ക്കിടെ ശ്വാസം നിലയ്ക്കുന്ന അവസ്ഥ, കിതപ്പ് അല്ലെങ്കില്‍ ശ്വാസം മുട്ടല്‍ എന്നിവ കാരണം പെട്ടെന്ന് ഉണരുകയോ ചെയ്യുന്നതാണ് ഇതിന്റെ ലക്ഷണങ്ങള്‍.

അമിത ഭാരം, രക്ത സമ്മര്‍ദം, ഇടുങ്ങിയ ശ്വാസനാളം, എന്നിവയും പ്രായധിക്യവും ഒബ്‌സ്ട്രക്ടീവ് സ്ലീപ് അപ്നിയക്ക് കാരണമാവാം.

2. റെസ്റ്റ്ലസ് ലെഗ് സിന്‍ഡ്രോം: റെസ്റ്റ്‌ലസ് ലെഗ് സിന്‍ഡ്രോം എന്നത് ഒരു ന്യൂറോളജിക്കല്‍ പ്രശ്നമാണ്. രാത്രിയില്‍ കാലില്‍ അസ്വസ്ഥതയാണ് പ്രധാന ലക്ഷണം. ഇതിനാല്‍ വിശ്രമിക്കുമ്പോള്‍ കാലുകള്‍ ചലിപ്പിയ്ക്കാനുള്ള തോന്നലുണ്ടാകുന്നു. ഇരുമ്പ്, ഫോളേറ്റ്, മഗ്നീഷ്യം, വൈറ്റമിന്‍ ബി12 എന്നിവയുടെ കുറവ്, റ്യുമാറ്റോയ്ഡ് ആര്‍ത്രൈറ്റിസ്, പാര്‍ക്കിന്‍സണ്‍സ് രോഗം, കിഡ്നി തകരാര്‍, പ്രമേഹം, വീനസ് ഡിസോര്‍ഡര്‍, തൈറോയ്ഡ് ഡിസോര്‍ഡര്‍, ചില മരുന്നുകള്‍ പ്രമേഹം, മദ്യപാനം, ഗര്‍ഭം തുടങ്ങിയവയെല്ലാം ഇതിനു കാരണമാകുന്നു.

3. പീരിയോഡിക് ലിമ്പ് മൂവ്‌മെന്റ് ഡിസോര്‍ഡര്‍: ഉറക്കത്തില്‍ രോഗി സ്വമേധയാ കൈകാലുകള്‍ ചലിപ്പിക്കുന്നതാണ് ഈ അവസ്ഥയുടെ ലക്ഷണം.  ഉറങ്ങുന്ന വ്യക്തിക്ക് പലപ്പോഴും ഈ ചലനങ്ങളെക്കുറിച്ച് പൂര്‍ണ്ണമായും അറിവുണ്ടാവാറില്ല. അതുമൂലം ഉറക്കം തടസപ്പെടുകയും അമിതമായ പകലുറക്കത്തിന് കാരണമാവുകയും ചെയ്യുന്നു.

പാര്‍ക്കിന്‍സണ്‍സ് രോഗം, നാര്‍കോലെപ്സി, മസ്‌കുലോസ്‌കലെറ്റല്‍ രോഗം, ഹൃദ്രോഗം, ഒബ്സ്ട്രക്റ്റീവ് സ്ലീപ് അപ്നിയ, കാറ്റപ്ലെക്‌സി, ഉറക്കസമയം അടുത്ത് ശാരീരിക പ്രവര്‍ത്തനങ്ങള്‍ നടത്തുക, മാനസിക വിഭ്രാന്തിയുടെ സാന്നിധ്യം എന്നിവയും വിവിധ മരുന്നുകളും പീരിയോഡിക് ലിമ്പ് മൂവ്‌മെന്റ് ഡിസോര്‍ഡറിനു കാരണമാവുന്നു.

4. നാര്‍കോലെപ്‌സി: നമ്മളുടെ ഞരമ്പുകളുടെ പ്രവര്‍ത്തന വ്യതിയാനമാണ് നാര്‍കോലെപ്സി എന്ന അസുഖത്തിന് കാരണമാവുന്നത്. നാര്‍കോലെപ്‌സി ഉള്ള ആളുകള്‍ക്ക്  ഉറക്കത്തെ നിയന്ത്രിക്കുവാന്‍ സാധിക്കാത്ത അവസ്ഥയായിരിക്കും. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ അനിയന്ത്രിതമായി ഉറങ്ങുന്നത് മൂലം ഗുരുതരമായ ബുദ്ധിമുട്ടുകള്‍ക്ക് കാരണമായേക്കാം. മസിലുകളെ നിയന്ത്രിക്കാന്‍ സാധിക്കാത്ത അവസ്ഥ (കാറ്റപ്ലെക്‌സി), മതിഭ്രമം, സ്ലീപ്പ് പരാലൈസിസ്, എന്നിവയെല്ലാം നാര്‍കോലെപ്‌സിയുടെ ഭാഗമായി സംഭവിക്കുന്നതാണ്.

5. റാപിഡ് ഐ മൂവ്‌മെന്റ് സ്ലീപ് അഥവാ സ്വപ്നാവസ്ഥയിലുള്ള ഉറക്കം: ഉറക്കത്തില്‍ കാണുന്ന സ്വപ്നത്തിന് അനുസരിച്ചു സംസാരിക്കുക, ചലിക്കുക, തുടങ്ങിയ കാര്യങ്ങള്‍ റാപിഡ് ഐ മൂവ്‌മെന്റ് സ്ലീപ് എന്ന അവസ്ഥയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഫുട്‌ബോള്‍ കളിക്കുന്നതായി സ്വപ്നം കാണുന്ന വ്യക്തി ബോള്‍ തട്ടുന്നതായും തടയുന്നതായുമെല്ലാം ഉറക്കത്തില്‍ പ്രവര്‍ത്തിക്കുന്നു. സാധാരണ ഈ അവസ്ഥയില്‍ ഉറങ്ങുന്ന വ്യക്തി കിടക്ക വിട്ട് എഴുന്നേല്‍ക്കുകയോ റൂമിന് പുറത്തേക്ക് പോവുകയോ ചെയ്യാറില്ല. ഇത്തരത്തില്‍ കാണുന്ന സ്വപ്നങ്ങള്‍ ഉണര്‍ന്ന ശേഷവും ഓര്‍മയില്‍ നില്‍ക്കും. മറ്റു ഉറക്ക വൈകല്യങ്ങളുടെ ഭാഗമായും റാപിഡ് ഐ മൂവ്‌മെന്റ് സ്ലീപ് ഉണ്ടാവാറുണ്ട്. 

പോളിസോമ്‌നോഗ്രാഫി
വിവിധതരം ഉറക്കം വൈകല്യങ്ങളെ കണ്ടെത്തുന്നതിനും ചികിത്സ നിര്‍ണയിക്കുന്നതിനുള്ള പരിശോധനയാണ് പോളിസോമ്‌നോഗ്രാഫി. ഇതുവഴി മസ്തിഷ്‌കത്തിലെ തരംഗങ്ങള്‍, രക്തത്തിലെ ഓക്‌സിജന്റെ അളവ്, ഹൃദയതാളം, ശ്വസനഗതി, തുടങ്ങിയവയെല്ലാം അറിയാന്‍ കഴിയും. ഉറക്കത്തില്‍ കണ്ണുകളുടെയും കാലുകളുടെയും ചലനങ്ങളും പോളിസോമ്‌നോഗ്രാഫിയിലൂടെ കണ്ടെത്താനാകും. പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള സ്ലീപ് ലാബിലാണ് ഈ പരിശോധന നടത്തുന്നത്.

തുടരാം നല്ല ശീലങ്ങള്‍, ഉറങ്ങാം നന്നായി
ഉറങ്ങാന്‍ കിടക്കുന്നതിന് മുന്‍പ് തന്നെ മൊബൈല്‍ ഫോണ്‍, ടാബ്ലറ്റ്, കംപ്യൂട്ടര്‍, ടി. വി തുടങ്ങിയവ മാറ്റി വെക്കുക. ഇവ ഉറക്കം നഷ്ടപ്പെടാന്‍ കാരണമാകുന്നവയാണ്.
കിടപ്പ് മുറി വൃത്തിയായി സൂക്ഷിക്കുന്നത് ഉറങ്ങാന്‍ സഹായിക്കും.ആരോഗ്യകരമായ ഭക്ഷണ ശീലങ്ങള്‍ പാലിക്കുന്നത് നന്നായി ഉറങ്ങാന്‍ സഹായിക്കുന്ന കാര്യമാണ്.
രാത്രി ഏറെ വൈകി ഭക്ഷണം കഴിക്കുന്ന സ്വഭാവം ഒഴിവാക്കുക. കുറഞ്ഞത് ഉറങ്ങുന്നതിന് രണ്ട് മണിക്കൂര്‍ മുന്‍പ് ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കുക.  
രാത്രി വൈകി കാപ്പി കുടിക്കുന്ന ശീലം നല്ലതല്ല. ഇത് തലച്ചോറിനെ ഉത്തേജിപ്പിക്കുന്നതുമൂലം ഉറക്കം നഷ്ടപ്പെടാം. വൈകി ചായയും കാപ്പിയും കുടിക്കുന്നവരില്‍ പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളും കണ്ടുവരുന്നുണ്ട്. ദഹിക്കാന്‍ ബുദ്ധിമുട്ടുള്ളതും കട്ടിയുള്ളതുമായ ലഘു ഭക്ഷണങ്ങള്‍ രാത്രികാലങ്ങളില്‍ ഒഴിവാക്കുന്നതും  നല്ലതാണ്.

Latest News