Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഹജ് സേവന മേഖലയിൽ അസാധ്യമെന്ന വാക്ക് സൗദിക്കറിയില്ല -മക്ക ഗവർണർ

മിനായിൽ മക്ക ഗവർണറേറ്റ് ആസ്ഥാനത്ത് വിളിച്ചുചേർത്ത പത്രസമ്മേളനത്തിൽ ഖാലിദ് അൽഫൈസൽ രാജകുമാരൻ.

ഹാജിമാരെ സേവിക്കുന്നത് രണ്ടര ലക്ഷത്തിലേറെ പേർ
മിനാ- ഹജ് സേവന മേഖലയിലും ഇരു ഹറമുകൾ പരിചരിക്കുന്ന കാര്യത്തിലും അസാധ്യമെന്ന വാക്ക് സൗദി ഭരണാധികാരികൾക്കും ഗവൺമെന്റിനും സൗദി ജനതക്കും അറിയില്ലെന്ന് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ ഉപദേഷ്ടാവും മക്ക ഗവർണറും സെൻട്രൽ ഹജ് കമ്മിറ്റി ചെയർമാനുമായ ഖാലിദ് അൽഫൈസൽ രാജകുമാരൻ പറഞ്ഞു. മിനായിൽ മക്ക ഗവർണറേറ്റ് ആസ്ഥാനത്ത് വിളിച്ചുചേർത്ത പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവിച്ചിരിക്കുന്ന കാലത്തോളം ഹജ് സേവന മേഖലയിൽ സാധ്യമായതെല്ലാം ചെയ്യും. തീർഥാടന യാത്രയിൽ ഹാജിമാർക്ക് ആവശ്യമായ എല്ലാവിധ സൗകര്യങ്ങളും സൗദി അറേബ്യ ഒരുക്കും.
ഇസ്‌ലാം മുന്നോട്ടു വെക്കുന്നത് സമാധാന സന്ദേശമാണെന്നാണ് ഹജ് സീസൺ വ്യക്തമാക്കുന്നത്. മുസ്‌ലിം രാജ്യങ്ങളിൽ മാത്രമല്ല, ലോകമെങ്ങും മാനവ കുലത്തിന്റെ വികസനത്തിനും പുരോഗതിക്കും സംഭാവനകൾ അർപ്പിക്കുന്നതിനും സഹായങ്ങൾ നൽകുന്നതിനും ഉന്നത ധാർമിക മൂല്യങ്ങൾ പാലിക്കുന്നതിനും ഇസ്‌ലാം വിശ്വാസികളോട് ആവശ്യപ്പെടുന്നു. മക്ക പ്രവിശ്യ വികസന അതോറിറ്റി ഈ വർഷം പുണ്യ സ്ഥലങ്ങളിൽ പത്തു പദ്ധതികൾ നടപ്പാക്കിയിട്ടുണ്ട്. മൂന്നര ലക്ഷം ഹാജിമാർക്ക് മശാഇർ മെട്രോയിലും 18 ലക്ഷം തീർഥാടകർക്ക് ബസുകളിലും യാത്രാ സൗകര്യം ഒരുക്കിയിട്ടുണ്ട്. സുരക്ഷാ ഭടന്മാരും ബന്ധപ്പെട്ട വകുപ്പുകളിലെ ജീവനക്കാരും വളണ്ടിയർമാരും അടക്കം ഈ വർഷം ഹജ് സേവന മേഖലയിൽ രണ്ടര ലക്ഷത്തിലേറെ പേർ സേവനമനുഷ്ഠിക്കുന്നുണ്ട്. പുണ്യ സ്ഥലങ്ങൾ മൊത്തത്തിൽ വികസിപ്പിക്കുന്നതിനുള്ള സമഗ്ര പഠനം നടത്തി പഠന റിപ്പോർട്ട് മക്ക റോയൽ കമ്മീഷന് സമർപ്പിച്ചിട്ടുണ്ട്. ഈ പദ്ധതിക്ക് അംഗീകാരം ലഭിക്കുന്ന പക്ഷം പുണ്യസ്ഥലങ്ങളിൽ ബസുകൾ കടന്നു പോകുന്ന അതേ റോഡുകളിലൂടെ കാൽനട യാത്രക്കാർ സഞ്ചരിക്കുന്നതു മൂലമുള്ള പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരമാകും. 
ഹജ് തീർഥാടകർക്ക് സൗദി അറേബ്യ നൽകുന്ന സേവനങ്ങളെ വിലകുറച്ചു കാണിക്കുന്നതിന് ചിലർ ശ്രമിക്കുന്നുണ്ട്. ഇത് സൗദി അറേബ്യയോടും സൗദി ജനതയോടുമുള്ള അനീതിയാണ്. ഇരു ഹറമുകളും പരിചരിക്കുന്നതിനും തീർഥാടകർക്ക് സേവനങ്ങൾ നൽകുന്നതിനും സൗദി ഭരണകൂടവും ജനതയും തീവ്ര പ്രയത്‌നമാണ് നടത്തുന്നത്. സൗദി അറേബ്യക്കെതിരായ വ്യാജ പ്രചാരണങ്ങൾക്കു മുന്നിൽ രാജ്യം കീഴടങ്ങില്ല. തീർഥാടന യാത്ര സുഖകരമായ അനുഭൂതിയാക്കി മാറ്റുന്നതിനുള്ള ശ്രമങ്ങളുമായി സൗദി അറേബ്യ മുന്നോട്ടു പോകും. ഇറാനിൽ നിന്ന് 86,000 ലേറെ തീർഥാടകർ എത്തിയിട്ടുണ്ട്. ഞായറാഴ്ച വൈകീട്ടു വരെ ഖത്തറിൽ നിന്ന് 300 ലേറെ ഹാജിമാർ എത്തിയിട്ടുണ്ട്. ഈ വർഷം 160 വ്യാജ ഹജ് സർവീസ് സ്ഥാപനങ്ങൾ കണ്ടെത്തി. ഹജ് നിയമങ്ങൾ ലംഘിച്ച 5,45,907 പേരെ സുരക്ഷാ വകുപ്പുകൾ പിടികൂടി. പ്രത്യേക പെർമിറ്റില്ലാതെ മക്കയിലേക്ക് കടക്കുന്നതിന് ശ്രമിച്ച 2,31,911 വാഹനങ്ങളും പിടികൂടിയതായി മക്ക ഗവർണർ അറിയിച്ചു. 

Latest News