മായാവതിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കിയാല്‍ ഇന്ത്യാ മുന്നണിയില്‍ ചേരാമെന്ന് ബി.എസ്.പി

ന്യൂദല്‍ഹി - 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മായാവതിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചാല്‍ ഇന്ത്യാ മുന്നണിയില്‍ ചേരാമെന്ന് ബി.എസ്.പി എം.പി. മലൂക്ക് നഗര്‍ പറഞ്ഞു.

പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പേര് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും നിര്‍ദേശിച്ചത് സംബന്ധിച്ചായിരുന്നു എം.പിയുടെ പരാമര്‍ശം. തങ്ങളുടെ ചില എംഎല്‍എമാരെ തട്ടിയെടുത്തതിന് മായാവതിയോട് കോണ്‍ഗ്രസ് മാപ്പ് പറയണമെന്നും മലൂക്ക് നഗര്‍ ആവശ്യപ്പെട്ടു.

പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഒരു ദളിത് മുഖം വേണമെന്ന് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നുവെങ്കില്‍ മായാവതിയേക്കാള്‍ മികച്ച മറ്റൊരു സ്ഥാനാര്‍ഥിയില്ല. തങ്ങളുടെ വ്യവസ്ഥകള്‍ കോണ്‍ഗ്രസ് അംഗീകരിച്ചാല്‍ മായാവതി തീര്‍ച്ചയായും അനുകൂല മനോഭാവത്തോടെ ചിന്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

Latest News