Sorry, you need to enable JavaScript to visit this website.

മട്ടന്റെ മജ്ജ മെനുവിലില്ല, പൊരിഞ്ഞ അടി ;വിവാഹം മുടങ്ങി

ഹൈദരാബാദ്-വധുവിന്റെ വീട്ടുകാര്‍ മട്ടന്റെ മജ്ജ മെനുവില്‍ ഉള്‍പ്പെടുത്താത്തതിന്റെ പേരില്‍ വിവാഹം മുടങ്ങി. തെലങ്കാനയിലാണ് സംഭവം. നിസാമാബാദ് സ്വദേശിനിയാണ് വധു. കഴിഞ്ഞ മാസം യുവതിയുടെ വീട്ടില്‍ വച്ചായിരുന്നു ഇവരുടെ വിവാഹ നിശ്ചയം നടന്നത്. എന്നാല്‍ അധികം വൈകാതെ തന്നെ വിവാഹം മുടങ്ങുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. വരനും ബന്ധുക്കളും അടക്കമുള്ള അതിഥികള്‍ക്കായി നോണ്‍ വെജ് വിഭവങ്ങളായിരുന്നു വധുവിന്റെ വീട്ടുകാര്‍ ഒരുക്കിയിരുന്നത്. വിഭവങ്ങളുടെ കൂട്ടത്തില്‍ മട്ടന്റെ മജ്ജയില്ലെന്ന് ചില അതിഥികള്‍ ചൂണ്ടിക്കാട്ടിയതോടെയാണ് വഴക്ക് തുടങ്ങിയത്.
ഇരു കൂട്ടരും തമ്മിലുള്ള പ്രശ്‌നം വഷളായതോടെ പോാലീസ് സ്ഥലത്തെത്തി. മെനുവില്‍ മട്ടന്‍ മജ്ജയില്ലെന്ന കാര്യം വധുവിന്റെ വീട്ടുകാര്‍ മനപ്പൂര്‍വം തങ്ങളില്‍ നിന്ന് മറച്ചുവച്ചതായി വരന്റെ ബന്ധുക്കള്‍ ആരോപിച്ചു. ഇതിനുപിന്നാലെ വരന്റെ വീട്ടുകാര്‍ വിവാഹം വേണ്ടെന്ന് വയ്ക്കുകയും ചെയ്തു.അതേസമയം, ഏറെ പ്രശംസ നേടിയ തെലുങ്ക് ചിത്രം 'ബലഗം'  ആയി സാദൃശ്യമുള്ള കാര്യങ്ങളാണ് വിവാഹ വീട്ടില്‍ നടന്നതെന്ന് ആളുകള്‍ അഭിപ്രായപ്പെട്ടു. കഴിഞ്ഞ മാര്‍ച്ചിലാണ് ഈ ചിത്രം റിലീസ് ചെയ്തത്. ചിത്രത്തില്‍ മട്ടന്‍ മജ്ജയെ ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് വിവാഹം മുടങ്ങുന്ന രംഗമുണ്ട്.


 

Latest News