ആളൊഴിഞ്ഞ് ബെത്‌ലഹേമിലെ ക്രിസ്മസ്; ചരിത്രത്തിലാദ്യം

ബെത്‌ലഹേം- ക്രിസ്മസ് ദിവസം സാധാരണ ഗതിയിൽ ബെത്‌ലഹേം ജനക്കൂട്ടത്താൽ നിറയുന്നതാണ്. എന്നാൽ ഈ വർഷത്തെ ക്രിസ്മസിൽ ബെത്‌ലഹേം വിജനമായി. ഗാസയിലേക്ക് ഇസ്രായിൽ നടത്തുന്ന യുദ്ധം വിനോദസഞ്ചാരികളെയും തീർഥാടകരെയും ഭയപ്പെടുത്തി. ഹോട്ടലുകളും റെസ്‌റ്റോറന്റുകളും സുവനീർ ഷോപ്പുകളും വിജനമായിരിക്കുന്നു.  ഞങ്ങൾക്ക് ഇക്കുറി അതിഥികളില്ലെന്ന് നാല് തലമുറകളായി ബെത്‌ലഹേമിൽ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന അലക്‌സാണ്ടർ ഹോട്ടൽ ഉടമ ജോയി കനവതി പറഞ്ഞു. ഇത് എക്കാലത്തെയും മോശമായ ക്രിസ്മസ് ആണ്. ക്രിസ്മസിന് ബെത്‌ലഹേം അടച്ചുപൂട്ടിയിരിക്കുന്നു. ക്രിസ്മസ് ട്രീ ഇല്ല, സന്തോഷമില്ല, ക്രിസ്മസ് സ്പിരിറ്റില്ല-അദ്ദേഹം പറഞ്ഞു.

ജറുസലേമിന് തൊട്ടു തെക്ക് സ്ഥിതി ചെയ്യുന്ന ബെത്‌ലഹേമിലെ യേശു ജനിച്ച സ്ഥലമെന്ന് ക്രിസ്ത്യാനികൾ വിശ്വസിക്കുന്ന ചർച്ച് ഓഫ് നേറ്റിവിറ്റി കാണാൻ ലോകമെമ്പാടുമുള്ള സന്ദർശകർ വരാറുണ്ട്. ഒക്‌ടോബർ 7ന് മുമ്പ്, തന്റെ ഹോട്ടൽ ക്രിസ്മസിന് പൂർണ്ണമായി ബുക്ക് ചെയ്തിരുന്നു. കൂടുതൽ അതിഥികൾ വരുമെന്നതിനാൽ പട്ടണത്തിൽ മറ്റെവിടെയെങ്കിലും മുറികൾ അന്വേഷിക്കുകയായിരുന്നുവെന്നും ജോയി കനവതി പറഞ്ഞു. യുദ്ധം ആരംഭിച്ചതിനാൽ, അടുത്ത വർഷത്തേക്കുള്ള ബുക്കിംഗുകൾ ഉൾപ്പെടെ എല്ലാവരും റദ്ദാക്കി. മുറികൾ റദ്ദാക്കുന്ന സന്ദേശം മാത്രമാണ് തങ്ങൾക്ക് ഇ-മെയിൽ വഴി ലഭിക്കുന്നത്. ക്രിസ്മസ് നാളുകളിൽ ഈ ഡൈനിംഗ് ഹാളുകളിൽ എല്ലാ ദിവസവും രാത്രി 120 പേരെങ്കിലും അത്താഴം കഴിക്കാനുണ്ടാകുമായിരുന്നു. ഇപ്പോൾ എല്ലാം ശൂന്യമായിരിക്കുന്നു.
 

Latest News