Sorry, you need to enable JavaScript to visit this website.

വോട്ട് ലക്ഷ്യമാക്കി കിലോഗ്രാമിന് 25 രൂപയ്ക്ക് ഭാരത് അരി വിപണിയിലെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍

ന്യൂദല്‍ഹി - തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കിലോഗ്രാമിന് 25 രൂപയക്ക് ഭാരത് അരി വിപണിയിലെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. ഭാരത് ആട്ട, ഭാരത് ദാല്‍ എന്നിവയ്ക്ക് പിന്നാലെയാണ് കിലോയ്ക്ക് 25 രൂപയക്ക് ഭാരത് അരി വില്‍ക്കാന്‍ പദ്ധതി തയ്യാറാക്കിയത്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി 'ഭാരത് റൈസ്' ബ്രാന്‍ഡിലുള്ള അരി വിപണിയിലെത്തിയേക്കും. അവശ്യഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം പിടിച്ചുനിര്‍ത്താനുള്ള നടപടിയായാണ് തീരുമാനമെന്നാണ് റിപ്പോര്‍ട്ട്. സര്‍ക്കാര്‍ ഏജന്‍സികളായ നാഷണല്‍ അഗ്രിക്കള്‍ച്ചറല്‍ കോ-ഓപ്പറേറ്റീവ് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ(നാഫെഡ്), നാഷണല്‍ കോ-ഓപ്പറേറ്റീവ് കണ്‍സ്യൂമേഴ്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ്, കേന്ദ്രീയ ഭണ്ഡാര്‍ ഔട്ട് ലെറ്റുകള്‍, സഞ്ചരിക്കുന്ന വില്‍പന ശാലകള്‍ എന്നിവിടങ്ങളിലാണ് ഭാരത് അരി ലഭിക്കുക. അരിയുടെ ശരാശരി ചില്ലറ വില്‍പന വില കിലോഗ്രാമിന് 43.3 രൂപയില്‍ എത്തിയ സാഹചര്യത്തിലാണ് നീക്കം. മുന്‍വര്‍ഷത്തെക്കാള്‍ 14.1 ശതമാണ് അരിക്ക് വര്‍ധിച്ചത്. അടുത്ത വര്‍ഷം പൊതുതിരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്ന സര്‍ക്കാരിന് പ്രധാന പ്രശ്‌നമാണ് ധാന്യങ്ങളുടെ വില ഉയരുന്നത്. 

 

Latest News