മിന- വിശുദ്ധ ഹറമിൽ നിന്ന് വീണു കിട്ടിയ പഴ്‌സ് ഏറെ ശ്രമകരമായ പ്രയത്‌നങ്ങൾക്കൊടുവിൽ ഉടമയെ കണ്ടെത്തി തിരിച്ചു നൽകുന്നതിന് സാധിച്ചതിന്റെ ആഹ്ലാദത്തിലാണ് അസർബൈജാനിൽ നിന്നുള്ള തീർഥാടകൻ അബ്ദുല്ല, ഹജ് നിർവഹിക്കുന്നത്. വിവിധ രാജ്യങ്ങളുടെ കറൻസികളും ക്രെഡിറ്റ് കാർഡുകളും തിരിച്ചറിയൽ രേഖകളും അടങ്ങിയ പഴ്‌സ് ഫ്രഞ്ച് തീർഥാടകൻ ഇബ്ൻ സറൂഖിന്റെ പക്കൽ നിന്ന് ത്വവാഫ് കർമത്തിനിടെ മതാഫിൽ വെച്ച് നഷ്ടപ്പെടുകയായിരുന്നു. തീർഥാടന യാത്രയിലെ ചെലവുകൾക്കെല്ലാം കൈയിൽ കരുതിയ പണവും ക്രെഡിറ്റ് കാർഡുകളും നഷ്ടപ്പെട്ടതോടെ ഇബ്ൻ സറൂഖ് വേവലാതിയിലായി. പഴ്‌സിനു വേണ്ടിയുള്ള അന്വേഷണങ്ങൾ നിഷ്ഫലമായതോടെ ഇദ്ദേഹം പ്രാർഥനയിൽ അഭയം കണ്ടു.
പഴ്‌സ് കണ്ടെത്തുന്നതിന് ഇബ്ൻ സറൂഖ് ഓടിപ്പാഞ്ഞു നടക്കുന്നതിനിടെ പഴ്‌സിന്റെ ഉടമയെ കണ്ടെത്തുന്നതിനുള്ള തിരക്കിലായിരുന്നു അസർബൈജാൻ കാരനായ അബ്ദുല്ല. ത്വവാഫ് നിർവഹിക്കുന്നതിനിടെ അബ്ദുല്ലയുടെ കാലിൽ പഴ്‌സ് തടയുകയായിരുന്നു. പഴ്‌സ് കൈയിലെടുത്ത അബ്ദുല്ല ഉടമയെ കണ്ടെത്തുന്നതിന് സഹായിക്കുന്ന വല്ല രേഖകളും അകത്തുണ്ടോയെന്ന് പരിശോധിച്ചു. പഴ്‌സിൽ നിന്ന് ലഭിച്ച ഫ്രാൻസിലെ മൊബൈൽ ഫോൺ നമ്പറുകളിൽ ബന്ധപ്പെട്ടെങ്കിലും മറുതലക്കൽ ആരും അറ്റന്റ് ചെയ്തില്ല. ഫ്രാൻസിലെ ലാന്റ് ഫോൺ നമ്പറിൽ ബന്ധപ്പെട്ടപ്പോൾ ബന്ധുക്കളിൽ ഒരാൾ ഫോണെടുത്തു. പഴ്‌സിന്റെ ഉടമയെ കണ്ടെത്തുന്നതിന് സഹായിക്കണമെന്ന് ബന്ധുവിനോട് അബ്ദുല്ല ആവശ്യപ്പെട്ടു. ഫ്രാൻസിലെ ബന്ധു മറ്റു രാജ്യത്ത് കഴിയുന്ന ഇബ്ൻ സറൂഖിന്റെ ഭാര്യയുമായി ഫോണിൽ ബന്ധപ്പെട്ട് വിവരങ്ങൾ കൈമാറി. ഹജ് യാത്രയിൽ ഭർത്താവിനെ അനുഗമിച്ച സുഹൃത്തിന്റെ ഫോണിൽ ബന്ധപ്പെട്ട് ഭാര്യ പഴ്‌സും പണവും രേഖകളും അസർബൈജാനിൽ നിന്നുള്ള തീർഥാടകന് വീണു കിട്ടിയ കാര്യം പ്രിയതമനെ അറിയിച്ചു.
ഈ സമയത്ത് ഫോണിൽ ബന്ധപ്പെട്ട് അന്വേഷണങ്ങൾ നടത്തുക മാത്രമല്ല, മറിച്ച്, തുർക്കിയിൽ നിന്നും യൂറോപ്പിൽ നിന്നും അമേരിക്കയിൽ നിന്നുമുള്ള തീർഥാടകർക്ക് സേവനങ്ങൾ നൽകുന്ന ത്വവാഫ എസ്റ്റാബ്ലിഷ്‌മെന്റ് അധികൃതരെ സമീപിച്ചും പഴ്‌സ് ഉടമയെ കണ്ടെത്തുന്നതിന് അബ്ദുല്ല ശ്രമം നടത്തി. ത്വവാഫ എസ്റ്റാബ്ലിഷ്‌മെന്റിലെ ഡാറ്റാ ബേസിൽ അന്വേഷണം നടത്തി ഫ്രഞ്ച് തീർഥാടകന് സേവനം നൽകുന്ന ഫീൽഡ് ഓഫീസുമായി ആശയ വിനിമയം നടത്തി ഇബ്ൻ സറൂഖിനെ വിളിച്ചുവരുത്തി പഴ്‌സ് കൈമാറുന്നതിന് അധികൃതർ അബ്ദുല്ലയെ സഹായിച്ചു. എന്നെന്നേക്കുമായി നഷ്ടപ്പെട്ടെന്ന് കരുതിയ പഴ്‌സും പണവും രേഖകളും ഇത്രയും വേഗത്തിൽ തിരിച്ചു കിട്ടുമെന്ന് ബിൻ സറൂഖ് ഒരിക്കലും നിനച്ചതല്ല. 1974 ൽ താൻ ഹജ് നിർവഹിച്ചിരുന്നെന്നും അന്ന് തന്റെ പഴ്‌സ് നഷ്ടപ്പെട്ടിരുന്നെന്നും അബ്ദുല്ല പറഞ്ഞു. അന്ന് ഹറം സുരക്ഷാ സേനയാണ് കുറഞ്ഞ സമയത്തിനുള്ളിൽ തനിക്ക് പഴ്‌സ് തിരിച്ചു നൽകിയത്. വീണുകിട്ടിയ പഴ്‌സ് യഥാർഥ ഉടമയെ കണ്ടെത്തി തിരിച്ചു നൽകിയതിലൂടെ 44 വർഷം പഴക്കമുള്ള കടമാണ് താൻ ഇപ്പോൾ വീട്ടിയിരിക്കുന്നതെന്ന് അബ്ദുല്ല പറഞ്ഞു.