ആലുവ / ബെംഗ്ലൂരൂ - നടനും കണ്ണൂർ സ്‌ക്വാഡിന്റെ സ്റ്റണ്ട് ഡയറക്ടറുമായ ജോളി ബാസ്റ്റിൻ (53) അന്തരിച്ചു. ഇന്നലെ വൈകീട്ട് നെഞ്ചുവേദനയെ തുടർന്ന് വണ്ടാനം ആശുപത്രിയിൽ പ്രവേശിപ്പിച്ച താരം ചികിത്സയിലിരിക്കെയാണ് അന്ത്യമുണ്ടായത്. ക്രിസ്മസ് പ്രമാണിച്ച് ബെംഗ്ലൂരൂവിൽനിന്ന് കുടുംബവുമായി ജന്മനാടായ ആലപ്പുഴയിൽ എത്തിയതായിരുന്നു. സംസ്‌കാര ചടങ്ങുകൾ വെള്ളിയാഴ്ച്ച ബെംഗളൂരുവിൽ നടക്കും. മൃതദേഹം ബെംഗ്ലൂരുവിലേക്ക് കൊണ്ടുപോയി.
സ്റ്റണ്ട് നടന്മാരുടെ കർണാടക സംഘടനയിൽ അധ്യക്ഷനായി പ്രവർത്തിച്ചിട്ടുണ്ട്. തമിഴ്, തെലുങ്ക്, ഹിന്ദി പഞ്ചാബി സിനിമകളിലും കുറേക്കാലം സ്റ്റണ്ട് ഡയറക്ടറായി പ്രവർത്തിച്ചിട്ടുണ്ട്. ഗായകനായ താരം 24 ഇവന്റ് എന്ന പേരിൽ ഓർക്കസ്ട്ര ഗ്രൂപ്പും നടത്തിയിരുന്നു. മലയാളത്തിൽ നിരവധി സിനിമകളിൽ പ്രവർത്തിച്ചിട്ടുണ്ടെങ്കിലും കന്നട സിനിമകളിലാണ് കൂടുതൽ സജീവമായിരുന്നത്.
കമ്മട്ടിപാടം, മാസ്റ്റർ പീസ്, അങ്കമാലി ഡയറീസ്, ഓപ്പറേഷൻ ജാവ, തങ്കം, നാ താൻ കേസ് കൊട് തുടങ്ങിയ ചിത്രങ്ങളിലും ഫൈറ്റ് ഫൈറ്റ് മാസ്റ്റർ ആയിരുന്നു. ജോളി ബാസ്റ്റിൻ സൈലൻസ് എന്ന ചിത്രത്തിൽ വില്ലൻ വേഷത്തിൽ എത്തിയിരുന്നു. കന്നഡയിൽ 'നികാകി കാടിരുവെ'യെന്ന ചിത്രം സംവിധാനം ചെയ്ത ജോളി തിമിഴിൽ ലോക്ക്ഡൗൺ എന്ന പേരിലും സിനിമയുണ്ട്. വിവിധ ഭാഷകളിലെ 400-ലധികം ചിത്രങ്ങളിൽ സ്റ്റണ്ട് ഡയറക്ടറായിട്ടുണ്ട്.