പിണറായി വിജയന്റെ പോലീസ് ഗുണ്ടകള്‍ക്ക് ഉമ്മ  കൊടുക്കുന്നു-ബി.ജെ.പി വേദിയില്‍ മറിയക്കുട്ടി 

തൃശൂര്‍- പെന്‍ഷന്‍ വിഷയത്തില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി രംഗത്തുവന്ന അടിമാലി സ്വദേശിനി മറിയക്കുട്ടി ബിജെപി വേദിയില്‍. ന്യൂനപക്ഷ മോര്‍ച്ച തൃശൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ക്രിസ്മസ് സായാഹ്ന പരിപാടിയിലാണ് മറിയക്കുട്ടി പങ്കെടുത്തത്. ക്രിസ്മസ് സായാഹ്നം ഉദ്ഘാടനം ചെയ്തതും മറിയക്കുട്ടിയാണ്. പിണറായി വിജയന്റെ പോലീസ് ഗുണ്ടകള്‍ക്ക് ഉമ്മ കൊടുക്കുമ്പോള്‍, മറ്റുള്ളവരുടെ തല തല്ലിപ്പൊളിക്കുകയാണ്. സമരം ചെയ്തവരെ തല്ലിയ പോലീസുകാര്‍ക്ക് ജനങ്ങള്‍ മാര്‍ക്കിട്ടിട്ടുണ്ട്. ഇവിടത്തെ ജനങ്ങള്‍ക്ക് അരി കിട്ടുന്നില്ല. പെന്‍ഷന്‍ കിട്ടുന്നില്ല. പഠിച്ച കുട്ടികള്‍ക്ക് ജോലി കിട്ടുന്നില്ല. പിണറായി വിജയന്റെ ഗുണ്ടകള്‍ക്കാണ് ഇവിടെ ജോലി കിട്ടുന്നത്. സിപിഎമ്മുകാര്‍ക്കാണ് ജോലി കിട്ടുന്നത്. കസേര തല്ലിപ്പൊളിച്ചവന്‍ ഇപ്പോള്‍ മന്ത്രിയാണ്. ജനങ്ങള്‍ മടുത്തു. കേരളം കുട്ടിച്ചോറാക്കി. ലോക്സഭ തെരഞ്ഞെടുപ്പില്‍ തൃശ്ശൂരില്‍ സുരേഷ്ഗോപിയെ ജയിപ്പിച്ചാല്‍ നാടു രക്ഷപ്പെടും. 
പിണറായിയും സിപിഎമ്മും വേണ്ട, വേറെ ആരു വിളിച്ചാലും പോകുമെന്നും, ബിജെപി പരിപാടിയില്‍ പങ്കെടുത്തതിനെ ന്യായീകരിച്ച് മറിയക്കുട്ടി പറഞ്ഞു. ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, ജില്ലാ പ്രസിഡന്റ് കെ കെ അനീഷ് കുമാര്‍, ന്യൂനപക്ഷ മോര്‍ച്ച ജില്ലാ അധ്യക്ഷന്‍ ടോണി ചാക്കോ തുടങ്ങിയവര്‍ പങ്കെടുത്തു. 

Latest News