Sorry, you need to enable JavaScript to visit this website.

കേൾക്കാം, എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ പുതിയ ബ്രാന്റ് മ്യൂസിക്ക്

മുംബൈ- പുതിയ ലോഗോയും ബ്രാന്‍ഡ് നിറങ്ങളും അവതരിപ്പിച്ചതിന്റെ പിന്നാലെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് പുതിയ ബ്രാന്‍ഡ് മ്യൂസിക്ക് അവതരിപ്പിച്ചു. ബ്രാന്‍ഡ് ഐഡന്റിറ്റി പതുക്കലിന്റെ ഭാഗമായാണ് സംഗീതവും അവതരിപ്പിച്ചത്. 

കരുണ, അത്ഭുതം, വീര്യം എന്നിങ്ങനെ ഇന്ത്യന്‍ ക്ലാസിക്കല്‍ സംഗീതത്തിലെ മൂന്ന് വ്യത്യസ്ത രസങ്ങളിലൂടെ എയര്‍ ഇന്ത്യ എക്‌സ്പ്രസെന്ന ബ്രാന്‍ഡിന്റെ സത്തയെ കലാപരമായി ഉള്‍ക്കൊള്ളുന്ന വിധത്തിലാണ് പുതിയ ബ്രാന്‍ഡ് മ്യൂസിക്ക് തയ്യാറാക്കിയിരിക്കുന്നത്.

ഈ ബ്രാന്‍ഡ് മ്യൂസിക്കിന്റെ മിഡില്‍ ഈസ്റ്റ് പതിപ്പും ക്രിസ്മസ് പതിപ്പും എയര്‍ ഇന്ത്യ എക്‌സ്പ്രസ് അവതരിപ്പിച്ചിട്ടുണ്ട്. തങ്ങളുടെ ഏറ്റവും വലിയ ആഗോള വിപണിയായ ഗള്‍ഫ് മേഖലയിലെ 13 കേന്ദ്രങ്ങളുടെ പ്രാമുഖ്യം ഉയര്‍ത്തിക്കാട്ടുന്നതാണ് ബ്രാന്‍ഡ് മ്യൂസിക്കിന്റെ മിഡില്‍ ഈസ്റ്റ് വേര്‍ഷന്‍.

യാത്രാനുഭവങ്ങള്‍ പലപ്പോഴും മറക്കാനാവാത്ത ഓര്‍മ്മകളാണെന്നും ആ ഓര്‍മകള്‍ക്ക് ഈണം നല്‍കുന്ന വിധത്തിലാണ് പുതിയ ബ്രാന്‍ഡ് മ്യൂസിക്ക് തയ്യാറാക്കിയിരിക്കുന്നതെന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് ചീഫ് മാര്‍ക്കറ്റിങ് ഓഫിസര്‍ സിദ്ധാര്‍ഥ ബുടാലിയ പറഞ്ഞു. ബ്രാന്‍ഡ് മ്യൂസിക്കിന്റെ മിഡില്‍ ഈസ്റ്റ് വേര്‍ഷന്‍ മധ്യേഷ്യയുടെ സമ്പന്നമായ സാംസ്‌ക്കാരിക പാരമ്പര്യം പ്രതിഫലിപ്പിക്കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

ഏഷ്യയിലെ പ്രമുഖ സോണിക് ബ്രാന്‍ഡിംഗ് സ്ഥാപനമായ ബ്രാന്‍ഡ് മ്യൂസിക്കുമായി സഹകരിച്ചാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് പുതിയ ബ്രാന്‍ഡ് മ്യൂസിക്ക് വികസിപ്പിച്ചെടുത്തത്. വിമാനത്തിനുള്ളില്‍ ഇന്‍-ഫ്‌ളൈറ്റ് മ്യൂസിക്കായും എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ കോള്‍ സെന്റര്‍ ഡയലര്‍ ടോണായും എയര്‍ ഇന്ത്യ എക്‌സ്പ്രസ് ബ്രാന്‍ഡ് ഫിലിമുകളുടെ പശ്ചാത്തല സംഗീതമായുമൊക്കെ പുതിയ ബ്രാന്‍ഡ് മ്യൂസിക്ക് കേള്‍ക്കാനാകും.

Latest News