ഗാസ- ഗാസയിലെ മഗാസി അഭയാർത്ഥി ക്യാമ്പിന് നേരെ ഇസ്രായിൽ സൈന്യം നടത്തിയ ആക്രമണത്തിൽ 70 ഫലസ്തീനികൾ കൊല്ലപ്പെട്ടു. കൂട്ടക്കൊലയാണ് ഇസ്രായിൽ നടത്തിയതെന്ന് ഫലസ്തീൻ ആരോഗ്യമന്ത്രാലയ വക്താവ് പറഞ്ഞു. നിരവധി സൈനികർക്ക് ജീവൻ നഷ്ടമായതോടെ നിർണായക യുദ്ധമാണ് ഗാസയിൽ നടത്തുന്നത് എന്നാണ് ഇസ്രായിൽ അവകാശപ്പെടുന്നത്. അതിനിടെ, വടക്കൻ ഗാസയിലെ ഒരു തുരങ്കത്തിൽ നിന്ന് അഞ്ച് ബന്ദികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തു.
ഗാസയിൽ സാധാരണക്കാരെ കൊല്ലുന്നത് ഉടൻ അവസാനിപ്പിക്കണമെന്ന് മാർപാപ്പ ആഹ്വാനം ചെയ്തു. ഗാസയിലുൾപ്പെടെയുള്ള യുദ്ധങ്ങളിൽ മരിക്കുന്ന കുട്ടികളാണ് ഇന്നത്തെ ചെറിയ യേശുവുകളെന്ന് ഫ്രാൻസിസ് മാർപാപ്പ തന്റെ ക്രിസ്മസ് ദിന പ്രസംഗത്തിൽ പ്രസ്താവിച്ചു.
വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ സെൻട്രൽ ബാൽക്കണിയിൽ നിന്ന് ആയിരക്കണക്കിന് ആളുകളെ അഭിസംബോധന ചെയ്താണ് മാർപ്പാപ്പ ഇക്കാര്യം പറഞ്ഞത്. ഗാസ മുനമ്പിലെ മാനുഷിക ദുരന്തത്തിന് പരിഹാരം കാണണമെന്ന് മാർപ്പാപ്പ ആവശ്യപ്പെട്ടു.