ധനമന്ത്രി രാജിവെക്കണം, റിസര്‍വ് ബാങ്കിന് ബോംബ് ഭീഷണി

മുംബൈ - ആര്‍.ബി.ഐ, എച്ച്.ഡി.എഫ്.സി ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക് എന്നിവയുടെ ഓഫീസുകള്‍ ആക്രമിക്കുമെന്ന് റിസര്‍വ് ബാങ്കിന് (ആര്‍.ബി.ഐ) ഭീഷണി ഇമെയില്‍ ലഭിച്ചതായി മുംബൈ പോലീസ് അറിയിച്ചു. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനും ആര്‍.ബി.ഐ ഗവര്‍ണര്‍ ശക്തികാന്ത ദാസും രാജിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് ഭീഷണി സന്ദേശം.

ബുധനാഴ്ച ഉച്ചയ്ക്ക് 1.30ന് മുംബൈയിലെ 11 സ്ഥലങ്ങളിലായി 11 ബോംബ് ആക്രമണങ്ങള്‍ ഉണ്ടാകുമെന്നാണ് മെയില്‍ ഭീഷണി. തപാലില്‍ പറഞ്ഞ സ്ഥലങ്ങളിലെല്ലാം പോയി അന്വേഷണം നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ലെന്ന് മുംബൈ പോലീസ് പറഞ്ഞു.

'ഖിലാഫത്ത് ഇന്ത്യ' എന്ന ഇ മെയില്‍ വിലാസത്തില്‍നിന്നാണ് സന്ദേശം.  'ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതി'യില്‍ നിര്‍മ്മല സീതാരാമനും ശക്തികാന്ത ദാസും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് അയച്ചയാള്‍ ആരോപിച്ചു.

മുംബൈയിലെ എംആര്‍എ മാര്‍ഗ് പോലീസ് സ്റ്റേഷനില്‍ ഭീഷണിയെ കുറിച്ച് അന്വേഷിക്കാന്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

 

Latest News