മിനാ- ദുൽഹജ് എട്ടിന് ഞായറാഴ്ച 14,000 ലേറെ ഹജ് തീർഥാടകർക്ക് സ്‌കൗട്ടുകളുടെ സഹായം ലഭ്യമായി. സൗദി അറേബ്യൻ ബോയ് സ്‌കൗട്ട്‌സ് അസോസിയേഷനു കീഴിലെ സർവീസ് ക്യാമ്പുകൾക്കു കീഴിലെ അംഗങ്ങൾ ഹജിന്റെ ആദ്യ ദിവസമായ ഞായറാഴ്ച ആകെ 14,503 തീർഥാടകർക്കാണ് സഹായങ്ങൾ നൽകിയത്. ഇതിൽ 3,411 തീർഥാടകരെ സ്‌കൗട്ടുകൾ തമ്പുകളിലെത്തിച്ചു. 11,092 പേർക്ക് തമ്പുകളിലേക്കുള്ള വഴികൾ സ്‌കൗട്ടുകൾ പറഞ്ഞു കൊടുത്തു. 1,200 ഓളം സ്‌കൗട്ടുകളാണ് ഈ വർഷം പുണ്യസ്ഥലങ്ങളിൽ സേവനമനുഷ്ഠിക്കുന്നത്.
മിനായിൽ സൗദി അറേബ്യൻ ബോയ് സ്‌കൗട്ട്‌സ് അസോസിയേഷനു കീഴിൽ എട്ടു ഗൈഡൻസ് സെന്ററുകൾ തുറന്നിട്ടുണ്ട്. ഇവക്കു പുറമെ മൊബൈൽ ഗൈഡൻസ് സെന്ററുകളുമുണ്ട്. ഈ വർഷം സൗദി അറേബ്യൻ ബോയ് സ്‌കൗട്ട്‌സ് അസോസിയേഷൻ 20 ലക്ഷത്തിലേറെ മാപ്പുകൾ അച്ചടിച്ച് തീർഥാടകർക്കിടയിൽ വിതരണം ചെയ്തിട്ടുണ്ടെന്ന് സൗദി അറേബ്യൻ ബോയ് സ്‌കൗട്ട്‌സ് അസോസിയേഷൻ സർവീസ് ക്യാമ്പ് സൂപ്പർവൈസർ ജനറൽ ഡോ.അബ്ദുല്ല അൽഫഹദ് പറഞ്ഞു. പുണ്യസ്ഥലങ്ങളുടെ മാപ്പ് അടങ്ങിയ ആപ്ലിക്കേഷനും പുറത്തിറക്കിയിട്ടുണ്ട്. മിനായിലെ നിരവധി സ്ഥലങ്ങളിൽ വലിയ ബിൽബോർഡുകളിൽ മാപ്പുകൾ പ്രദർശിപ്പിച്ചിട്ടുണ്ട്. തങ്ങളുടെ തമ്പുകൾ നിൽക്കുന്ന സ്ഥലങ്ങളും അവിടെ എത്തിപ്പെടുന്നതിനുള്ള റോഡുകളും വഴികളും തിരിച്ചറിയുന്നതിന് മാപ്പുകൾ തീർഥാടകരെ സഹായിക്കുന്നു. ഇതിലൂടെ വഴി തെറ്റുന്ന തീർഥാടകരുടെ എണ്ണം കുറക്കുന്നതിന് സാധിക്കുന്നതായി ഡോ.അബ്ദുല്ല അൽഫഹദ് പറഞ്ഞു.