മിന - ഹജ് കര്‍മം പൂര്‍ത്തിയാക്കുന്നതിന് തല മുണ്ഡനം ചെയ്യുന്ന തീര്‍ഥാടകര്‍ ഉപയോഗിച്ച ഷേവിംഗ് സെറ്റുകള്‍ വീണ്ടും ഉപയോഗിക്കുന്നതിനെതിരെ ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
ഷേവിംഗ് സെറ്റുകളും ബ്ലേഡുകളും തീര്‍ഥാടകര്‍ പങ്കുവെക്കുന്നതിലൂടെ ഹെപ്പറ്റൈറ്റിസ് അടക്കമുള്ള പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കാന്‍ സാധ്യതയുണ്ട്. സുരക്ഷിതമായി ശിരസ്സ് മുണ്ഡനം ചെയ്യുന്നതിന് സ്വന്തം ഷേവിംഗ് സെറ്റുകളും അനുബന്ധ വസ്തുക്കളും തീര്‍ഥാടകര്‍ ഉപയോഗിക്കണം. ഇത് സാധിക്കാത്ത പക്ഷം ഷേവിംഗ് സെറ്റിലെ ബ്ലേഡ് മാറ്റിയിട്ടുണ്ടെന്നും ബ്ലേഡ് തങ്ങള്‍ക്കു മുന്നില്‍ വെച്ച് അണുവിമുക്തമാക്കിയിട്ടുണ്ടെന്നും തീര്‍ഥാടകര്‍ ഉറപ്പുവരുത്തണം.
ബാര്‍ബര്‍ ഷോപ്പുകളിലും ശിരസ്സ് മുണ്ഡനം ചെയ്യുന്ന സ്ഥലങ്ങളിലും നിലത്ത് വീണുകിടക്കുന്ന ബ്ലേഡുകള്‍ ചവിട്ടാതിരിക്കാന്‍ തീര്‍ഥാടകര്‍ ശ്രദ്ധിക്കണം. ഒറ്റത്തവണ ഉപയോഗിക്കുന്നതിനുള്ള ഡിസ്‌പോസിബിള്‍ ഷേവിംഗ് സെറ്റുകളും ബ്ലേഡുകളും ഉപയോഗിക്കുന്നതാണ് നല്ലത്.
ഓരോരുത്തരും ബ്ലേഡുകള്‍ മാറ്റുന്ന, ഷേവിംഗ് സെറ്റുകള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മുടിയുടെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിന്, എല്ലാവരും പങ്കുവെക്കുന്ന ബ്രഷുകളും സ്‌പോഞ്ച് കഷ്ണങ്ങളും ഉപയോഗിക്കാതിരിക്കുന്നതാണ് ഉചിതം.
മുടി മുറിക്കുന്നതിനും മുണ്ഡനം ചെയ്യുന്നതിനും മുമ്പ് കൈകള്‍ നന്നായി സോപ്പിട്ട് കഴുകാന്‍ ബാര്‍ബര്‍മാരോട് തീര്‍ഥാടകര്‍ ആവശ്യപ്പെടണമെന്നും ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചു.