Sorry, you need to enable JavaScript to visit this website.

നിയമങ്ങൾക്കെന്തൊരു സ്പീഡ്?

പ്രതിപക്ഷ അംഗങ്ങളെ കൂട്ടത്തോടെ സസപെൻഡ് ചെയ്ത വേളയിലാണ് സുപ്രധാന ബില്ലുകൾ പാസാക്കിയത്. മൂന്ന് ബില്ലുകളെ സംബന്ധിച്ച ചർച്ചകളിലും  പ്രതിപക്ഷ പാർട്ടികൾക്ക്  പങ്കെടുക്കാനായില്ല. 141 പ്രതിപക്ഷ എം.പിമാരെയാണ്  സസ്‌പെൻഡ് ചെയ്തിരുന്നത്. സഭയിൽനിന്ന് മുമ്പൊരിക്കലും ഇത്രയധികം പ്രതിപക്ഷ എം.പിമാർ സസ്‌പെൻഡ് ചെയ്യപ്പെട്ടിട്ടില്ല.


പാർലമെന്റ് പാസാക്കിയ മൂന്ന് പുതിയ ക്രിമിനൽ നിയമ ബില്ലുകൾക്ക് രാഷ്ട്രപതി ദ്രൗപതി മുർമു കഴിഞ്ഞ ദിവസം അംഗീകാരം നൽകി. ഐ പി സി, സി ആർ പി സി തെളിവ് നിയമങ്ങൾക്ക് പകരമായി അവതരിപ്പിച്ച   ഭാരതീയ ന്യായസംഹിത, ഭാരതീയ നാഗരിക് സുരക്ഷ സംഹിത, ഭാരതീയ സാക്ഷ്യ അധിനയ ബില്ലുകൾക്കാണ് അംഗീകാരം. 143 പ്രതിപക്ഷ എംപിമാരെ സസ്‌പെൻഡ് ചെയ്തതിന് പിന്നാലെയായിരുന്നു ബില്ലുകൾ സഭയിൽ പാസാക്കിയെടുത്തത്.  ക്രിമിനൽ നിയമങ്ങൾ പരിഷ്‌കരിക്കാനാണ് പുതിയ ബില്ലുകൾ കൊണ്ടുവന്നതെന്നായിരുന്നു കേന്ദ്ര സർക്കാരിന്റെ അവകാശവാദം. തീവ്രവാദം, ആൾക്കൂട്ടക്കൊല, ദേശീയ സുരക്ഷയെ അപകടപ്പെടുത്തുന്ന കുറ്റകൃത്യങ്ങൾ എന്നിവയ്ക്കുള്ള ശിക്ഷ കൂടുതൽ കർശനമാക്കുന്നതാണ് പുതിയ ബില്ലുകൾ. ആൾക്കൂട്ട കൊലപാതകത്തിന് വധശിക്ഷയാണ് പുതിയ നിയമ പ്രകാരമുള്ള  ശിക്ഷ. പുതിയ ബില്ലുകളിലെ വ്യവസ്ഥകൾ പ്രകാരം കുറ്റവിമുക്തനാക്കുന്നതിന് പ്രതിക്ക് ഹരജി ഫയൽ ചെയ്യാൻ ഏഴ് ദിവസത്തെ സമയം ലഭിക്കും. പരമാവധി 120 ദിവസത്തിനുള്ളിൽ കേസ് വിചാരണ നടത്തേണ്ടതുണ്ട്.  ഒരു വ്യക്തി പരാതിപ്പെട്ടതിനു ശേഷം കേസുകൾ രജിസ്റ്റർ ചെയ്യുന്നതിന് മൂന്നു മുതൽ 14 ദിവസം വരെയേ പോലീസിന് എടുക്കാനാവൂ എന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം. 
1860 ലെ ഇന്ത്യൻ ശിക്ഷാനിയമവും (ഐ പി സി), 1898 ലെ ക്രിമിനൽ നടപടിച്ചട്ടവും (സി ആർ പി സി), 1872 ലെ ഇന്ത്യൻ തെളിവ് നിയമത്തിനും പകരമായിട്ടാണ് ബില്ലുകൾ അവതരിപ്പിച്ചത്. കഴിഞ്ഞ സമ്മേളനത്തിൽ മൂന്നു ബില്ലുകളും അവതരിപ്പിച്ചിരുന്നെങ്കിലും അവ പിന്നീട് സ്റ്റാൻഡിംഗ് കമ്മിറ്റിക്ക് വിട്ടിരുന്നു. കമ്മിറ്റി നവംബർ പത്തിന് റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെ ഡിസംബർ 11 ന് ബില്ലുകൾ പിൻവലിച്ചു. പിന്നീട് സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ നിർദേശങ്ങൾ കൂടി ഉൾപ്പെടുത്തി പരിഷ്‌കരിച്ച ബില്ലുകൾ ശൈത്യകാല സമ്മേളനത്തിൽ അവതരിപ്പിക്കുകയായിരുന്നു.
1860 ൽ രൂപം നൽകിയ ഇന്ത്യൻ പീനൽ കോഡിന്റെ ഉദ്ദേശ്യം നീതി നൽകാനല്ല, ശിക്ഷ നൽകുക എന്നതായിരുന്നു എന്നും നീതി വേഗം നടപ്പാക്കാൻ ലക്ഷ്യമിട്ടുള്ളതാണ് പുതിയ ബില്ലുകളെന്നുമായിരുന്നു ബില്ലുകൾ അവതരിപ്പിക്കവേ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അവകാശപ്പെട്ടത്. പഴയ നിയമങ്ങൾ ഇന്ത്യയിലെ  പൗരന്മാർക്ക് വേണ്ടി ഉണ്ടാക്കിയതല്ല. ബ്രിട്ടീഷ് ഭരണത്തിന്റെ സുരക്ഷക്കായിരുന്നു. പഴയ നിയമങ്ങളിൽ, നരഹത്യക്കും സ്ത്രീകളോടുള്ള മോശം പെരുമാറ്റത്തിനും മുൻഗണന നൽകുന്നതിനു പകരം, ഖജനാവ് സംരക്ഷണം, റെയിൽവേ സംരക്ഷണം, ബ്രിട്ടീഷ് കിരീടത്തിന്റെ സുരക്ഷ എന്നിവക്കാണ് മുൻഗണന നൽകിയിരുന്നതെന്നും അദ്ദേഹം എടുത്തു കാട്ടി. സാങ്കേതിക വിദ്യയിലും ഫോറൻസിക് സയൻസിലും ശ്രദ്ധ കേന്ദ്രീകരിച്ച് നിയമ, പോലീസ്, അന്വേഷണ സംവിധാനങ്ങളെ ആധുനികതയിലേക്ക് നയിക്കുന്നവയാണ് ബില്ലുകൾ. 
ഇതേ ദിവസങ്ങളിലാണ് പ്രസ് ആൻഡ് രജിസ്‌ട്രേഷൻ ഓഫ്  പീരിയോഡിക്കൽസ് ബില്ലും ലോക്സഭ ശബ്ദ വോട്ടോടെ പാസാക്കിയത്.  നമ്മുടെ നാട്ടിൽ ഒരു പ്രസിദ്ധീകരണം രജിസ്റ്റർ ചെയ്‌തെടുക്കാൻ നിരവധി കടമ്പകൾ താണ്ടണം. സാധാരണ ഗതിയിൽ രണ്ടോ മൂന്നാ വർഷമെടുത്താണ് ഇത് സാധിച്ചെടുക്കുന്നത്. 
അതത് ജില്ലകളിലെ കലക്ടറേറ്റിൽ ചെന്ന് ഡി സെക്ഷനിൽ അപേക്ഷ സമർപ്പിക്കുകയെന്നതാണ് ആദ്യ ഘട്ടം. പത്രത്തിന് ലൈസൻസ് നൽകുന്ന ഇതേ ഡിപ്പാർട്ടുമെന്റിന് തന്നെയാണ് തോക്ക് ലൈസൻസിനുള്ള അപേക്ഷയും സമർപ്പിക്കേണ്ടത്. അപേക്ഷ ലഭിച്ചാൽ എന്തെങ്കിലും പ്രതികരണം ലഭിക്കാൻ മാസങ്ങളുടെ കാത്തിരിപ്പ് അനിവാര്യമായിരുന്നു. ആദ്യമായി പരിഗണിക്കുക ആവശ്യപ്പെട്ട ടൈറ്റിലിന്റെ ലഭ്യതയെയാണ്. ഇത് മറ്റാർക്കെങ്കിലും നേരത്തെ അനുവദിച്ചതാണെങ്കിൽ ലഭിക്കാൻ ഒരു സാധ്യതയുമില്ല. അപേക്ഷ നിരസിച്ചതായുള്ള കത്തിനൊപ്പം പുതിയ ടൈറ്റിലുകൾ നിർദേശിക്കാനും കേന്ദ്ര സർക്കാർ ആവശ്യപ്പെടും. 
പുതിയ പ്രസിദ്ധീകരണത്തിന് രജിസ്‌ട്രേഷന് അനിവാര്യമായ എട്ട് ഘട്ടങ്ങൾ കടന്നാണ് അപേക്ഷയിൽ തീരുമാനമെടുത്തിരുന്നത്. ഇത്തരം ക്ലേശകരമായ അവസ്ഥ  ഒഴിവാക്കി, ഒറ്റ ക്‌ളിക്കിൽ രജിസ്‌ട്രേഷൻ ലഭ്യമാക്കാനാവുമെന്നതാണ് ബില്ലിന്റെ മേന്മയായി കേന്ദ്ര മന്ത്രി അനുരാഗ് താക്കൂർ എടുത്തു പറഞ്ഞത്. 
പത്രങ്ങൾ രജിസ്റ്റർ ചെയ്യുമ്പോഴുള്ള വ്യവസ്ഥകൾ ഇളവു ചെയ്യാനാണ് 1867 ലെ പ്രസ് ആൻഡ് രജിസ്‌ട്രേഷൻ ഓഫ് ബുക്സ് ആക്ടിനു പകരം പുതിയ നിയമം. എന്നാൽ  പ്രസ് രജിസ്ട്രാർക്ക് പത്ര സ്വാതന്ത്ര്യത്തിൽ കടന്നുകയറ്റം നടത്താൻ പാകത്തിലുള്ള വകുപ്പുകൾ നിയമത്തിലുണ്ടെന്നും ഇതിലൂടെ പത്രങ്ങളെ നിയന്ത്രിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്നുമായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം.  രജിസ്ട്രാർക്കോ കേന്ദ്ര സർക്കാർ നിഷ്‌കർഷിക്കുന്ന അതോറിറ്റിക്കോ പത്രങ്ങളിൽ റെയ്ഡ് നടത്താമെന്നും രേഖകൾ പരിശോധിക്കാമെന്നും പുതിയ നിയമത്തിലുണ്ട്. സ്വതന്ത്രമായ പത്രപ്രവർത്തനം ജനാധിപത്യത്തിന്റെ നിലനിൽപിന് അത്യന്താപേക്ഷിതമാണ്.  പത്രങ്ങൾക്കു മേൽ യാതൊരു നിയന്ത്രണവും പാടില്ലെന്ന് ആരും പറയുന്നില്ല. രാജ്യ താൽപര്യത്തിനെതിരാണെങ്കിൽ നടപടിയെടുക്കരുതെന്ന് ആരും പറയില്ല. ഇപ്പോൾ തന്നെ  സ്വയം നിയന്ത്രണം പാലിച്ചാണ് പ്രവർത്തിക്കുന്നത്. പത്രങ്ങളിൽ ഭരണകക്ഷിക്ക് അനുകൂലമായും പ്രതികൂലമായും വാർത്തകൾ വരാറുണ്ട്.  പത്രങ്ങൾ നടത്തുന്ന വിമർശനം ജനങ്ങൾക്ക് ഗുണകരമായ രീതിയിൽ ഒട്ടേറെ തിരുത്തലുകൾ വരുത്താൻ ഭരണാധികാരികൾക്ക് പ്രചോദനമായിട്ടുണ്ട്. പത്ര സ്വാതന്ത്യത്തിന് മേൽ കടന്നു കയറാൻ നിയമത്തിൽ വ്യവസ്ഥയുണ്ടെങ്കിൽ അത് നല്ലതിനല്ല. പ്രസിദ്ധീകരണ വ്യവസായത്തെ നിയന്ത്രിക്കുന്ന ബ്രിട്ടീഷ് കാലത്തെ നിയമം മാറ്റിസ്ഥാപിക്കുന്നതിനും ആനുകാലികങ്ങളുടെ രജിസ്‌ട്രേഷൻ പ്രക്രിയ ലളിതമാക്കുന്നതിനുമുള്ള ബില്ലാണെന്ന് മന്ത്രി പറയുന്നു.  ലോക്സഭയിൽ ശബ്ദ വോട്ടോടെയാണ് ആനുകാലികങ്ങളുടെ പ്രസ് ആൻഡ് രജിസ്ട്രേഷൻ ബിൽ -2023 പാസാക്കിയത്.  സ്വാതന്ത്ര്യ സമര സേനാനികൾ പത്രങ്ങൾ തുടങ്ങുന്നത് തടയാൻ ബ്രിട്ടീഷുകാർ കൊണ്ടുവന്ന കൊളോണിയൽ കാലത്തെ നിയമം മുൻ കോൺഗ്രസ് സർക്കാരുകൾ തുടരുകയായിരുന്നുവെന്ന് മന്ത്രി കുറ്റപ്പെടുത്തുകയും ചെയ്തു. സർക്കാരിൽ രജിസ്റ്റർ ചെയ്യാതെ പത്രങ്ങളോ ആനുകാലികങ്ങളോ പ്രസിദ്ധീകരിച്ചാൽ ആറ് മാസത്തെ തടവ് ശിക്ഷ ലഭിക്കുന്ന മുൻ നിയമത്തിലെ ആറ് വ്യവസ്ഥകൾ ക്രിമിനൽ രഹിതമാക്കാനാണ് പുതിയ ബിൽ. രജിസ്ട്രേഷൻ കൂടാതെ പത്രം പ്രസിദ്ധീകരിക്കുന്ന കേസുകളിൽ ആറു മാസത്തിനകം പ്രസിദ്ധീകരണം നിർത്തണമെന്ന പ്രസ് രജിസ്ട്രാറുടെ നിർദേശം പ്രസാധകർ പാലിക്കുന്നതിൽ പരാജയപ്പെട്ടാൽ ജയിൽ ശിക്ഷ വ്യവസ്ഥ പ്രാബല്യത്തിൽ വരുമെന്ന് മന്ത്രി പറഞ്ഞു. രജിസ്‌ട്രേഷൻ ഇല്ലാതെ ആനുകാലികങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് അഞ്ചു ലക്ഷം രൂപ വരെയും നിശ്ചിത സമയത്തിനുള്ളിൽ വാർഷിക പ്രസ്താവന നൽകുന്നതിൽ പരാജയപ്പെട്ടാൽ ആദ്യ തവണ 20,000 രൂപ വരെയും പിഴ ചുമത്താൻ പ്രസ് രജിസ്ട്രാർ ജനറലിന് ബിൽ അധികാരം നൽകുന്നു.
ഇന്ത്യയിൽ പത്രങ്ങളെ നിയന്ത്രിക്കാൻ ശ്രമമുണ്ടാവുന്നത് ആദ്യമായല്ല. അടിയന്തരാവസ്ഥക്കാലത്ത് പത്രങ്ങൾക്ക് കടുത്ത സെൻസർഷിപ്പ് ഏർപ്പെടുത്തിയിരുന്നു. അടുത്ത തെരഞ്ഞെടുപ്പിൽ അത് ഏർപ്പെടുത്തിയവർക്ക് ഏറ്റവും വലിയ തിരിച്ചടി കിട്ടാൻ അതും കാരണമായി. ശരിയായ കാര്യങ്ങൾ പത്രങ്ങൾക്ക് റിപ്പോർട്ട് ചെയ്യാൻ സാധിക്കാതെ വന്നപ്പോൾ പ്രചരിച്ച കിംവദന്തികളെല്ലാം ജനങ്ങൾ വിശ്വസിക്കാനും ഇടയായി. ഇതാണ് വലിയ തിരിച്ചടിക്ക് കാരണമായത്. അനാവശ്യ നിയന്ത്രണം പത്രങ്ങൾക്കു മേൽ അടിച്ചേൽപിക്കാൻ ശ്രമിച്ചാൽ അത് തിരിച്ചടിക്കുക തന്നെ ചെയ്യും. 
പ്രസ് ആൻഡ് രജിസ്‌ട്രേഷൻ ഓഫ് ആനുകാലിക ബില്ലിലെ ചില അധികാരങ്ങളെ കുറിച്ച് എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ നേരത്തെ ആശങ്കകൾ പ്രകടിപ്പിച്ചതാണ്.
പത്രങ്ങളുടെയും മാസികകളുടെയും പ്രവർത്തനത്തിൽ കൂടുതൽ കടന്നുകയറ്റവും ഏകപക്ഷീയവുമായ പരിശോധനകൾ നടത്താൻ സർക്കാരിന് അധികാരം നൽകുന്ന  പ്രസ് രജിസ്ട്രാറുടെ അധികാര വിപുലീകരണം, ആനുകാലികങ്ങൾ പുറത്തിറക്കുന്നതിന് പൗരന്മാർക്കുള്ള പുതിയ നിയന്ത്രണങ്ങൾ, വാർത്ത പ്രസിദ്ധീകരണങ്ങളുടെ പരിസരത്ത് പ്രവേശിക്കാനുള്ള ശ്രമം എന്നിവയിലെല്ലാം ഗിൽഡിന് ആശങ്കയുണ്ട്. 
പ്രതിപക്ഷ അംഗങ്ങളെ കൂട്ടത്തോടെ സസപെൻഡ് ചെയ്ത വേളയിലാണ് സുപ്രധാന ബില്ലുകൾ പാസാക്കിയത്. മൂന്ന് ബില്ലുകളെ സംബന്ധിച്ച ചർച്ചകളിലും  പ്രതിപക്ഷ പാർട്ടികൾക്ക്  പങ്കെടുക്കാനായില്ല.
141 പ്രതിപക്ഷ എം.പിമാരെയാണ്  സസ്‌പെൻഡ് ചെയ്തിരുന്നത്. സഭയിൽനിന്ന് മുമ്പൊരിക്കലും ഇത്രയധികം പ്രതിപക്ഷ എം.പിമാർ സസ്‌പെൻഡ് ചെയ്യപ്പെട്ടിട്ടില്ല. ജനക്ഷേമം ഉറപ്പു വരുത്താൻ കാലാനുസൃതമായി നിയമങ്ങൾ പരിഷ്‌കരിക്കുകയാണെന്ന് പറയുമ്പോഴും പ്രതിപക്ഷത്തിന്റെ സാന്നിധ്യം കൂടി വേണ്ടിയിരുന്നു. അതല്ലേ, ജനാധിപത്യത്തിന്റെ സൗന്ദര്യം? 

Latest News