മേജര്‍ രവി വീണ്ടും ബി. ജെ. പിയില്‍; പിണറായിക്കെതിരെ മത്സരിച്ച സി. രഘുനാഥും അംഗത്വമെടുത്തു

ന്യൂദല്‍ഹി- ചലച്ചിത്ര സംവിധായകനും നടനുമായ മേജര്‍ രവി വീണ്ടും ബി. ജെ. പിയിലെത്തി. മേജര്‍ രവിയോടൊപ്പം കണ്ണൂര്‍ ഡി. സി. സി ജനറല്‍ സെക്രട്ടറിയും ധര്‍മടത്ത് പിണറായിക്കെതിരെ യു. ഡി. എഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുകയും ചെയ്ത സി. രഘുനാഥും ബി. ജെ. പിയില്‍ ചേര്‍ന്നിട്ടുണ്ട്.  ഇരുവരും ദല്‍ഹിയില്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡയെ സന്ദര്‍ശിച്ചാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. 

ഇരുവര്‍ക്കും നഡ്ഡ ആശംസകള്‍ നേര്‍ന്നു. ബി. ജെ. പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനും ഒപ്പമുണ്ടായിരുന്നു. നിരവധി പ്രമുഖ വ്യക്തികള്‍ വരും ദിവസങ്ങളില്‍ പാര്‍ട്ടിയില്‍ ചേരാന്‍ സന്നദ്ധരാവുമെന്ന് ഇവര്‍ അറിയിച്ചു.

കുരുക്ഷേത്ര, കീര്‍ത്തിചക്ര, കര്‍മയോദ്ധ, കാണ്ഡഹാര്‍ തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്ത മേജര്‍ രവി നിരവധി സിനിമകളില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. 

നേരത്തെ ബി. ജെ. പി സഹയാത്രികനായിരുന്ന മേജര്‍ രവി പാര്‍ട്ടി തന്നെ പരിഗണിക്കാതിരുന്നതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസില്‍ ചേരുന്നതായി പ്രഖ്യാപിച്ചിരുന്നു. മാത്രമല്ല തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വേദികള്‍ പങ്കിടുകയും ചെയ്തിരുന്നു.

Latest News