Sorry, you need to enable JavaScript to visit this website.

'പെണ്ണുങ്ങൾ ഇണ ചേർന്ന് കുഞ്ഞുങ്ങൾ, പെണ്ണുങ്ങൾ മാത്രം രക്ഷിതാക്കൾ!'; എൻ.എസ്.എസ് ക്യാമ്പ് ഉദ്ധരിച്ച് സമസ്ത നേതാവിന്റെ ചോദ്യം

കോഴിക്കോട് - ക്രിസ്മസ് ആഘോഷവുമായി ബന്ധപ്പെട്ട് മതവിധി പറഞ്ഞ സമസ്ത യുവജന വിഭാഗം നേതാവ് അബ്ദുൽഹമീദ് ഫൈസി അമ്പലക്കടവ് മതസൗഹാർദ്ദത്തിന് വിലങ്ങുതടിയായതിനാൽ ജയിലിൽ അടക്കേണ്ടി വരുമെന്ന് പറഞ്ഞ ന്യൂനപക്ഷ മന്ത്രി വി അബ്ദുറഹ്മാനെതിരെ കൂടുതൽ വിമർങ്ങളും ചോദ്യങ്ങളുമായി സമസ്ത നേതാക്കൾ.
 രാജ്യത്തെ ഭരണഘടന ഒരു പൗരന് ഉറപ്പുനൽകുന്ന അഭിപ്രായസ്വാതന്ത്ര്യത്തിൽ കത്തിവെക്കുന്ന മന്ത്രിയുടെ നടപടിക്കെതിരെ വിവിധ സമസ്ത ഗ്രൂപ്പുകളിലും സമൂഹമാധ്യമങ്ങളിലും രൂക്ഷമായ വിമർശങ്ങളാണ് ഉയരുന്നത്. വിശ്വാസികളോട് മതനിയമം പറഞ്ഞതിന്റെ പേരിൽ മൂക്കിൽ വലിച്ചുകയറ്റുമെന്ന് ഭീഷണി മുഴക്കാൻ ഇത് ചൈനയും ക്യൂബയുമല്ല, കേരളമാണെന്ന് ഓർക്കണം. മന്ത്രിസ്ഥാനം നിലനിർത്താനും യജമാനന്മാരെ തൃപ്തരാക്കാനും മതപണ്ഡിതന്മാരെ ജയിലിലടക്കാൻ ഓരിയിട്ടവനെ സമസ്ത വെല്ലുവിളിക്കുന്നു, ഉമ്മ പ്രസവിച്ചവനാണെങ്കിൽ മന്ത്രി വെല്ലുവിളി ഏറ്റെടുക്കണം എന്നിങ്ങനെ പോകുന്നു വിവിധ സമസ്ത ഗ്രൂപ്പുകളിലെ പ്രചാരണങ്ങൾ.
 അതിനിടെ, മതവിധി പറഞ്ഞതിന്റെ പേരിൽ ജയിലിൽ അടച്ചാലും അഭിപ്രായത്തിൽ മാറ്റമുണ്ടാകില്ലെന്ന് ഓർമിപ്പിച്ച് മന്ത്രി വി അബ്ദുറഹ്മാനോട് മൂന്ന് ചോദ്യങ്ങളുമായി എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ്പ്രസിഡന്റ് സത്താർ പന്തല്ലൂരും രംഗത്തെത്തി. മിശ്രവിവാഹം സംബന്ധിച്ചും മറ്റും മൂന്ന് ചോദ്യങ്ങളാണ് സത്താർ പന്തല്ലൂർ എഫ്.ബിയിൽ മന്ത്രിയോട് ചോദിച്ചത്.

എഫ്.ബി പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ:

ന്യൂനപക്ഷ വകുപ്പ് മന്ത്രി മറുപടി പറയുമോ?

 മതപണ്ഡിതൻമാർ എന്ത് പറയണമെന്ന് തീരുമാനിക്കുന്നതിനും മതസൗഹാർദത്തിന് ഭീഷണി ഉയർത്തുന്നവരെ ജയിലിലടക്കാനുമുള്ള അധിക ചുമതല വഹിക്കുന്ന ന്യൂനപക്ഷ വകുപ്പു മന്ത്രിയാണല്ലൊ വി. അബ്ദുറഹിമാൻ. മൂന്ന് ചോദ്യങ്ങൾക്ക് മന്ത്രി പറയണം.

1. ന്യൂനപക്ഷ ദിനത്തിലെ മന്ത്രിയുടെ പ്രസംഗത്തിൽ മിശ്രവിവാഹത്തെ കുറിച്ച് പരാമർശിക്കുന്നുണ്ട്. ഒരു മുസ്‌ലിം മറ്റു മതവിഭാഗത്തിൽപ്പെട്ടവരെ വിവാഹം കഴിക്കുന്നത് ഇസ്‌ലാം അനുവദിക്കുന്നില്ല. ഇതാണ് മതവിധി. ജയിലിലടച്ചാലും അതു തന്നെയാണ് മതവിധി. എന്നാൽ, മിശ്രവിവാഹത്തെ കുറിച്ച് മന്ത്രിക്ക് തന്റെ അഭിപ്രായം പരസ്യമായി പറയാൻ ധൈര്യമുണ്ടോ?

2. ഇപ്പോൾ സംസ്ഥാനത്തെ ഹയർ സെക്കന്ററി സ്‌കൂളിലെ വിദ്യാർത്ഥികൾക്കായി നടത്തുന്ന എൻ.എസ്.എസ് ക്യാമ്പുകളിൽ പഠിപ്പിക്കുന്നത് ഇതാണ്: 5000 തലമുറയോടെ ലോകത്ത് ആണുങ്ങളുടെ പ്രത്യുൽപാദനം വെറും ഒരു ശതമാനമായി കുറയും. പെണ്ണും പെണ്ണും തമ്മിൽ ഇണ ചേർന്ന് കുഞ്ഞുങ്ങൾ ഉണ്ടാവുകയും പെണ്ണുങ്ങൾ മാത്രം രക്ഷിതാക്കളായ സമൂഹം ഉണ്ടാവുകയും ചെയ്യും.
ഈ നിഗമനങ്ങൾ അവതരിപ്പിക്കുന്ന ക്യാമ്പിൽ സ്വവർഗ ലൈംഗികതയെ സ്വാഭാവികതയായി അവതരിപ്പിക്കുന്നു. സെക്‌സും ജൻഡറും രണ്ടാണെന്നും സെക്‌സിനെ നിശ്ചയിക്കുന്നത് ലൈംഗികാവയവങ്ങളാണെങ്കിൽ ജൻഡർ നിർണയിക്കുന്നത് സാമൂഹ്യ സാഹചര്യങ്ങളാണ്. 
 വി. അബ്ദുറഹിമാൻ ലൈംഗിക ന്യുനപക്ഷങ്ങളുടെ വകുപ്പല്ലല്ലൊ കൈകാര്യം ചെയ്യുന്നത്? എന്നാൽ മത ന്യൂനപക്ഷങ്ങളുടെ വിശ്വാസങ്ങൾക്കും സംസ്‌കാരങ്ങൾക്കും വിരുദ്ധമായ ആശയങ്ങളാണ് മുകളിൽ പറഞ്ഞത്. ജയിലിലടച്ചാലും ഇക്കാര്യത്തിൽ ഇത് തെറ്റാണെന്നാണ് നിലപാട്. ഇക്കാര്യത്തിൽ മന്ത്രിയുടെ  അഭിപ്രായം ഒന്ന് പരസ്യമായി പറയുമോ?
 
3. ഓരോ മതവിഭാഗങ്ങളും തമ്മിൽ പരസ്പരം സാമൂഹികമായ മൈത്രിയും സാഹോദര്യവും വേണമെന്നും, എന്നാൽ അതിനർത്ഥം മറ്റുള്ളവരുടെ ആരാധനയും ആഘോഷവും മുസ്‌ലിംകൾ ഏറ്റെടുക്കൽ അല്ലെന്നും അത് വേണ്ടന്നും ഒരു മത പണ്ഡിതൻ വിശ്വാസികളോട് പറയുന്നതിൽ മന്ത്രിക്ക് എന്താണ് പ്രശ്‌നം? നിലവിളക്ക് മതാചാരമാണെന്നു പറഞ്ഞു പൊതുവേദിയിൽ സി. രവിചന്ദ്രനെ പോലുള്ള യുക്തിവാദികൾ മാറിനിൽക്കുന്നത് കാണാം. അതിൽ പരാതിയില്ലാത്ത മന്ത്രിക്ക് ഇതര മതാചാരങ്ങളിൽ മുസ്‌ലിംകൾ പങ്കെടുക്കേണ്ടന്ന് പറയുന്നതിൽ എന്താണ് ഇത്ര അസഹിഷ്ണുത?
 

Latest News