Sorry, you need to enable JavaScript to visit this website.

മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ കേസ്; ഗുരുതര വകുപ്പുകൾ ചുമത്തിയതിന് പിന്നാലെ നടൻ സുരേഷ് ഗോപി ഹൈക്കോടതിയിലേക്ക്

കൊച്ചി / കോഴിക്കോട് - മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ കേസിൽ ഗുരുതര വകുപ്പുകൾ ചുമത്തിയതിന് പിന്നാലെ നടൻ സുരേഷ് ഗോപി മുൻകൂർ ജാമ്യം തേടി. കേസ് ഹൈക്കോടതി ഉടനെ പരിഗണിച്ചേക്കുമെന്നാണ് വിവരം.
 നടൻ മാധ്യമപ്രവർത്തകയുടെ ശരീരത്തിൽ മന:പൂർവ്വം സ്പർശിക്കുകയായിരുന്നുവെന്നാണ് പോലീസ് കണ്ടെത്തൽ. നേരത്തെ ചുമത്തിയ ഐ.പി.സി 354 എ 1, 4 വകുപ്പുകൾക്ക് പുറമെ 354ഉം 119എ വകുപ്പും ചുമത്തി പോലീസ് കുറ്റപത്രം  സമർപ്പിക്കാനിരിക്കെയാണ് നടന്റെ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിൽ എത്തുക. കേസിൽ സുരേഷ് ഗോപിയെ നേരത്തെ നടക്കാവ് പോലീസ് ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. 
 ഒക്ടോബർ 27നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. കോഴിക്കോട് തളിയിൽ വച്ച് ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകയുടെ തോളിൽ നടൻ അനുവാദമില്ലാതെ കൈ വയ്ക്കുകയായിരുന്നു. തുടർന്ന് മാധ്യമപ്രവർത്തക  തന്നെ കൈ തട്ടിമാറ്റിയെങ്കിലും വീണ്ടും മാധ്യമ പ്രവർത്തകയുടെ തോളിൽ കൈ വെക്കുകയായിരുന്നു. സംഭവം വിവാദമായതിന് പിന്നാലെ സുരേഷ് ഗോപി ഫേസ്ബുക്കിൽ മാപ്പ് പറഞ്ഞെങ്കിലും പരാതിക്കാരി കേസുമായി മുന്നോട്ടു പോകുകയായിരുന്നു. 
 'ആ കുട്ടിക്ക് തന്റെ ഇടപെടൽ റോങ് ടച്ചായി തോന്നിയെങ്കിൽ സമൂഹത്തിന് മുന്നിൽ മാപ്പ് പറയുന്നുവെന്നായിരുന്നു സുരേഷ് ഗോപിയുടെ വാക്കുകൾ. മാധ്യമപ്രവർത്തകയെയും അവരുടെ ഭർത്താവിനെയും മാപ്പുപറയാനായി പലതവണ ഫോണിൽ വിളിച്ചെങ്കിലും എടുക്കാത്തതതിനാലാണ് സമൂഹമാധ്യമത്തിൽ കുറിപ്പ് ഇട്ടതെന്നും നടൻ വ്യക്തമാക്കിയിരുന്നു. ആസന്നമായി പാർല്ലമെന്റ് തെരഞ്ഞെടുപ്പിൽ തൃശൂരിൽനിന്ന് ബി.ജെ.പി സ്ഥാനാർത്ഥിയായി വീണ്ടും മത്സരിക്കാനുള്ള ഒരുക്കത്തിലാണ് നടൻ സുരേഷ് ഗോപി. കഴിഞ്ഞതവണ അവസാനഘട്ടത്തിൽ തെരഞ്ഞെടുപ്പ് മുഖത്ത് എത്തിയിട്ടും ശക്തമായ പ്രകടനം കാഴ്ചവയ്ക്കാൻ നടന് സാധിച്ച സ്ഥിതിക്ക് ഇത്തവണ നേരത്തെതന്നെ പ്രചാരണം തുടങ്ങി മണ്ഡലം പിടിച്ചെടുക്കണമെന്ന ദൃഢനിശ്ചയത്തിലാണ് നടനും ബി.ജെ.പി കേന്ദ്രങ്ങളും. ഇതിനായി പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പുതുവർഷാരംഭത്തിൽ തന്നെ തൃശൂരിലെത്തിച്ച് പ്രവർത്തനങ്ങൾക്ക് വേഗം കൂട്ടാനാണ് നേതൃത്വത്തിന്റെ കർമപദ്ധതി. അതിനിടെയാണ് മാധ്യമപ്രവർത്തകയെ അപമാനിച്ചുവെന്ന കേസ് നടനെതിരെ ഉയർന്നത്. ഇത് നടനെ പ്രതിരോധത്തിലാക്കിയെങ്കിലും പരാതി രാഷ്ട്രീയപ്രേരിതമാണെന്ന് ആരോപിച്ച് നടനെ പിന്തുണച്ചും ഉമ്മവെച്ചും യുവതികൾ അടക്കമുള്ളവർ രംഗത്തുവന്നിരുന്നു. എന്നാൽ, ഒരു യുവതിയുടെ അനുവാദമില്ലാതെ അവരുടെ ശരീരത്തിൽ വീണ്ടും വീണ്ടും സ്പർശിച്ച നടന്റെ സമീപനം അങ്ങേയറ്റം സ്ത്രീവിരുദ്ധവും അപമാനകരവും ധിക്കാരപരവുമാണെന്നും യുവതിയെ പിന്തുണക്കുന്നവർ ഓർമിപ്പിക്കുന്നു.
 കോടതി നടപടികളിലൂടെയും മറ്റും വിഷയം വീണ്ടും വീണ്ടും ചർച്ചയാകുന്നതിന് അനുസരിച്ച് വിവിധ ചേരികൾ ഇത് നേരിടാനും രാഷ്ട്രീയ പ്രത്യാക്രമണത്തിനുമുള്ള തന്ത്രപരമായ നീക്കങ്ങളാണ് സമൂഹമാധ്യമത്തിലൂടെയും മറ്റും നടത്തുന്നത്.

Latest News