Sorry, you need to enable JavaScript to visit this website.

ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും  ഇന്ന് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും

തിരുവനന്തപുരം-കെബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും ഇന്ന് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും. വൈകിട്ട് നാല് മണിക്ക് രാജ്ഭവനില്‍ ഒരുക്കിയിരിക്കുന്ന പ്രത്യേക വേദയിയിലാണ് സത്യപ്രതിജ്ഞ ചടങ്ങ്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുക്കും. സര്‍ക്കാരുമായുള്ള രൂക്ഷമായ പോര് തുടരുന്നതിനിടെയാണ് ഗവര്‍ണറും മുഖ്യമന്ത്രിയും ഒരേ വേദിയില്‍ എത്തുന്നത്. ഗണേഷിന് ഗതാഗതവകുപ്പുംകടന്നപ്പള്ളിക്ക് തുറമുഖ വകുപ്പും നല്‍കുമെന്നുമാണ് വിവരം.
എല്‍ഡിഎഫിലെ ഘടക കക്ഷികള്‍ക്കെല്ലാം മന്ത്രിസഭയില്‍ പ്രാതിനിധ്യമെന്ന ഇടത് മുന്നണിയുടെ മുന്‍ ധാരണപ്രകാരമാണ് മന്ത്രിസ്ഥാനത്ത് രണ്ടര വര്‍ഷം പൂര്‍ത്തിയാക്കിയ ആന്റണി രാജുവും അഹമ്മദ് ദേവര്‍കോവിലും രാജി വെച്ചത്. പകരം കേരള കോണ്‍ഗ്രസ് ബിയുടെ കെബി ഗണേഷ് കുമാറും കോണ്‍ഗ്രസ് എസിന്റെ കടന്നപ്പള്ളി രാമചന്ദ്രനും രണ്ടാം പിണറായി സര്‍ക്കാരിന്റെ രണ്ടാം ടേമില്‍ ഇന്ന് മന്ത്രി പദത്തിലേക്ക് എത്തും. വൈകുന്നേരം നാല് മണിക്ക് രാജ്ഭവനില്‍ സജ്ജമാക്കിയിട്ടുള്ള പ്രത്യേക പന്തലിലാണ് സത്യപ്രതിജ്ഞ ചടങ്ങ്.
ആന്റണി രാജു ഒഴിഞ്ഞ ഗതാഗത വകുപ്പ് ഗണേഷ് കുമാറിനും അഹമ്മദ് ദേവര്‍ കോവില്‍ ഒഴിഞ്ഞ തുറമുഖ വകുപ്പ് കടന്നപ്പള്ളി രാമചന്ദ്രനും ലഭിക്കും. വകുപ്പുകളില്‍ മുഖ്യമന്ത്രിയുടേതാണ് അന്തിമ തീരുമാനം. സിനിമ നടന്‍ കൂടിയായ ഗണേഷ് കുമാറിന് വേണ്ടി സിനിമ വകുപ്പ് കൂടി കേരള കോണ്‍ഗ്രസ് ബി ആവശ്യപ്പെട്ടിട്ടുണ്ട്. സിനിമ നിലവില്‍ പാര്‍ട്ടിയുടെ കയ്യിലുള്ള വകുപ്പ് ആയതിനാല്‍ സിപിഎം തീരുമാനമെടുത്താലെ ഗണേഷിന് അത് ലഭിക്കൂ.
സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോര് ശക്തമായി മുന്നേറുന്നതിനിടെ മുഖ്യമന്ത്രിയും മന്ത്രിമാരും ഗവര്‍ണറും ഒരു ഇടവേളക്കുശേഷം മുഖാമുഖം എത്തുന്നു എന്ന പ്രത്യേകത കൂടിയുണ്ട് സത്യപ്രതിജ്ഞ ചടങ്ങിന്. സത്യപ്രതിജ്ഞയക്ക് പിന്നാലെ ഗവര്‍ണറുടെ ചായസത്കാരവും ഉണ്ടാകും. ചടങ്ങിന് ശേഷം ഗവര്‍ണര്‍ മുംബൈക്ക് പോകും.

Latest News