Sorry, you need to enable JavaScript to visit this website.

യെമൻ സമാധാനത്തിന് ശാശ്വത മാർഗം:സ്വാഗതം ചെയ്ത് സൗദിയും ജി.സി.സിയും

ജിദ്ദ - യെമനിൽ സമഗ്ര സമാധാനത്തിന് വഴിയൊരുക്കുന്ന റോഡ് മാപ്പിന്റെ കാര്യത്തിൽ യെമൻ ഗവൺമെന്റും ഹൂത്തികളും ധാരണയിലെത്തിയതിനെ സൗദി അറേബ്യ സ്വാഗതം ചെയ്തു. യെമനിൽ സമാധാനത്തിന് വഴിയൊരുക്കുന്ന റോഡ് മാപ്പിന്റെ കാര്യത്തിൽ ധാരണയിലെത്തിയതായി യെമനിലേക്കുള്ള യു.എൻ ദൂതൻ ഹാൻസ് ഗ്രുൻഡ്‌ബെർഗ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. യെമനും യെമൻ ജനതക്കുമൊപ്പം സൗദി അറേബ്യ തുടർന്നും നിലയുറപ്പിക്കുമെന്ന് വിദേശ മന്ത്രാലയം പറഞ്ഞു. യു.എൻ മേൽനോട്ടത്തിൽ യെമൻ സംഘർഷത്തിന് സമഗ്രവും ശാശ്വതവുമായ രാഷ്ട്രീയ പരിഹാരം കാണാൻ ശ്രമിച്ച് ചർച്ചകൾ നടത്താൻ യെമൻ കക്ഷികളെ സൗദി അറേബ്യ പ്രോത്സാഹിപ്പിക്കുന്നതായും വിദേശ മന്ത്രാലയം പറഞ്ഞു. 
സമാധാനത്തിനുള്ള റോഡ് മാപ്പുമായി ബന്ധപ്പെട്ട് യു.എൻ ദൂതൻ പുറത്തിറക്കിയ പ്രസ്താവനയെ യെമൻ ഗവൺമെന്റും സ്വാഗതം ചെയ്തു. ഗൾഫ് സമാധാന പദ്ധതിക്കും യെമൻ ദേശീയ സംവാദത്തിൽ ഉരുത്തിരിഞ്ഞ തീരുമാനങ്ങൾക്കും 2216-ാം നമ്പർ യു.എൻ രക്ഷാ സമിതി പ്രമേയത്തിനും അനുസൃതമായി സമാധാനപരമായ മാർഗങ്ങളിൽ യെമൻ പ്രതിസന്ധിക്ക് പരിഹാരം കാണാൻ ലക്ഷ്യമിട്ടുള്ള മുഴുവൻ പദ്ധതികളുമായും യെമൻ ഗവൺമെന്റ് ക്രിയാത്മകമായി പ്രതികരിക്കുമെന്നും വിദേശ മന്ത്രാലയം പറഞ്ഞു. ഒമാനും യു.എൻ ദൂതൻ പുറത്തിറക്കിയ പ്രസ്താവനയെ സ്വാഗതം ചെയ്തു. എത്രയും വേഗം സമാധാന കരാർ ഒപ്പുവെക്കണമെന്നാണ് പ്രത്യാശിക്കുന്നതെന്നും ഒമാൻ പറഞ്ഞു. 
യെമൻ സമാധാനത്തിനുള്ള റോഡ് മാപ്പ് പദ്ധതിയുടെ കാര്യത്തിൽ ഹൂത്തികളും യെമൻ ഗവൺമെന്റും ധാരണയിലെത്തിയതിനെ ജി.സി.സി സെക്രട്ടറി ജനറൽ ജാസിം അൽബുദൈവിയും സ്വാഗതം ചെയ്തു. യെമനിൽ സമഗ്ര രാഷ്ട്രീയ പരിഹാരത്തിന് ഇപ്പോഴത്തെ ശ്രമങ്ങൾ സഹായിക്കുമെന്ന് പ്രത്യാശിക്കുന്നതായി ഗൾഫ് സഹകരണ കൗൺസിൽ സെക്രട്ടറി ജനറൽ പറഞ്ഞു. ഇക്കാര്യത്തിൽ യു.എന്നും സൗദി അറേബ്യയും ഒമാനും നടത്തിയ വലിയ ശ്രമങ്ങളെ വിലമതിക്കുന്നതായും ജാസിം അൽബുദൈവി പറഞ്ഞു. 
യെമനിലെങ്ങും വെടിനിർത്തൽ നടപ്പാക്കൽ, യു.എൻ മേൽനോട്ടത്തിൽ സമഗ്ര രാഷ്ട്രീയ പ്രക്രിയ പുനരാരംഭിക്കൽ എന്നീ കാര്യങ്ങളിൽ ഹൂത്തികളും യെമൻ ഗവൺമെന്റും ധാരണയിലെത്തിയതായി ഹാൻസ് ഗ്രുൻഡ്‌ബെർഗ് കഴിഞ്ഞ ദിവസം അറിയിച്ചു. ഇവ നടപ്പാക്കുന്നതിന് യു.എൻ മേൽനോട്ടത്തിൽ റോഡ് മാപ്പ് തയാറാക്കാൻ പ്രവർത്തിച്ചുവരികയാണെന്നും ഗ്രുൻഡ്‌ബെർഗ് പറഞ്ഞു. 
മുഴുവൻ സർക്കാർ ജീവനക്കാരുടെയും വേതനം വിതരണം ചെയ്യൽ, എണ്ണ കയറ്റുമതി പുനരാരംഭിക്കൽ, തഇസിലും യെമനിലെ മറ്റു പ്രദേശങ്ങളിലുമുള്ള റോഡുകൾ തുറക്കൽ, സൻആ എയർപോർട്ടിനും അൽഹുദൈദ തുറമുഖത്തിനും മേൽ ബാധകമാക്കിയ നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നത് തുടരൽ എന്നിവയും റോഡ് മാപ്പിൽ അടങ്ങിയിരിക്കും. സമാധാനത്തിനുള്ള റോഡ് മാപ്പ് തയാറാക്കാനുള്ള ധാരണയിൽ എത്തിച്ചേരാൻ ഹൂത്തികൾക്കും യെമൻ ഗവൺമെന്റിനും പിന്തുണ നൽകുന്നതിൽ സൗദി അറേബ്യയും ഒമാനും വഹിച്ച പങ്കിനെ പ്രശംസിക്കുന്നതായും യു.എൻ ദൂതൻ പറഞ്ഞു. ശാശ്വത സമാധാനത്തിലേക്കുള്ള ദിശയിൽ ശ്രദ്ധേയമായ പുരോഗതി കൈവരിക്കാൻ പുതിയ ശ്രമങ്ങൾ വഴിവെക്കുന്നത് മൂന്നു കോടി യെമനികൾ കാത്തിരിക്കുകയാണെന്നും ഹാൻസ് ഗ്രുൻഡ്‌ബെർഗ് പറഞ്ഞു. 

Latest News