Sorry, you need to enable JavaScript to visit this website.

എയ്ഡഡ് സംവരണം, ജാതി സെൻസസ്, ആനുപാതിക പ്രാതിനിധ്യം: വെൽഫെയർ പാർട്ടി സെക്രട്ടറിയേറ്റ് വളയുന്നു

തിരുവനന്തപുരം - കേരളത്തിൽ ജാതി സെൻസസ് നടപ്പാക്കുക, എയ്ഡഡ് മേഖലയിൽ സംവരണം ബാധകമാക്കി നിയമനം പി.എസ്.സിക്ക് വിടുക, കേന്ദ്ര-സംസ്ഥാന സർവീസുകളിൽ എല്ലാ ജനവിഭാഗങ്ങൾക്കും ആനുപാതിക പ്രാതിനിധ്യം നൽകുക, സർക്കാർ ശമ്പളം നൽകുന്ന പൊതുമേഖല സ്ഥാപനങ്ങൾ, മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫ്, കരാർ നിയമനം അടക്കമുള്ള എല്ലായിടത്തും സംവരണ വ്യവസ്ഥ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് വെൽഫെയർ പാർട്ടി നടത്തി വരുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ജനുവരി മൂന്നിന് ബുധനാഴ്ച ഭരണ സിരാകേന്ദ്രമായ കേരള സെക്രട്ടേറിയേറ്റ് വളയുമെന്ന് വെൽഫയർ പാർട്ടി സംസ്ഥാന കമ്മിറ്റി ഓഫീസിൽ നടത്തിയ പത്രസമ്മേളനത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് എം. ജോസഫ് ജോൺ  അറിയിച്ചു. 

രാജ്യത്തെ വ്യത്യസ്ത സാമൂഹിക വിഭാഗങ്ങൾ അധികാരത്തിലും വിഭവങ്ങളിലും ഏതൊക്കെ അളവിൽ പ്രാതിനിധ്യം വഹിക്കുന്നു എന്ന് തിരിച്ചറിയാൻ ജാതി സെൻസസ് അനിവാര്യമാണ്. 
ബീഹാർ, കർണാടക, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങൾ ജാതി സർവ്വേ നടത്തുകയും ബീഹാർ വിവരങ്ങൾ പുറത്തു വിടുകയും ചെയ്തിട്ടുണ്ട്. ഇന്ത്യാ മുന്നണി അതിന്റെ പ്രധാന വാഗ്ദാനമായി ജാതി സെൻസസ് നടപ്പാക്കുമെന്നും പ്രഖ്യാപിച്ചിട്ടുമുണ്ട്. എന്നാൽ കേരള സർക്കാർ ഇക്കാര്യത്തിൽ മൗനം പാലിക്കുകയാണ്. ഈ നയം തിരുത്തണമെന്നാണ് വെൽഫെയർ പാർട്ടി ആവശ്യപ്പെടുന്നത്.

സർക്കാർ ആനുകൂല്യങ്ങളും പദവികളും വിഭവങ്ങളും അനർഹമായ രീതിയിൽ അധികമായി കൈവശം വെച്ചിരിക്കുന്നു എന്ന് മത ന്യൂനപക്ഷങ്ങളെയും ദലിത്, ആദിവാസി വിഭാഗങ്ങളെ കുറിച്ച ദുഷ്പ്രചരണം കേരളത്തിൽ സംഘ്പരിവാറും മറ്റ് ചിലരും നടത്തുന്നുണ്ട്. ഈ പ്രചരണങ്ങൾ ഉപയോഗിച്ച് നടക്കുന്ന വർഗീയ ധ്രുവീകരണ നീക്കങ്ങൾ അവസാനിപ്പിക്കാനും ജാതി സെൻസസ് അനിവാര്യമാണ്. 
കേരളത്തിലെ വിദ്യാഭ്യാസ മേഖലയിൽ സർക്കാർ സർവ്വീസിനെക്കാൾ വലിപ്പമുള്ളതാണ് എയ്ഡഡ് മേഖല. 
സർക്കാർ ശമ്പളം നൽകുന്ന ഈ സ്ഥാപനങ്ങളിലെ നിയമനങ്ങൾ നിയമവിരുദ്ധമായ കോഴ വാങ്ങി മാനേജ്‌മെന്റുകളാണ് നടത്തുന്നത്. മാനേജ്‌മെന്റുകളുടെ സമുദായങ്ങളിൽ പെട്ട സാമ്പത്തിക ശേഷിയുള്ളവരെയാണ് അധികവും നിയമിക്കുന്നത്. ദലിത്, ആിവാസി വിഭാഗങ്ങൾക്ക് നാമമാത്ര പ്രാതിനിധ്യം പോലും ഈ മേഖലയിലില്ല. പിന്നാക്ക വിഭാഗങ്ങൾക്കും ആനുപാതിക പ്രാതിനിധ്യമോ നിലവിലെ സംവരണ വ്യവസ്ഥ അനുസരിച്ച  പ്രതിനിധ്യമോ ലഭ്യമായിട്ടില്ല. ഈ മേഖലയിലെ കോഴ നിയമനങ്ങൾ അവസാനിപ്പിക്കുകയും നിയമനം പി.എസ്.സിക്ക് വിട്ട്  സംവരണ തത്വങ്ങൾ പാലിച്ച് എയ്ഡഡ് സ്ഥാപനങ്ങളിൽ നിയമനം നടത്തുകയും വേണം. മുസ്‌ലിം മാനേജ്‌മെന്റുകളും എസ്.എൻ.ഡി.പിയും ഈ ആവശ്യം അംഗീകരിക്കാൻ തയ്യാറാണെന്ന് ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഇത് അംഗീകരിക്കാത്ത സവർണ സമുദായ സംഘടനകളുടെ ഭീഷണിക്ക് മുന്നിൽ സർക്കാർ വഴങ്ങുകയാണ് ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. 

കേരള-കേന്ദ്ര സർവ്വീസുകളിലെ ജീവനക്കാരുടെ ജാതി തിരിച്ച പട്ടിക പ്രസിദ്ധീകരിക്കാൻ സർക്കാർ തയ്യാറാകണം. നിലവിൽ ഇതു സംബന്ധിച്ച കണക്കുകളൊന്നും ഔദ്യോഗികമായി ലഭ്യമല്ല.  കേരള സർവ്വീസ് സംബന്ധിച്ച് പഠനം നടത്തിയ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പഠന റിപ്പോർട്ടും 2000 ഫെബ്രുവരിയിൽ കേരള സർക്കാർ നിയോഗിച്ച നരേന്ദ്രൻ കമ്മീഷന്റെ റിപ്പോർട്ടും അനുസരിച്ച് മുസ്‌ലിം, ഒ.ബി.സി വിഭാഗങ്ങൾക്ക് സംവരണത്തോത് അനുസരിച്ച പ്രാതിനിധ്യം പോലും ലഭിച്ചിട്ടില്ല. ജനസംഖ്യാ അനുപാതത്തിലും താഴെയാണ് സംവരണത്തോത് എന്നിരിക്കെ ഈ ജനവിഭാഗങ്ങൾ അധികാര പങ്കാളിത്തത്തിൽ നിന്ന് തഴയപ്പെടുകയാണ്. പട്ടികജാതി പട്ടിക വർഗ വിഭാഗങ്ങൾക്ക് ജനസംഖ്യാനുപാതിക സംവരണം ലഭ്യമാണെങ്കിലും മെറിറ്റ് അട്ടിമറി നടത്തുന്നതുമൂലം അവരുടെ പങ്കാളിത്തവും അനുപാതത്തിനേക്കാൾ താഴെയാണ്. ഇതിന്റെ ആധികാരമായ കണക്കുകൾ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പ്രസിദ്ധപ്പെടുത്തുകയും അതനുസരിച്ച് എല്ലാ ജനവിഭാഗങ്ങൾക്കും ജനസംഖ്യാനുപാതികമായ പങ്കാളിത്തം എല്ലാ മേഖലയിലും  നൽകുകയും വേണം.
കേരളത്തിൽ സർക്കാർ ജീവനക്കാരുടെ എണ്ണത്തിനടുത്തു തന്നെ വരുന്ന പൊതു മേഖലാ സ്ഥാപനങ്ങളിലും സർക്കാർ നേരിട്ട് നിയമിക്കുന്ന പോസ്റ്റുകളിലും നിലവിൽ പി.എസ്.സി നിയമനം നടത്തുന്നതിനേക്കാൾ കരാർ നിയമനങ്ങളാണ് നടക്കുന്നത്. ഇതിൽ ചില പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനങ്ങൾ മാത്രമാണ് പി.എസ്.സി വഴിയുള്ളത്. ബാക്കിയെല്ലാം ഇഷ്ടക്കാരെ കുടിയിരുത്താൻ ഭരണ രാഷ്ട്രീയ നേതൃത്വത്തിന് അവസരം നൽകലാണ്.  കരാർ നിയമനങ്ങൾ വലിയ തോതിൽ കുതിച്ചുയരുന്നുമുണ്ട്. ഇവരെയെല്ലാം പിന്നീട് മറ്റൊരു ഉത്തരവിലൂടെ  സ്ഥിരപ്പെടുത്തുകയാണ് ചെയ്യുക. മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫ് പോലെ യോഗ്യതാ മനദണ്ഡങ്ങളില്ലാതെ നിയമിക്കപ്പെടുകയും രണ്ട് വർഷം സർവ്വീസ് പൂർത്തിയാക്കിയാൽ ആജീവനാന്ത പെൻഷൻ ലഭ്യമാകുകയും ചെയ്യുന്ന തസ്തികകളുമുണ്ട്. ഇതിലെല്ലാം ജനസംഖ്യാനുപാതിക പ്രാതിനിധ്യത്തിൽ നിയമനം നടത്തണം.

സവർണ്ണ സംവരണം (EWS) നടപ്പാക്കിയത് യാതൊരു പഠനങ്ങളുടെയും അടിസ്ഥാനത്തിലല്ല. പരമാവധി 10 ശതമാനം എന്ന വ്യവസ്ഥ കേരളത്തിൽ അതിന്റെ പരമാവധിയിൽ തന്നെ നടപ്പാക്കുകയാണ് ചെയ്തത്. എന്ത് പഠനമാണ് കേരളത്തിലെ സവർണ്ണ വിഭാഗങ്ങൾക്ക് 10 ശതമാനം സംവരണം നടത്തുന്നതിന് ആധാരമായി ഇടതു സർക്കാർ പരിഗണിച്ചത് എന്നത് ഇനിയും വ്യക്തമാക്കിയിട്ടില്ല. രാജ്യത്താകമാനം പിന്നാക്ക-ദലിത്-ആദിവാസി വിഭാഗങ്ങളുടെ ഭരണ പങ്കാളിത്തത്തിലേക്കുള്ള മുന്നേറ്റ ശ്രമങ്ങളെ ഇല്ലാതാക്കാൻ ആർ.എസ്.എസ് നടപ്പാക്കിയ ആശയമാണ് കേരളത്തിൽ സി.പി.എം നേതൃത്വത്തിലുള്ള സർക്കാർ ആവേശത്തോടെ പിന്തുടർന്നത്. മുസ്‌ലിം ലീഗ് ഒഴികെ കോൺഗ്രസ് - യു.ഡി.എഫ് കക്ഷികളും അതിനെ പിന്തുണക്കുകയാണ് ചെയ്തത്. ഇത് ചരിത്ര പരമായ വഞ്ചനയാണ്. ഇത് തിരുത്താനുള്ള അവസരമാണ് ഇന്ത്യാ സഖ്യം അടക്കം ഇപ്പോൾ പിന്തുണക്കുന്ന ജാതി സെൻസസ്. ഇക്കാര്യത്തിൽ കേരള സർക്കാർ പുലർത്തുന്ന നിസംഗമായ സമീപനം അപലപനീയമാണ്.
ഇക്കാര്യങ്ങളെല്ലാം ഉന്നയിച്ച് വെൽഫെയർ പാർട്ടി നവംബർ മുതൽ നടത്തിവരുന്ന വിപുലമായ പ്രക്ഷോഭ പരിപാടിയുടെ ഭാഗമായാണ് ജനുവരി മൂന്നിന് പതിനായിരങ്ങളെ പങ്കെടുപ്പിച്ച് സെക്രട്ടേറിയേറ്റ് വളയുന്നത്. 

ദലിത്-മുസ്‌ലിം-പിന്നാക്ക വിഭാഗ സംഘടനകളുടെയും സംവരണ സമുദായങ്ങളുടെയും നേതാക്കൾ പങ്കെടുക്കുന്ന പ്രക്ഷോഭം പാർട്ടിയുടെ ദേശീയ ട്രഷറർ അതീഖുറഹ്മാൻ ഉദ്ഘാടനം ചെയ്യും. ഡൽഹി ജാമിയമില്ലിയ യൂണിവേഴ്‌സിറ്റിയിലെ സെൻറർ ഫോർ സ്റ്റഡി ഓഫ് സോഷ്യൽ എസ്‌ക്ലൂഷൻ ആൻഡ് ഇൻക്ലൂസീവ് പോളിസിയിലെ അസിസ്റ്റൻറ് പ്രൊഫസർ ഡോക്ടർ അരവിന്ദ് കുമാർ, ഫ്രറ്റേണിറ്റി മൂവ്‌മെൻറ് ദേശീയ പ്രസിഡന്റ് അസിം ഖാൻ എന്നിവർ മുഖ്യാഥിതികളാകുമെന്ന് വെൽഫെയർ പാർട്ടി ഭാരവാഹികൾ പറഞ്ഞു. 
 

Latest News