സുരേഷ് ​ഗോപിയെ സർക്കാർ വേട്ടയാടുന്നു- കെ.സുരേന്ദ്രൻ

ജാമ്യമില്ലാ വകുപ്പ് ചുമത്താൻ തിരുവനന്തപുരത്ത്  രാഷ്ട്രീയ ഗൂഢാലോചന നടന്നുവെന്നും സുരേന്ദ്രൻ

തൃശൂർ -  സുരേഷ് ​ഗോപിക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയത് പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ ശോഭകെടുത്താനാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സുരേഷ്​ഗോപിയെ സർക്കാർ വേട്ടയാടുകയാണെന്നും അദ്ദേഹം തൃശൂരിൽ  പറഞ്ഞു. സുരേഷ് ​ഗോപിക്കെതിരെ അന്വേഷണം നടത്തിയ കോഴിക്കോട് പോലീസിന്  തെളിവുകളൊന്നും കണ്ടെത്താൻ സാധിച്ചിരുന്നില്ല. എന്നാൽ തിരുവനന്തപുരത്ത് രാഷ്ട്രീയ ​ഗൂഢാലോചന നടക്കുകയും അതിന് ശേഷം ജാമ്യമില്ലാ വകുപ്പ് ചുമത്താൻ തീരുമാനിക്കുകയും ചെയ്തുവെന്ന് സുരേന്ദ്രൻ ആരോപിച്ചു. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് സുരേഷ് ​ഗോപിയെ ജനങ്ങളിൽ നിന്നും മാറ്റിനിർത്താനാണ് ശ്രമം നടക്കുന്നത്. ഇത്തരം വൃത്തികെട്ട രാഷ്ട്രീയം വിജയിക്കാൻ പോവുന്നില്ല. കരുവന്നൂർ സഹകരണ ബാങ്ക്, തൃശൂർ  സഹകരണ ബാങ്ക് തട്ടിപ്പുകളിലെ പ്രതികളെ രക്ഷിക്കാൻ ശ്രമിക്കുന്ന പോലീസാണ്  സുരേഷ് ​ഗോപിയെ കുടുക്കാൻ നടക്കുന്നത്. ഇതൊന്നും തൃശൂരിൽ  വിലപ്പോവില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. പുതുതായി ബിജെപിയിൽ ചേരുന്നവരെ സ്വീകരിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ.   തൃശൂർ  ജില്ലാ ഓഫീസിൽ നടന്ന ചടങ്ങിൽ കേരള കോൺഗ്രസ് ജേക്കബ് വിഭാഗത്തിന്റെ ജില്ലാ സെക്രട്ടറി മനീഷ്കുമാർ ഉൾപ്പെടെ നിരവധി പേരെ കെ.സുരേന്ദ്രൻ സ്വീകരിച്ചു. ജില്ലാ പ്രസിഡന്റ് കെകെ അനീഷ്കുമാർ അധ്യക്ഷത  വഹിച്ചു.

Latest News