Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

'ബി.ജെ.പി കെണിയിൽ ആരും വീഴരുത്'; രാമക്ഷേത്ര വിവാദത്തിൽ മുസ്‌ലിം ലീഗ്, മറുപടി കൃത്യസമയത്തെന്ന് കോൺഗ്രസ്

കോഴിക്കോട് - അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിലേക്കുള്ള ക്ഷണവിവാദത്തിൽ പ്രതികരിച്ച് മുസ്‌ലിം ലീഗ്. ബി.ജെ.പിയുടെ അജണ്ടയിൽ ആരും വീഴരുതെന്നാണ് മുസ്‌ലിം ലീഗ് നിലപാടെന്ന് പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം പറഞ്ഞു. കോൺഗ്രസിനുള്ള ക്ഷണത്തെക്കുറിച്ച് ചോദിച്ചപ്പോൾ ചടങ്ങിൽ പങ്കെടുക്കുന്നതിനെക്കുറിച്ച് ക്ഷണം ലഭിച്ചവരോടുതന്നെ ചോദിക്കണമെന്നും അദ്ദേഹം പ്രതികരിച്ചു.
 ബി.ജെ.പി എല്ലാ തെരഞ്ഞെടുപ്പുകൾക്ക് മുന്നിലും ഓരോ കെണികൾ ഉണ്ടാക്കാറുണ്ട്. എല്ലാ തെരഞ്ഞെടുപ്പുകൾക്ക് മുമ്പും വർഗീയ കലാപമുണ്ടാക്കലായിരുന്നു നേരത്തെ അവരുടെ പണി. ഇപ്പോൾ വർഗീയ വികാരങ്ങൾ ചൂഷണം ചെയ്യലാണ് അവരുടെ നയം. ബി.ജെ.പിയുടെ ഒരു അജണ്ടയിലും ആരും വീഴരുതെന്നാണ് നിലപാടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഇതേക്കുറിച്ച് കൂടുതൽ ചോദ്യങ്ങളുയർന്നപ്പോൾ, സി.പി.എമ്മിന്റെ നിലപാടിനെ കുറിച്ച് അവരോട് ചോദിക്കണം. കോൺഗ്രസിന്റെ മറുപടിയെകുറിച്ച് അവരോടും ചോദിക്കുക. ഞങ്ങളുടെ അഭിപ്രായമാണ് ഞാൻ പറഞ്ഞതെന്ന് പി.എ.എ സലാം പ്രതികരിച്ചു.
 പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാനുള്ള കോൺഗ്രസ് നീക്കത്തിനെതിരെ രൂക്ഷ വിമർശവുമായി സമസ്തയുടെ സുപ്രഭാതം പത്രം രംഗത്തെത്തിയതിന് പിന്നാലെയാണ് ലീഗ് നേതാവും അഭിപ്രായം തുറന്നു പറഞ്ഞത്. പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കില്ലെന്ന സി.പി.എം ജനറൽസെക്രട്ടറി സീതാറാം യെച്ചൂരിയുടെയും സി.പി.ഐ ജനറൽസെക്രട്ടറി ഡി രാജയുടെയും ആർജവത്തെയും സുപ്രഭാതം പ്രശംസിച്ചിരുന്നു. ഇന്ത്യാ മുന്നണിയിലെ തൃണമൂൽ കോൺഗ്രസ്, ജെ.ഡി.യു,ആർ.ജെ.ഡി പാർട്ടികളും പ്രതിഷ്ഠാ ചടങ്ങ് ബഹിഷ്‌കരണമെന്ന നിലപാടിലാണ്. ഇത് കോൺഗ്രസിന് മേൽ കടുത്ത സമ്മർദ്ദമാണ് ഉയർത്തുന്നത്. അതിനിടെ, രാമക്ഷേത്ര ചടങ്ങിൽ പങ്കെടുക്കുന്നതിൽ കൃത്യസമയത്ത് ഉത്തരം കിട്ടുമെന്ന് എ.ഐ.സി.സിയുടെ സംഘടനാ ചുമതലയുള്ള ജനറൽസെക്രട്ടറി കെ.സി വേണുഗോപാൽ മാധ്യമങ്ങളോട് പ്രതികരിച്ചു.

Latest News