അറഫ- പുണ്യസ്ഥലങ്ങളിൽ ഭക്ഷ്യവസ്തുക്കൾ വിൽപന നടത്തി മാന്യമായ വരുമാനമുണ്ടാക്കുന്നതിന് സൗദി ലേഡി ഡെന്റൽ ഡോക്ടറും. ജിദ്ദ നിവാസിയായ ഡോ.റീഹാം ഫൗസി ശബാനയാണ് ഫുഡ് ട്രക്കുമായി പുണ്യസ്ഥലങ്ങളിലെത്തിയിരിക്കുന്നത്. ഇത്തവണത്തെ ഹജിന് പുണ്യസ്ഥലങ്ങളിൽ ഫുഡ് ട്രക്കുകൾ പ്രവർത്തിപ്പിക്കുന്നതിന് സൗദി യുവതീ യുവാക്കൾക്ക് ലൈസൻസ് നൽകുന്നതിന് മക്ക പ്രവിശ്യ ഡെപ്യൂട്ടി ഗവർണർ അബ്ദുല്ല ബിൻ ബന്ദർ രാജകുമാരൻ മക്ക നഗരസഭയോട് നിർദേശിക്കുകയായിരുന്നു. ഫുഡ് ട്രക്ക് പ്രവർത്തിപ്പിക്കുന്നതിന് അവസരമൊരുക്കിയ ഡെപ്യൂട്ടി ഗവർണറോട് നന്ദിയുണ്ടെന്ന് തൊഴിൽ രഹിതയായ ഡോ.റീഹാം പറഞ്ഞു. ഫുഡ് ട്രക്ക് പ്രവർത്തിക്കുന്നതിലൂടെ നല്ല വരുമാനം ലഭിക്കുന്നുണ്ടെന്നും ഇവർ പറഞ്ഞു. അറഫയിൽ ഫുഡ് ട്രക്കുകൾ പ്രവർത്തിപ്പിക്കുന്നതിന് 45 സൗദി യുവതീ യുവാക്കൾക്ക് നഗരസഭ ലൈസൻസ് നൽകിയിരുന്നു.