കൊണ്ടോട്ടി- സംസ്ഥാന ഹജ് കമ്മിറ്റിക്ക് കീഴിൽ ഹജിന് പോയവരുടെ മടക്ക സർവീസുകൾ അടുത്ത മാസം 12 മുതൽ ആരംഭിക്കും. വിമാനങ്ങൾ കരിപ്പൂരിലേക്ക് മാറ്റാനുളള ശ്രമങ്ങൾ നടത്തുമെന്ന് ഹജ് കമ്മിറ്റി ചെയർമാൻ സി.മുഹമ്മദ് ഫൈസി പറഞ്ഞു. മടക്ക വിമാന സർവീസ് സംബന്ധിച്ച് ചർച്ച ചെയ്യാൻ ബലിപെരുന്നാളിന് ശേഷം ഹജ് കമ്മിറ്റി യോഗം ചേരും. പ്രളയക്കെടുതി മൂലം അവസാന ഹജ് സർവീസുകൾ തിരുവന്തപുരത്തു നിന്നാണ് പുറപ്പെട്ടത്. നെടുമ്പാശ്ശേരിയിലെത്തിയ തീർഥാടകരെ വീണ്ടും റോഡ് മാർഗം തിരുവനന്തപുരത്തേക്ക് എത്തിക്കാൻ ഏറെ പ്രയാസങ്ങളുണ്ടായിട്ടുണ്ട്.
ഹജ് മടക്ക സർവീസുകൾ അടുത്ത മാസം 12 മുതൽ 26 വരെയായി 29 വിമാനങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. മദീനയിൽ നിന്നാണ് ഹജ് വിമാനങ്ങൾ നാട്ടിലേക്ക് പുറപ്പെടുക. ആദ്യ ദിനത്തിൽ രണ്ട് വിമാനങ്ങളാണുളളത്. 13ന് ഒരു വിമാനവും സർവീസ് നടത്തും. 14ന് വിമാനങ്ങളില്ല. 15, 18, 19, 23 തിയ്യതികളിൽ മൂന്ന് വിമാനങ്ങളും 16, 22, 25, 26 തിയ്യതികളിൽ രണ്ട് വിമാനങ്ങളുമുണ്ടാകും. 17, 21, 24 തിയ്യതികളിൽ ഓരോ വിമാനവും സർവീസ് നടത്തും.
ഹജിന് ആദ്യം പോയ നാലു വിമാനങ്ങളിലെ തീർഥാടകർക്ക് 43 ദിവസം മക്കയിൽ ചെലവഴിക്കാൻ അവസരം ലഭിക്കും. 42 ദിവസം വരെയാണ് ഹജ് വിസയുടെ കാലാവധി. വിമാനങ്ങളുടെ സമയത്തിന് അനുസരിച്ചുളള മാറ്റങ്ങളാണ് താമസ ദിവസങ്ങളിലെ മാറ്റത്തിന് കാരണം. തീർഥാടകർ എട്ട് ദിവസം മദീനയിലായിരിക്കും. കേരളത്തിൽ നിന്നുളള തീർഥാടകർ ഹജ് കർമം കഴിഞ്ഞതിന് ശേഷമാണ് മദീന സന്ദർശനം പൂർത്തിയാക്കുന്നത്. 12,013 പേരാണ് ഈ വർഷം ഹജിന് പോയത്. ഇവരിൽ 277 പേർ ലക്ഷദ്വീപിൽ നിന്നുളളവരും, 47 പേർ മാഹിയിൽ നിന്നുളളവരുമാണ്. 23 കുട്ടികളും സംഘത്തിലുണ്ട്.
കേരളത്തിലെ പ്രളയക്കെടുതി മൂലം നെടുമ്പാശ്ശേരി വിമാനത്താവളം 26 വരെ അടച്ചിട്ടിരിക്കുകയാണ്. കാലാവസ്ഥ പ്രശ്‌നമുണ്ടായാൽ സർവീസുകൾ മാറ്റേണ്ടി വരും. ഇതിനുളള തയാറെടുപ്പുകളും മുൻകരുതലുകളും നേരത്തെ കരിപ്പൂരിൽ എയർപോർട്ട് അതോറിറ്റി ഒരുക്കിയിട്ടുണ്ട്. എന്നാൽ സൗദി എയർലൈൻസിന് സർവീസ് മാറ്റണമെങ്കിൽ 20 ദിവസമെങ്കിലും വേണമെന്നാണ് വിമാന കമ്പനി പറയുന്നത്. ഗ്രൗണ്ട് ഹാന്റ്‌ലിംഗ് അടക്കം ഒരുക്കേണ്ടി വരും. സർവീസ് അനുമതിയുണ്ടെങ്കിലും സാങ്കേതികത്വം നിലനിൽക്കുന്നുണ്ട്. ഇതടക്കമുളള കാര്യങ്ങൾ യോഗത്തിൽ ചർച്ച ചെയ്യും.
--