മക്ക- പരമ്പരാഗത ടെന്റുകൾക്ക് പകരം അറഫയിൽ ഈ വർഷം ജർമൻ നിർമിത ടെന്റുകൾ. അറബ് രാജ്യങ്ങളിൽ നിന്നെത്തുന്ന ഹാജിമാർക്ക് മാത്രമായി അറഫ നഗരിയിൽ സ്ഥാപിച്ചിരുന്ന പരമ്പരാഗത ടെന്റുകൾ പൂർണമായും ഒഴിവാക്കി ഈ വർഷം ജർമൻ നിർമിത ടെന്റുകളാണൊരുക്കിയത്. ഇതോടെ അറഫയിൽ ഇനി മുതൽ ഹാജിമാർക്ക് പരമ്പരാഗത ടെന്റുകളൊരുക്കില്ല. മറ്റു രാജ്യങ്ങളിൽ നിന്നുള്ള ഹാജിമാർക്ക് നേരത്തെ തന്നെ ജർമൻ നിർമിത ടെന്റുകളാണ് തയാറാക്കിയിരുന്നത്.
ഒമ്പത് ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിൽ അറഫയിൽ 385 ഹാജിമാർക്ക് താമസിക്കാവുന്ന പ്രത്യേക ടെന്റുകളാണ് ഒരുക്കിയിരിക്കുന്നതെന്ന് അറഫ ടെന്റുകളുടെ മേൽനോട്ടം വഹിക്കുന്ന മുതവ്വിഫ് എൻജിനീയർ മുഹമ്മദ് അറിയിച്ചു. ചൂടിനെയും തണുപ്പിനെയും പ്രതിരോധിക്കാനാവുന്ന പ്രത്യേക തരം ഷീറ്റുകളാണ് ഈ ടെന്റുകളിൽ ഉപയോഗിക്കുന്നത്. എയർ കണ്ടീഷൻ സൗകര്യങ്ങൾ കൂടി ഒരുക്കുന്നതോടെ ഹാജിമാർക്ക് ഇതിനുള്ളിൽ സുഖമായി താമസിക്കാനാവും. ഓരോ ഹാജിമാർക്കും നിശ്ചയിച്ച ടെന്റുകളിൽ മാത്രമേ പ്രവേശനം അനുവദിച്ചിരുന്നുള്ളൂ.