- ഭാര്യയെ ഉപേക്ഷിച്ച മോഡിക്ക് ഭാര്യ സീതയെ സംരക്ഷിക്കാൻ ഒന്നര പതിറ്റാണ്ട് യുദ്ധം ചെയ്ത ശ്രീരാമന്റെ ക്ഷേത്രത്തിൽ എങ്ങനെ പൂജ ചെയ്യാനാകും? ഇത് ശ്രീരാമ ഭക്തന്മാർ എങ്ങനെ അനുവദിക്കുമെന്നും സുബ്രഹ്മണ്യൻ സ്വാമി
ന്യൂഡൽഹി - അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രാൺ പ്രതിഷ്ഠാ പൂജ നടത്തുന്നതിനെ ചോദ്യം ചെയ്ത് ബി.ജെ.പി നേതാവ് ഡോ. സുബ്രഹ്മണ്യൻ സ്വാമി രംഗത്ത്. ഭാര്യയെ ഉപേക്ഷിച്ച മോഡിക്ക് ഭാര്യ സീതയെ സംരക്ഷിക്കാൻ ഒന്നര പതിറ്റാണ്ട് യുദ്ധം ചെയ്ത ശ്രീരാമന്റെ ക്ഷേത്രത്തിൽ എങ്ങനെ പൂജ ചെയ്യാനാകുമെന്നാണ് സുബ്രമണ്യൻ സ്വാമിയുടെ ചോദ്യം. ഇത് ശ്രീരാമ ഭക്തന്മാർ എങ്ങനെ അനുവദിക്കുമെന്നും സമൂഹമാധ്യമായ എക്‌സിലെഴുതിയ കുറിപ്പിൽ സുബ്രഹ്മണ്യൻ സ്വാമി ചോദിച്ചു.
'അയോധ്യയിലെ രാംലല്ല മൂർത്തിയുടെ പ്രാൺ പ്രതിഷ്ഠ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുക്കുന്നത് രാമ ഭക്തരായ നമുക്ക് എങ്ങനെ അനുവദിക്കാനാവും?' എന്ന സ്വാമിയുടെ ചോദ്യം സംഘപരിവാർ കേന്ദ്രങ്ങളിൽ വൻ ചർച്ചയായിരിക്കുകയാണ്. 2024 ജനുവരി 22-നാണ് രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം.
തന്റെ ഭാര്യ സീതയെ സംരക്ഷിക്കാൻ ഒന്നര പതിറ്റാണ്ട് യുദ്ധം ചെയ്ത ആളാണ് ശ്രീരാമൻ. എന്നാൽ, തന്റെ ഭാര്യയെ ഉപേക്ഷിച്ച ആളാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഇങ്ങനെയുള്ള ഒരാൾ പൂജ ചെയ്യുന്നത് ശ്രീരാമ ഭക്തന്മാർ എങ്ങനെ അനുവദിക്കുമെന്ന സ്വാമിയുടെ ചോദ്യം വളരെ പ്രസക്തമാണെന്നാണ് പലരും അഭിപ്രായപ്പെട്ടത്. എന്നാൽ, മോഡിയുടെ ഉദ്ദേശശുദ്ധി നല്ലതാണെന്നും അതിനെ മാനിക്കണമെന്നും ഇതോട് പ്രതികരിച്ചവരുമുണ്ട്. എന്തായാലും ചർച്ചയിപ്പോൾ വൈറലാണ്.
2007-ലെ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് കാലത്താണ് യശോധ ബെന്നുമായുള്ള മോഡിയുടെ വിവാഹത്തെക്കുറിച്ച് ആദ്യമായി ചർച്ചയുണ്ടായത്. സ്വാമി അവധൂത് രാമായണി എന്ന വ്യക്തിയാണ് ഈ കഥ ആദ്യമായി സമൂഹത്തോട് വിളിച്ചു പറഞ്ഞത്. എന്നാൽ, സ്വാമി രാമായണിക്ക് വാമൊഴിക്കപ്പുറം വിവാഹം സംബന്ധിച്ച തെളിവുകൾ ഹാജരാക്കാനാവാതെ വന്നപ്പോൾ പലരും ഈ കഥ വിശ്വസിച്ചില്ല. മാത്രവുമല്ല, സംഘപരിവാർ സംഘടനകളും നേതാക്കളും രാമായണിക്കെതിരെ അതിരൂക്ഷമായ വിമർശങ്ങളുമായി രംഗത്തു വന്നിട്ടും സത്യം ജനങ്ങളോട് തുറന്നുപറയാൻ മോഡി തയ്യാറായതുമില്ല. പിന്നീട്, 2014-ൽ പാർല്ലമെന്റിലേക്ക് മത്സരിച്ചപ്പോഴാണ് മോഡി തന്റെ വിവാഹത്തെക്കുറിച്ച് നാമനിർദേശ പത്രികയിൽ ആദ്യമായി വെളിപ്പെടുത്തൽ നടത്തിയത്. അതിനു മുമ്പ് ഗുജറാത്ത് നിയമസഭയിലേക്ക് മത്സരിച്ച ഒരു ഘട്ടത്തിൽ പോലും മോഡി വിവാഹതിനാണെന്ന കാര്യം നാമനിർദ്ദേശ പത്രികയിൽ വെളിപ്പെടുത്താതെ മൂടി വെക്കുകയായിരുന്നു. ഇത്തരമൊരു മറച്ചുപിടിക്കൽ എന്തിനായിരുന്നുവെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നൽകാൻ പോലും മോഡിക്ക് സാധിച്ചതുമില്ല.
എന്നാൽ, കൗമാരക്കാരനായ മോഡിയെ മാതാപിതാക്കൾ നിർബന്ധിച്ചാണ് വിവാഹം കഴിപ്പിച്ചതെന്ന് അദ്ദേഹത്തിന്റെ സഹോദരൻ സോം ഭായി 2014-ൽ വെളിപ്പെടുത്തിയിരുന്നു. 1968-ലാണ് മോഡിയുടെ വിവാഹം നടന്നത്. പിന്നീട് ഭാര്യയെ പിരിഞ്ഞ് വീട് വിട്ടിറങ്ങുകയായിരുന്നു. കുറച്ചുനാൾ മോഡിയുടെ വീട്ടിൽ കഴിഞ്ഞ ഭാര്യ യശോധ ബെൻ പഠനം തുടരാൻ തീരുമാനിക്കുകയായിരുന്നു. 1972-ൽ സെക്കൻഡറി സ്‌കൂൾ സർട്ടിഫിക്കറ്റ് പരീക്ഷ പാസായതിനെ തുടർന്ന് അവർ അധ്യാപികയായി ജോലിയിൽ പ്രവേശിച്ചു. 2007 ഡിസംബർ ഏഴിന് അവധൂത് രാമായണി യശോധ ബെന്നിന്റെ വീട്, ജോലി ചെയ്യുന്ന സ്‌കൂൾ എന്നിവയുടെ വിശദ വിവരങ്ങളും വീഡിയോയായി പുറത്തുവിട്ട് ചർച്ച കൊഴുപ്പിച്ചിരുന്നു.
ബാബരി മസ്ജിദ് തകർത്ത് അയോധ്യയിൽ ശ്രീരാമക്ഷേത്രം സ്ഥാപിച്ച് അതിന്റെ പ്രതിഷ്ഠാദിന ചടങ്ങിലേക്ക് പലരെയും ക്ഷണിച്ച് മോഡിയും സംഘപരിവാർ സംഘടനകളും രാഷ്ട്രീയ മുതലെടുപ്പിന് കരുക്കൾ നീക്കുന്നതിനിടെയാണ് സ്വന്തം പാളയത്തിൽനിന്നു തന്നെ മോഡിയുടെ വിശ്വാസ്യതയെയും യോഗ്യതയും ചൂണ്ടിക്കാട്ടി വിമർശം ഉയരുന്നത്.