നാഗ്പൂര്‍- പ്രധാനമന്ത്രിക്ക് ചോദ്യങ്ങളെ ഇഷ്ടമല്ലെന്ന് രാഹുല്‍ ഗാന്ധി. നാഗ്പൂര്‍ കോണ്‍ഗ്രസിന്റെ സ്ഥാപകദിന റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വാതന്ത്ര്യത്തിനു മുന്‍പുള്ള രാജ ഭരണത്തിലേക്ക് കാര്യങ്ങളെത്തിക്കാനാണ് ബി. ജെ. പി ശ്രമിക്കുന്നത്.
ആര്‍. എസ്. എസിനും ബി. ജെ. പിക്കുമെതിരായ പോരാട്ടത്തില്‍ ആരേയും ഭയപ്പെടരുതെന്ന് രാഹുല്‍ പറഞ്ഞു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ വിജയം കോണ്‍ഗ്രസിനായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എന്‍. ഡി. എ- ഇന്ത്യ സഖ്യത്തില്‍ നിരവധി പാര്‍ട്ടികളുണ്ടെങ്കിലും യുദ്ധം രണ്ട് ആശയങ്ങള്‍ തമ്മിലാണന്നും അദ്ദേഹം പറഞ്ഞു. ബി. ജെ. പിയില്‍ ജനാധിപത്യമില്ലെന്നും ആരേയും കേള്‍ക്കാന്‍ പ്രധാനമന്ത്രി തയ്യാറാകില്ലെന്നും അദ്ദേഹത്തിന് ചോദ്യങ്ങളെ ഇഷ്ടമല്ലെന്നും രാഹുല്‍ വിശദമാക്കി. തന്നെ സമീപിക്കുന്നവരെ കേള്‍ക്കാന്‍ താന്‍ എപ്പോഴും തയ്യാറാണെന്നും രാഹുല്‍ പറഞ്ഞു.
കോണ്‍ഗ്രസില്‍ ഒരു സാധാരണ പ്രവര്‍ത്തകനു പോലും മുതിര്‍ന്ന നേതാക്കളെ ചോദ്യം ചെയ്യാനും വിയോജിപ്പ് രേഖപ്പെടുത്താനും സാധിക്കും. എന്നാല്‍ ബി. ജെ. പിയില്‍ അത് സാധ്യമല്ല.
സുപ്രിം കോടതിയെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും നിയന്ത്രിക്കാനാണ് ബി. ജെ. പിയുടെ ശ്രമം. സര്‍വകലാശാലകളിലെ വൈസ് ചന്‍സിലര്‍മാരെ നിയമിക്കുന്നത് മെറിറ്റ് അടിസ്ഥാനമാക്കിയല്ലെന്നും യോഗ്യത ബി. ജെ. പി ബന്ധമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് ജനങ്ങളുടെ ശബ്ദമാവാന്‍ മാധ്യമങ്ങള്‍ക്കാവുന്നില്ലെന്നും ബി. ജെ. പി മാധ്യമങ്ങളെയും വരുതിക്ക് നിര്‍ത്തിയിരിക്കുകയാണെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.