ഗാസ/ജറൂസലേം- ഗാസയിൽ ഇസ്രായിൽ നടത്തുന്ന യുദ്ധം മൂന്നു മാസത്തേക്ക് അടുത്തെങ്കിലും ഇസ്രായിലിൽ പൊതുസമൂഹം വൻ നിരാശയിലെന്ന് റിപ്പോർട്ട്. ഇസ്രായിലി പൊതുസമൂഹം യുദ്ധത്തെ പിന്തുണക്കുന്നുണ്ടെങ്കിലും ആളുകൾ വളരെ നിരാശരാണെന്നാണ് റിപ്പോർട്ട്. ഗാസയിൽ ഹമാസ് ബന്ദികളാക്കിയവരെ ഉടൻ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ജനം പ്രതിഷേധത്തിലാണ്. അതേസമയം, ടെൽ അവീവിൽ വടക്കൻ അതിർത്തി പട്ടണങ്ങളിൽ നിന്നും തെക്കൻ അതിർത്തി പട്ടണങ്ങളിൽ നിന്നുമുള്ള ഹോട്ടലുകളിൽ പതിനായിരക്കണക്കിന് ആളുകളെ സുരക്ഷാകാരണങ്ങളാൽ ഒഴിപ്പിച്ചിരുന്നു. അവരെ ഇതേവരെ തിരികെ എത്തിച്ചിട്ടില്ല. വടക്കൻ അതിർത്തി പട്ടണങ്ങളിൽ നിന്നുള്ളവർ ഇന്നലെ പ്രതിഷേധിച്ചു. തങ്ങൾക്ക് സ്വന്തം താമസസ്ഥലത്തേക്ക് എപ്പോൾ മടങ്ങിവരാനാകുമെന്ന് അറിയിക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ബന്ദികളെ മോചിപ്പിക്കാനോ ഇസ്രായിലിൽ തന്നെ താമസസ്ഥലം നഷ്ടപ്പെട്ടവർക്ക് തിരികെ വരാനോ കഴിയാത്ത അവസ്ഥയാണ്.
അതേസമയം, ഒക്്‌ടോബർ ഏഴു മുതൽ ഡിസംബർ 26 വരെ ഗാസയിൽ 4,037 വിദ്യാർത്ഥികളും 209 വിദ്യാഭ്യാസ ജീവനക്കാരും കൊല്ലപ്പെട്ടതായി ഗാസ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. രൂക്ഷമായ ഭക്ഷ്യക്ഷാമാണ് ഗാസയിൽ അഭിമുഖീകരിക്കുന്നതെന്ന് വേൾഡ് ഫുഡ് പ്രോഗ്രാമിലെ ചീഫ് ഇക്കണോമിസ്റ്റ് ആരിഫ് ഹുസൈൻ പറയുന്നു. ഗാസയിൽനിന്നും അധിനിവേശ വെസ്റ്റ് ബാങ്കിൽ നിന്നും ഫലസ്തീനികളെ നീക്കം ചെയ്യാനുള്ള ഇസ്രായിലിന്റെ ഏത് നീക്കവും തള്ളിക്കളയുമെന്ന് ജോർദാൻ രാജാവ് അബ്ദുള്ളയും ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽസിസിയും പറഞ്ഞു. അഡോൾഫ് ഹിറ്റ്‌ലറുമായി താരതമ്യപ്പെടുത്തിയ തുർക്കി പ്രസിഡന്റ് ഉർദുഗാന്റെ പരാമർശത്തെ ഇസ്രായിൽ പ്രധാനമന്ത്രി നെതന്യാഹു അപലപിച്ചു. ലോകത്ത് ധാർമ്മികത പ്രസംഗിക്കാൻ കഴിയുന്ന അവസാന വ്യക്തി താനാണെന്നാണ് നെതന്യാഹു പറഞ്ഞത്.
അതിനിടെ, ഹമാസിനെ തകർക്കാൻ ഇസ്രായിലിന് സാധിച്ചിട്ടില്ലെന്ന് ഇസ്രായിലിന്റെ മുൻ സീനിയർ ഇന്റലിജൻസ് ഓഫീസറും വിരമിച്ച മേജർ ജനറലുമായ മൈക്കൽ മിൽഷ്‌റ്റെയിൻ അഭിപ്രായപ്പെട്ടു. രണ്ട് മാസത്തിലേറെയായി നടത്തുന്ന സൈനിക നീക്കം ഹമാസിനെ തകർത്തുവെന്ന ഇസ്രായിൽ ഭരണാധികാരികളുടെ അഭിപ്രായങ്ങൾ മിൽഷ്‌റ്റെയിൻ തള്ളിക്കളഞ്ഞു. ഹമാസ് തകരുകയാണെന്ന് ഇസ്രായിൽ കുറച്ചുകാലമായി പറഞ്ഞുവരുന്നു. എന്നാൽ അത് ശരിയല്ല. എല്ലാ ദിവസവും ഇസ്രായിൽ കഠിനമായ യുദ്ധങ്ങളെ അഭിമുഖീകരിക്കുകയാണ്. തങ്ങളുടെ കമാൻഡർമാർ കൊല്ലപ്പെടുമ്പോൾ തുല്യ നൈപുണ്യവും അർപ്പണബോധവുമുള്ള മറ്റുള്ളവരെ മാറ്റി പകരം വെക്കാൻ ഹമാസിന് പ്രത്യേക കഴിവുണ്ടെന്ന് അദ്ദേഹം പറഞ്ഞു.