Sorry, you need to enable JavaScript to visit this website.

15000 കോടിയുടെ പദ്ധതിയുമായി പ്രധാനമന്ത്രി അയോധ്യയിൽ; പൈതൃകം സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമെന്ന് മോഡി

ന്യൂഡൽഹി - 15000 കോടി രൂപയുടെ വികസന പദ്ധതികളുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് അയോധ്യയിൽ. വാൽമീകി അന്താരാഷ്ട്ര വിമാനത്താവളം രാജ്യത്തിന് സമർപ്പിക്കാനെത്തുന്ന പ്രധാനമന്ത്രി അയോധ്യ ധാം ജംഗ്ഷൻ റെയിൽവെ സ്റ്റേഷൻ ഉൾപ്പെടെയുള്ള വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനത്തിനായി അവസാന ഘട്ടത്തിലെത്തിയ ശ്രീരാമക്ഷേത്രത്തിലേക്കുള്ള പ്രവേശനക്ഷമത വർധിപ്പിക്കുന്നതിനായി, വീതികൂട്ടി പുനർനിർമിച്ച് മനോഹരമാക്കിയ നാല് റോഡുകളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. അയോധ്യയിൽ 2180 കോടിയിലധികം രൂപ ചെലവിൽ വികസിപ്പിക്കുന്ന ഗ്രീൻഫീൽഡ് ടൗൺഷിപ്പിനും പ്രധാനമന്ത്രി തറക്കല്ലിടും.
 അയോധ്യയിൽ രണ്ട് പുതിയ അമൃത് ഭാരത് ട്രെയിനുകളും പ്രധാനമന്ത്രി ഇന്ന് ഫ്‌ളാഗ്‌ ഓഫ് ചെയ്യുന്നതോടെ രാജ്യത്ത് അമൃത് ഭാരത് ട്രെയിനുകളും പ്രവർത്തനം ആരംഭിക്കും. ഇതോടൊപ്പം ആറ് പുതിയ വന്ദേ ഭാരത് ട്രെയിനുകളും പ്രധാനമന്ത്രി ഫ്‌ളാഗ്‌ ഓഫ് ചെയ്യും.
 ബാബരി മസ്ജിദ് പൊളിച്ചിടത്ത് സുപ്രിംകോടതി വിധി അനുസരിച്ച് നിർമിച്ച അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം 2024 ജനുവരി 22ന് ഉച്ചയ്ക്ക് 12.30ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് ഉദ്ഘാടനം ചെയ്യുക. 
 'ശ്രീരാമന്റെ സ്വന്തമായ അയോധ്യയുടെ സമ്പന്നമായ പൈതൃകം സംരക്ഷിക്കാൻ ഈ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് അയോധ്യയിലേക്ക് തിരിക്കും മുമ്പ് പ്രധാനമന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. ലോകോത്തര നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങളാണ് അയോധ്യയിൽ ഒരുങ്ങുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മേഖലയുടെ ഒന്നാകെയുള്ള വികസനത്തിന് പുറമെ കണക്ടിവിറ്റിയും ഏറെ മികച്ചതാക്കും. അയോധ്യയും ഉത്തർപ്രദേശും ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള എന്റെ കുടുംബാംഗങ്ങളുടെ ജീവിതം കൂടുതൽ എളുപ്പമാക്കുന്നതിന് സഹായിക്കുന്ന വികസനപദ്ധതികൾക്ക് തുടക്കം കുറിക്കാനുള്ള അവസരമാണ് തനിക്ക് ലഭിച്ചതെന്നും ഇതിൽ വളരെയേറെ സന്തോഷമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. 
 രാവിലെ 11.15ഓടെയാണ് നവീകരിച്ച അയോധ്യ റെയിൽവേ സ്റ്റേഷന്റെ ഉദ്ഘാടനം. ഇവിടെ നിന്ന് പുതിയ അമൃത് ഭാരത്, വന്ദേ ഭാരത് ട്രെയിനുകളും പ്രധാനമന്ത്രി ഫ്‌ളാഗ്‌ ഓഫ് ചെയ്യും. ഉച്ചയ്ക്ക് 12.15ഓടെ പുതിയതായി നിർമിച്ച അയോധ്യ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. ഉച്ചയ്ക്ക് ഒരു മണിക്ക് നടക്കുന്ന പൊതു പരിപാടിയിൽ അയോധ്യയിൽ നടപ്പാക്കുന്ന വിവിധ വികസന പദ്ധതികൾക്ക് തറക്കല്ലിടും.

Latest News