Sorry, you need to enable JavaScript to visit this website.

സ്വപ്‌ന സുരേഷിനെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കും

കണ്ണൂർ-സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെതിരെ ആരോപണമുന്നയിച്ച സ്വപ്‌ന സുരേഷിനെ അന്വേഷണസംഘം വീണ്ടും 
ചോദ്യം ചെയ്യാൻ വിളിപ്പിക്കും. ശബരിമല ഡ്യൂട്ടികഴിഞ്ഞ് തളിപ്പറമ്പ് ഡിവൈ.എസ്.പി എം.പി വിനോദ് അടുത്ത ദിവസം  തിരിച്ചെത്തുന്നതോടെ അന്വേഷണസംഘം യോഗം ചേർന്നാണ് തീയതി നിശ്ചയിക്കുക.  കഴിഞ്ഞദിവസം കണ്ണൂരിൽ വെച്ച് സ്വപ്‌നയെ ചോദ്യംചെയ്തിരുന്നു. അന്വേഷണ സംഘത്തിന്റെ ചോദ്യങ്ങൾക്ക് ഇവർ നൽകിയ ഉത്തരങ്ങൾ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. കടമ്പേരി സ്വദേശി രാജേഷ് പിള്ളയാണ് സ്വപ്‌ന സുരേഷിനോട് മുഖ്യമന്ത്രിക്കെതിരെയുള്ള പരാതിയിൽ നിന്ന് പിൻമാറിയില്ലെങ്കിൽ നിങ്ങളെ കൊല്ലാൻ 30 കോടി രൂപ എം. വി. ഗോവിന്ദൻ വാഗ്ദാനം ചെയ്തുവെന്ന് പറഞ്ഞത്. ഇതുസംബന്ധിച്ച ചോദ്യങ്ങളിൽ നിന്ന് സ്വപ്ന ഒഴിഞ്ഞു മാറുകയാണുണ്ടായത്. അതേസമയം വിജേഷ് പിള്ളക്കെതിരെ ബംഗളൂരു പോലീസിൽ സ്വപ്‌ന കേസ് കൊടുത്തിരുന്നു. ഈ കേസിന്റെ സ്ഥിതി എന്താണെന്ന ചോദ്യത്തിന് എനിക്ക് അറിയില്ലായെന്നാണ് സ്വപ്ന മറുപടി നൽകിയത്. മാത്രമല്ല, ഈ പരാതിയിൽ മുഖ്യമന്ത്രിയുടെയോ എം.വി. ഗോവിന്ദന്റേയോ പേര് പരാമർശിക്കാത്തതിനെപ്പറ്റിയും ഡിവൈ.
എസ്.പി രത്‌നകുമാറിന്റെയും പ്രേമചന്ദ്രന്റെയും ചോദ്യത്തിന് അതിന്റെ ആവശ്യമില്ലായെന്നാണ് സ്വപ്‌ന മറുപടി നൽകിയത്. ഈ സാഹചര്യത്തിലാണ് ഈ കേസുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ ചോദിച്ച റിയുന്നതിനായി സ്വപ്‌നയെ വീണ്ടും വിളിപ്പിക്കാൻ അന്വേഷണസംഘം തീരുമാനിച്ചത്.
സ്വപ്നക്കെതിരെ ചുമത്തിയ വകുപ്പുകൾ സംബന്ധിച്ച് നിയമോപദേശം തേടുന്നുണ്ട്. രണ്ടാം ഘട്ട ചോദ്യം ചെയ്യലിന് ശേഷമായിരിക്കും കേസുമായി ബന്ധപ്പെട്ട തുടർ നടപടികൾ സ്വീകരിക്കുക. കേസുമായി ബന്ധപ്പെട്ട് യാതൊരു തെളിവുകളും ഹാജരാക്കാൻ സ്വപ്ന തയ്യാറായിട്ടില്ല. മാത്രമല്ല, പോലീസ് തന്നെ ഈ കേസിൽ കുടുക്കാൻ ശ്രമിക്കുകയാണെന്നും, കേസുമായി ബന്ധമില്ലാത്ത കാര്യങ്ങളാണ് അന്വേഷിക്കുന്നതെന്നും ചോദ്യം ചെയ്യലിന് ശേഷം സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞത്.
 

Latest News