Sorry, you need to enable JavaScript to visit this website.

ജിദ്ദയിൽ കൊലക്കേസ് പ്രതിക്ക് അവസാന നിമിഷം മാപ്പ് നൽകി

ജിദ്ദ - ആരാച്ചാരുടെ കൈകളാൽ വധശിക്ഷ നടപ്പാക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ കൊലക്കേസ് പ്രതിക്ക് കൊല്ലപ്പെട്ട യുവാവിന്റെ പിതാവ് ഇന്നലെ നിരുപാധികം മാപ്പ് നൽകി. സൗദി യുവാവ് അഹ്മദ് അൽഖരൈഖിരി അൽഹർബിയുടെ ഘാതകനായ മുത്‌റക് ആയിദ് അൽമസ്‌റദി അൽഖഹ്താനിക്ക് അഹ്മദിന്റെ പിതാവ് ഹുമൈദ് അൽഖരൈഖരി അൽഹർബിയാണ് മാപ്പ് നൽകിയത്. ജിദ്ദയിൽ വധശിക്ഷ നടപ്പാക്കുന്ന ചത്വരത്തിൽ മുത്‌റക് അൽഖഹ്താനിക്ക് ശിക്ഷ നടപ്പാക്കുന്നതിനു തൊട്ടുമുമ്പായി വിധിപ്രസ്താവം വായിച്ചുകേൾപ്പിക്കുന്നതിനിടെ ഹുമൈദ് അൽഹർബി പെട്ടെന്ന് മുന്നോട്ടുവന്ന് പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപിക്കുകയായിരുന്നു. 
ജിദ്ദ അൽഹംദാനിയ ഡിസ്ട്രിക്ടിൽ 2019 ൽ ആണ് കേസിനാസ്പദമായ സംഭവം. അർധരാത്രിയിൽ ഒരുകൂട്ടം യുവാക്കൾക്കിടെയുണ്ടായ സംഘർഷത്തിനും വാക്കേറ്റത്തിനും കത്തിക്കുത്തിനുമിടെ മുപ്പതുകാരനായ അഹ്മദ് അൽഹർബിയെ മുത്‌റക് ആയിദ് അൽഖഹ്താനി കുത്തിക്കൊല്ലുകയായിരുന്നു. സംഘർഷത്തിനിടെ മറ്റേതാനും പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സംഘർഷത്തിൽ പങ്കെടുത്ത ആറു പേരെയും സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്തു. കാർ പാർക്കിംഗ് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിലും കത്തിക്കുത്തിലും കലാശിച്ചതെന്ന് അന്വേഷണങ്ങളിൽ വ്യക്തമായി. 
തന്റെ മകന് മാപ്പ് നൽകണമെന്ന് മുത്‌റക് അൽഖഹ്താനിയുടെ മാതാവ് അഹ്മദ് അൽഹർബിയുടെ കുടുംബത്തോട് കേണപേക്ഷിക്കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പുറത്തുവന്നിരുന്നു. തുടർന്ന് പ്രതിക്ക് മാപ്പ് നൽകണമെന്ന് നിരവധി സാമൂഹികമാധ്യമ ഉപയോക്താക്കളും ആവശ്യപ്പെട്ടു. പ്രതിക്ക് മാപ്പ് ലഭ്യമാക്കാൻ രാജകുമാരന്മാരും പൗരപ്രമുഖരും ഗോത്രനേതാക്കളും വ്യവസായികളും നേരത്തെ മധ്യസ്ഥശ്രമങ്ങൾ നടത്തിയിരുന്നെങ്കിലും ഹുമൈദ് അൽഹർബി വഴങ്ങിയിരുന്നില്ല. തന്റെ മകനെ കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ നടപ്പാക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിന്ന ഹുമൈദ് അൽഹർബി അവസാനം ശിക്ഷ നടപ്പാക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ മാപ്പ് നൽകുന്നതായി പ്രഖ്യാപിക്കുകയായിരുന്നു. ദൈവീക കാരുണ്യത്തിൽ താനൊരിക്കലും നിരാശയായിരുന്നില്ലെന്നും മകന് മാപ്പ് ലഭിക്കുമെന്ന പ്രതീക്ഷ എന്നുമുണ്ടായിരുന്നെന്നും കൊല്ലപ്പെട്ട യുവാവിന്റെ കുടുംബം കാണിച്ച ഈ മഹാനമസ്‌കതയും പുണ്യവും ജീവിതത്തിൽ ഒരിക്കലും വിസ്മരിക്കില്ലെന്നും മുത്‌റക് അൽഖഹ്താനിയുടെ മാതാവ് പറഞ്ഞു. 

Latest News