Sorry, you need to enable JavaScript to visit this website.

'രണ്ട് ഗ്രൂപ്പ് അഞ്ചായി; കോൺഗ്രസ് നേതൃത്വത്തിന് നയപരമായും പാളുന്നു'; രൂക്ഷ വിമർശവുമായി വി.എം സുധീരൻ

തിരുവനന്തപുരം - ഇടവേളക്കുശേഷം കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷമായ പ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് വി.എം സുധീരൻ. കെ.പി.സി.സി യോഗത്തിലാണ് മുൻ പ്രസിഡന്റ് കൂടിയായ സുധീരൻ ആഞ്ഞടിച്ചത്. 
 നേതാക്കളിൽ പലരും പ്രവർത്തിക്കുന്നത് പാർട്ടിക്കു വേണ്ടിയല്ല. അവരവർക്കു വേണ്ടിയാണെന്നു പറഞ്ഞ അദ്ദേഹം കെ.പി.സി.സി നേതൃത്വം പരാജയമാണെന്നും തുറന്നടിച്ചു. പാർട്ടിയിൽ വേണ്ടത്ര കൂടിയാലോചനകൾ ഇല്ല. നയപരമായി പോലും പാർട്ടിയെ മറന്നു സംസാരിക്കുന്നു. കോൺഗ്രസിൽ രണ്ട് ഗ്രൂപ്പ് ഉണ്ടായിരുന്നത് ഇപ്പോൾ അഞ്ചു ഗ്രൂപ്പായി മാറിയെന്നും ആരോപിച്ച അദ്ദേഹം 2016-ലെ പരാജയ കാരണങ്ങളും കോൺഗ്രസ് മുൻ അധ്യക്ഷ സോണിയാ ഗാന്ധിക്ക് അയച്ച കത്തും യോഗത്തിൽ വിവരിച്ചു.
 പരാജയകാരണം ചൂണ്ടിക്കാട്ടി നേതൃത്വത്തിന് കത്ത് നൽകിയെങ്കിലും നടപടി ഉണ്ടായില്ലെന്നും പറഞ്ഞു. കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരൻ ചികിത്സാ ആവശ്യാർത്ഥം പത്തുദിവസത്തെ അവധിയിൽ പോകുകയാണെന്ന് യോഗത്തിൽ അറിയിച്ചു. പകരം ആർക്കും ചുമതല നല്കിയിട്ടില്ലെങ്കിലും ആസന്നമായ ലോകസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പാർട്ടി വീഴ്ചകൾ ആവർത്തിക്കാതിരിക്കാനും വിമർശങ്ങളെ ക്രിയാത്മകമായി ഉൾക്കൊണ്ട് മുന്നോട്ടു പോകണമെന്നും പലരും ചർച്ചയിൽ ചൂണ്ടിക്കാട്ടി.

Latest News