മിനാ- ഹജ് തീർഥാടകർ ഷേവിംഗ് സെറ്റുകൾ ആവർത്തിച്ച് ഉപയോഗിക്കുന്നതിനെതിരെ ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഷേവിംഗ് സെറ്റുകളും ബ്ലേഡുകളും തീർഥാടകർ പങ്കുവെച്ച് ഉപയോഗിക്കുന്നതിലൂടെ ഹെപ്പറ്റൈറ്റിസ് അടക്കമുള്ള പകർച്ചവ്യാധികൾ പടർന്നു പിടിക്കുന്നതിന് സാധ്യതയുണ്ട്. സുരക്ഷിതമായി ശിരസ്സ് മുണ്ഡനം ചെയ്യുന്നതിന് സ്വന്തം ഷേവിംഗ് സെറ്റുകളും അനുബന്ധ വസ്തുക്കളും തീർഥാടകർ കൈയിൽ കരുതണം. ഇത് സാധിക്കാത്ത പക്ഷം ഷേവിംഗ് സെറ്റിലെ ബ്ലേഡ് മാറ്റിയിട്ടുണ്ടെന്നും ബ്ലേഡ് തങ്ങൾക്കു മുന്നിൽ വെച്ച് അണുവിമുക്തമാക്കിയിട്ടുണ്ടെന്നും തീർഥാടകർ ഉറപ്പു വരുത്തണം.
ബാർബർ ഷോപ്പുകളിലും ശിരസ്സ് മുണ്ഡനം ചെയ്യുന്ന സ്ഥലങ്ങളിലും നിലത്ത് വീണു കിടക്കുന്ന ബ്ലേഡുകൾ ചവിട്ടാതിരിക്കുന്നതിന് തീർഥാടകർ ശ്രദ്ധിക്കണം. ഒറ്റത്തവണ ഉപയോഗിക്കുന്നതിനുള്ള ഡിസ്‌പോസിബിൾ ഷേവിംഗ് സെറ്റുകളും ബ്ലേഡുകളും ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തർക്കും ബ്ലേഡുകൾ മാറ്റുന്ന, ഷേവിംഗ് സെറ്റുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മുടിയുടെ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിന്, എല്ലാവരും പങ്കു വെക്കുന്ന ബ്രഷുകളും സ്‌പോഞ്ച് കഷ്ണങ്ങളും ഉപയോഗിക്കാതിരിക്കുന്നതാണ് ഉചിതം. മുടി മുറിക്കുന്നതിനും മുണ്ഡനം ചെയ്യുന്നതിനും മുമ്പ് കൈകൾ നന്നായി സോപ്പിട്ട് കഴുകുന്നതിന് ബാർബർമാരോട് തീർഥാടകർ ആവശ്യപ്പെടണമെന്നും ആരോഗ്യ മന്ത്രാലയം നിർദേശിച്ചു.