Sorry, you need to enable JavaScript to visit this website.

കാരുണ്യ ആരോഗ്യ പദ്ധതി താളം തെറ്റുന്നു, സ്വകാര്യ ആശുപത്രികള്‍ പിന്‍മാറുന്നു, നല്‍കാനുള്ളത് 400 കോടിയിലേറെ

കോഴിക്കോട് - കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ ചികിത്സ നല്‍കിയതിന്റെ പേരില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികള്‍ക്ക് നല്‍കാനുള്ളത് 400 കോടിയോളം രൂപ. വലിയ തോതില്‍ പണം കുടിശ്ശികയായതിനെ തുടര്‍ന്ന് 150 ലേറെ സ്വകാര്യ ആശുപത്രികള്‍ പദ്ധതിയില്‍ നിന്ന് ഇതിനകം പിന്‍മാറി. കൂടുതല്‍ ആശുപത്രികള്‍ പിന്‍മാറാനുള്ള തയ്യാറെടുപ്പിലാണ്. നാനൂറോളം സ്വകാര്യ ആശുപത്രികളാണ് പദ്ധതിയില്‍ പങ്കാളികളായിരുന്നത്. പണം കിട്ടാത്തതിനാല്‍ പദ്ധതിക്ക് കീഴില്‍ ചികിത്സ നല്‍കാന്‍ കഴിയാത്ത സ്ഥിതിയാണെന്ന് ആശുപത്രി മാനേജുമെന്റുകള്‍ പറയുന്നു. രോഗി ആശുപത്രി വിട്ട് പതിനഞ്ച് ദിവസത്തിനകം സര്‍ക്കാര്‍ പണം കൈമാറണമെന്നതാണ് വ്യവസ്ഥ. വൈകുന്ന ഓരോ ദിവസത്തിനും പലിശയും നല്‍കണം. എന്നാല്‍ മാസങ്ങളായി പണം കുടിശ്ശികയാണ്. മലപ്പുറം ജില്ലയില്‍ മാത്രം നൂറു കോടി രൂപയോളം സ്വകാര്യ ആശുപത്രികള്‍ക്ക് കിട്ടാനുണ്ട്.  കഴിഞ്ഞ ഒക്ടോബര്‍ മാസത്തില്‍ സംസ്ഥാന ഹെല്‍ത്ത് ഏജന്‍സിയുമായി നടത്തിയ ചര്‍ച്ചയില്‍ കുടിശ്ശിക തുക ഉടന്‍ നല്‍കുമെന്നായിരുന്നു വാഗ്ദാനം. രണ്ടു മാസം പിന്നിട്ടെങ്കിലും നാമമാത്രമായ തുക മാത്രമാണ് ലഭിച്ചിരിക്കുന്നത്.  കേന്ദ്ര സഹായം കിട്ടാത്തതും പദ്ധതി ഗുണഭോക്താക്കളുടെ എണ്ണം കൂടിയതുമൊക്കെ പ്രതിസന്ധിക്ക് കാരണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്. 
 

 

Latest News