Sorry, you need to enable JavaScript to visit this website.

നിക്ഷേപ രംഗത്ത് പ്രതീക്ഷകളുടെ പുതുവർഷം

പിറക്കാനിരിക്കുന്ന പുതുവർഷമായ 2024 നെക്കുറിച്ചുള്ള കാഴ്ചപ്പാടിൽ നിറഞ്ഞ പ്രതീക്ഷ മാത്രമാണുള്ളത്. പ്രധാന സൂചികയായ നിഫ്റ്റി 50 ൽ 10-12 ശതമാനം ലാഭം പ്രതീക്ഷിക്കുന്നു.  2024 ഡിസംബറിലേക്ക് തുടക്കത്തിൽ ഒരു  പ്രതീക്ഷിച്ചിരുന്ന ലക്ഷ്യം 23,600 ആയിരുന്നു. കൂടിയതോത് 25,000 വും കുറഞ്ഞത് 18,650 ആയും ആണ് കണക്കാക്കിയിരുന്നത്. ഒരു വർഷം മുമ്പോട്ടുള്ള പിഇ അനുപാതം ദീർഘകാല ശരാശരിയേക്കാൾ മുകളിൽ 19 ഃ  നിജപ്പെടുത്തിയാണ് ഈ അടിസ്ഥാന ലക്ഷ്യം കണക്കാക്കിയിട്ടുള്ളത്. അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയും പുരോഗാമിയായ വ്യവസായ നയവും ശക്തമായ കോർപറേറ്റ് ലാഭ വളർച്ചയും കാരണം ഇന്ത്യ കൂടിയ വാല്യുവേഷൻ നില നിർത്തുമെന്നാണ്  കണക്കാക്കുന്നത്. 

കൂടിയ വാല്യുവേഷനിലും അനുകൂല കാഴ്ചപ്പാടിനു കാരണം മികച്ച കോർപറേറ്റ് ലാഭ വളർച്ചയും പരിഷ്‌കരണ നടപടികളുടെ തുടർച്ചയും ആഗോള വിലക്കയറ്റത്തിലുണ്ടായ അയവുമാണ്. 2024 നടപ്പു വർഷത്തിന്റെ ആദ്യ പകുതിയിൽ , തെരഞ്ഞെടുപ്പിനു മുന്നോടിയായ കുതിപ്പു പ്രതീക്ഷിക്കുന്നുണ്ട്.  ആഗോള സംഘർഷങ്ങളിൽ അയവും കൂടിയ പലിശ നിരക്കിൽ നിന്നുള്ള മോചനവും കൈവരുന്നതോടെ ആഗോള സാഹചര്യവും അനുകൂലമാവും. വിപണിക്ക് അപകടം വിതച്ച 2023ലെ വിദേശ ഓഹരി വിൽപന അവസാനിക്കുകയും പണ മൊഴുക്കു തിരിച്ചെത്തുകയും ചെയ്യുമെന്നാണ് കരുതുന്നത്. 

എന്നാൽ, കൂടിയ വാല്യുവേഷനും ഗതിമാന്ദ്യം നേരിടുന്ന ആഗോള സമ്പദ് വ്യവസ്ഥയും ഓഹരികളുടെ ലാഭം പരിമിതപ്പെടുത്താനും സാധ്യതയുണ്ട്.  ഉദാഹരണത്തിന് യുഎസും ഇന്ത്യയും ലക്ഷ്യമിടുന്നത്  ഒരു വർഷം മുമ്പോട്ടുള്ള പിഇ അനുപാതം 19ഃ20 ആണ്.  സാമ്പത്തിക വളർച്ച 2023 നേക്കാൾ കുറവായിരിക്കും. ആഗോള സമ്പദ് വ്യവസ്ഥ മാന്ദ്യം ഒഴിവാക്കുന്നതിനും 2025 വർഷം വളർച്ച ഭദ്രമാക്കുന്നതിനും പദ്ധതികളാവിഷ്‌കരിച്ചിട്ടുള്ളതിനാൽ, വിപണി പ്രശ്‌ന രഹിതമായിരിക്കുമെന്നാണ് കണക്കാക്കുന്നത്. 

ആഭ്യന്തര രംഗത്ത് ആശങ്കയുണർത്തുന്നത് എൽ നിനോ വർഷവും മുൻ വർഷത്തെയപേക്ഷിച്ച് ഖാരിഫ് ,റാബി വിളവെടുപ്പുകളിലുണ്ടാകാവുന്ന കുറവുമാണ്. ഇത് ഗ്രാമീണ, കാർഷിക, എഫ്എംസിജി മേഖലകളിലുണ്ടാക്കാവുന്ന പ്രതികൂല സ്വാധീനം നടപ്പു വർഷം 2024ലെ കുതിപ്പിനെ ബാധിച്ചേക്കും. വിശാല വിപണിയിലുണ്ടാകാവുന്ന അനുരണനങ്ങൾ ചില പ്രത്യേക മേഖലകളിലും ഓഹരികളിലും മാത്രമായി ഒതുങ്ങും. വിതരണം വർധിപ്പിക്കുന്നതിനും വില നിയന്ത്രണം ഏർപ്പെടുത്തുന്നതിനും സർക്കാർ നടപടികൾ ആരംഭിച്ചിട്ടുണ്ട്.  

വിപണി പൊതുവേ വൈവിധ്യവൽക്കരണത്തിലൂന്നിയ ആസ്തി നിക്ഷേപത്തിന് അനുകൂലമാണ്. ഓഹരികൾക്കു പുറമേ, കടപ്പത്രം, റിയൽ എസ്‌റ്റേറ്റ്, ഉൽപന്നങ്ങൾ എന്നിവയിൽ നിക്ഷേപം നടത്തുന്നത് മാന്യമായ ലാഭം ഉറപ്പു നൽകും. റിസ്‌ക് കുറയുന്നതും കൂടിയ തോതിലുള്ള പലിശ വരുമാനവും ആഭ്യന്തര സമ്പദ് വ്യവസ്ഥയുടെ വളർച്ചയുമാണ് ഈ മേഖലകളിലെ ലാഭത്തിനു നിദാനം. വൻകിട ഓഹരികളാണ് ചെറുകിട, ഇടത്തരം ഓഹരികളേക്കാൾ മെച്ചം. 2024 സാമ്പത്തിക വർഷം ആദ്യ പകുതിയിൽ നിഫ്റ്റി 100 സൂചികയുടെ ലാഭ വളർച്ച 35 ശതമാനമാണ്. എന്നാൽ വില വളർച്ച 15 ശതമാനം മാത്രമാണെന്നത് വാല്യുവേഷൻ കുറവിനെ സൂചിപ്പിക്കുന്നു. 

കടപ്പത്രങ്ങളും ഉൽപന്നങ്ങളും ഉൾപ്പടെ റിസ്‌ക് കുറഞ്ഞ ഓഹരികളല്ലാത്ത ആസ്തികളിൽ നിന്നും നല്ല ലാഭം പ്രതീക്ഷിക്കുന്നുണ്ട്.  കൂടിയ പലിശ വരുമാനവും പണ നയവും കടപ്പത്രങ്ങളുടെ സാധ്യത വർധിപ്പിച്ചിരിക്കുന്നു. ഇപ്പോഴത്തെ ഇന്ത്യൻ സാഹചര്യത്തിൽ 7 ശതമാനം മുതൽ 10.9 ശതമാനം വരെ പലിശ ലഭിക്കുന്ന ട്രിപ്പിൾ എ, ഡബിൾ എ റേറ്റിംഗ് ഉള്ള കടപ്പത്രങ്ങൾ ഏറ്റവും റിസ്‌ക് കുറഞ്ഞ ലാഭം നൽകുന്നവയാണ്. കടപ്പത്രങ്ങളുടെ മൂലധന ലാഭം വീണ്ടും വർധിച്ചിരിക്കയാണ്. ഇതോടെ 12 മുതൽ 18 വരെ മാസങ്ങളിലെ മൊത്ത വരുമാനം 15 ശതമാനം വരെ ആയിരിക്കും. 

യുഎസ് ഡോളറിന്റെ മൂല്യത്തിലും പലിശ നിരക്കുകളിലും ഉണ്ടാകാവുന്ന കുറവ്   സ്വർണം, വെള്ളി, ചെമ്പ് എന്നീ ലോഹങ്ങളുടെ പ്രകടനം മെച്ചപ്പെടുത്തും. നടപ്പുവർഷം 2024-25ൽ ഫെഡ് പലിശ നിരക്കു കുറയ്ക്കുന്നതിനാൽ സ്വർണം, വെള്ളി, ചെമ്പ് , അപൂർവ ധാതുക്കൾ എന്നിവയുടെ രംഗത്ത്   കുതിപ്പുണ്ടാകും. പുനരുപയോഗിക്കാവുന്ന ഊർജ്ജ മേഖലയിലും സർക്കാർ ചിലവുകളിലും ഉണ്ടാകാവുന്ന വർധനയാണ് ഇതിനു കാരണം.   നിർമ്മാണ രംഗത്തും, അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിലും രാജ്യം കാഴ്ച വെയ്ക്കുന്ന മുന്നേറ്രം ഉൽപന്നങ്ങൾക്കു ഗുണകരമാണ്. ഓഹരി വില കൂടിയിരിക്കുന്ന ഇക്കാലം പോർട്‌ഫോളിയോ വൈവിധ്യവൽക്കരണത്തിന് ഏറ്റവും അനുയോജ്യമാണ്.  

വിദേശ ഓഹരി നിക്ഷേപം വീണ്ടും ശക്തിയാർജ്ജിക്കുന്നതിനാലും വാല്യുവേഷൻ ഉയർന്നു നിൽക്കുന്നതിനാലും  വൻകിട ഓഹരികൾക്കാണ് ഞങ്ങൾ കൂടുതൽ സാധ്യത കൽപ്പിക്കുന്നത്. മേഖലകളും ഓഹരികളും കേന്ദ്രീകരിച്ചുള്ള നിക്ഷേപത്തിനാണ് ശ്രദ്ധ വെയ്‌ക്കേണ്ടത്.  ബാങ്കിംഗ്,  മാനുഫാക്ചറിംഗ്,  സിമെന്റ്, കെമിക്കൽ, നിർമ്മാണം, അടിസ്ഥാന സൗകര്യം, ഫാർമ മേഖലകൾക്കാണ് ഊന്നൽ നൽകേണ്ടത്. വാഹന, അനുബന്ധ മേഖലയുടെ കാര്യത്തിൽ പ്രതീക്ഷ സമ്മിശ്രമാണ്. കൂടിയ വാല്യുവേഷൻ കാരണം ഇലക്ട്രോണിക് ഉൽപന്നങ്ങൾ, പ്രതിരോധം, എഫ്എംസിജി, ഐടി, ഊർജ്ജം, റിയൽ എസ്റ്റേറ്റ് എന്നീ മേഖലകളുടെ കാര്യത്തിൽ ഉറപ്പിച്ചൊന്നും പറയാൻ കഴിയില്ല. മൊത്തത്തിൽ 2024 നടപ്പു വർഷം പതീക്ഷാ നിർഭരമാണ്. എന്നാൽ വർഷത്തിന്റെ രണ്ടാം പകുതിയിലെ പ്രകടനം തെരഞ്ഞെടുപ്പു ഫലം, അന്തിമ ബജറ്റ്, കോർപറേറ്റ് ലാഭത്തുടർച്ച എന്നിവയെ ആശ്രയിച്ചാണിരിക്കുന്നത്. കോർപറേറ്റ് ലാഭം ഭദ്രമായിരിക്കുമെന്നാണ് ഞങ്ങളുടെ വിലയിരുത്തൽ. 

( ജിയോജിത് ഫിനാൻഷ്യൽ സർവീസസ് ഗവേഷണ വിഭാഗം മേധാവിയാണ് ലേഖകൻ)

Latest News